ആലപ്പുഴ: മെക് സെവന്‍ വ്യായാമക്കൂട്ടായ്മയുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരോക്ഷ വിമര്‍ശനത്തിന് മറുപടിയുമായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. പൊതുവിടങ്ങളിലേക്ക് സ്ത്രീകളിറങ്ങരുത് എന്നത് പിന്തിരിപ്പന്‍ നിലപാടാണെന്ന് പറയുന്ന സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലയിലെ ഏരിയ സെക്രട്ടറിമാരില്‍ ഒരാള്‍ പോലും സ്ത്രീകള്‍ അല്ലാത്തത് എന്തുകൊണ്ടാണെന്നായിരുന്നു കാന്തപുരത്തിന്റെ ചോദ്യം. പൊതു ഇടങ്ങളിലേക്ക് സ്ത്രീകള്‍ ഇറങ്ങരുതെന്നത് പിന്തിരിപ്പന്‍ നിലപാടാണെന്നും അങ്ങനെ ശാഠ്യം പിടിക്കുന്നവര്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം. ഈ വിമര്‍ശനത്തിനാണ് കാന്തപുരം മറുപടി നല്‍കിയത്.

'മത നിയമങ്ങള്‍ പറയുമ്പോള്‍ പണ്ഡിതന്മാരുടെ മേല്‍ കുതിര കയറാന്‍ വരേണ്ട. ഇസ്ലാമിന്റെ നിയമങ്ങള്‍ എന്താണ് വേണ്ടതെന്ന് പണ്ഡിതന്‍മാര്‍ പറയും. മറ്റുള്ള മതക്കാര്‍ ഇസ്ലാമിന്റെ കാര്യത്തില്‍ അഭിപ്രായം പറയണ്ട. ഇന്നലെ ഒരാള്‍ അഭിപ്രായം പറയുന്നത് കേട്ടു. ഞാന്‍ പത്രമെടുത്ത് നോക്കിയപ്പോള്‍ അയാള്‍ ജീവിക്കുന്ന ജില്ലയില്‍ അയാളുടെ പാര്‍ട്ടിയിലെ ഏരിയ സെക്രട്ടറിമാര്‍ പതിനെട്ടും പുരുഷന്‍മാരാണ്. ഒരു സ്ത്രീ പോലും ഇല്ല. എന്താണ് അവിടെ സ്ത്രീകളെ പരിഗണിക്കാതിരുന്നത്. ഞങ്ങള്‍ ഇസ്ലാമിന്റെ വിധി പറയുന്നത് മുസ്ലിമീങ്ങളോടാണ്'- കാന്തപുരം പറഞ്ഞു. ആലപ്പുഴയില്‍ സുന്നി സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ മറുപടി.

കണ്ണൂരില്‍ ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തതില്‍ ഒറ്റ സ്ത്രീ ഇല്ലെന്നും എല്ലാം പുരുഷന്‍മാരാണെന്നും കാന്തപുരം വിമര്‍ശിച്ചു. എന്തേ അവിടെ സ്ത്രീകളെ പരിഗണിച്ചില്ലെന്നും കാന്തപുരം ചോദിച്ചു. അന്യ പുരുഷന്മാരുമായി ഇടകലര്‍ന്ന് സ്ത്രീകള്‍ വ്യായാമം ചെയ്യരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ വിമര്‍ശനത്തിനെതിരെ എംവി ഗോവിന്ദന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. പൊതു ഇടങ്ങളിലേക്ക് സ്ത്രീകള്‍ ഇറങ്ങരുതെന്നത് പിന്തിരിപ്പന്‍ നിലപാടാണെന്നും അങ്ങനെ ശാഠ്യം പിടിക്കുന്നവര്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം. പിന്നാലെയാണ് സിപിഎമ്മിന് കാന്തപുരത്തിന്റെ മറുപടി.

അന്യപുരുഷന്‍മാരും സ്ത്രീ ഇടകലരുതെന്ന് പറഞ്ഞത് സമസ്തയുടെ മുശാവറയാണ്. ഏതോ ഒരു വ്യായാമത്തിന്റെ പേരിലാക്കി തന്റെ മാത്രം പ്രസ്താവനയാക്കി പ്രചരിപ്പിക്കുന്നു. എന്നിട്ട് അതിനു കുറെ ജഡ്ജിമാരും വക്കീലന്മാരും ഡോക്ടര്‍മാരും അഭിപ്രായം പറയുന്നു. ഞങ്ങള്‍ പറയുന്നതിന് ഇങ്ങനെ കുതിര കയറാന്‍ വരണോ? ഞങ്ങളുടെ മതത്തിന്റെ വിധി ഞങ്ങള്‍ പറയുന്നത് മുസ്ലിംങ്ങളോടാണ്. മറ്റുള്ളവര്‍ അതില്‍ ഇടപെടേണ്ടെന്നും കാന്തപുരം പറയുന്നു.

അന്യപുരുഷന്‍മാരും സ്ത്രീകളും ഒന്നിച്ചുകൂടാന്‍ പാടില്ലെന്നത് ഇസ്ലാമിന്റെ നിയമമാണ്. ബസിലും ഇരിപ്പിടങ്ങളില്‍ തുടങ്ങി എല്ലാ ഇടത്തും ലോകമോട്ടാകെ സ്ത്രീ പുരുഷന്‍ എന്ന് എഴുതി വച്ചിരിക്കുന്നത് സ്ത്രീകളെ അടിച്ചമര്‍ത്താന്‍ അല്ല. സ്ത്രീകളെ സ്വര്‍ണം സൂക്ഷിക്കും പോലെയാണ് സൂക്ഷിക്കുന്നത്. ഇസ്ലാമിന് മുന്‍പ് സ്ത്രീകള്‍ക്ക് സ്വത്ത് അവകാശം ഉണ്ടായിരുന്നില്ല. ഇസ്ലാം സ്ത്രീകള്‍ക്ക് സ്വത്ത് അവകാശം കൊടുത്തു. സ്ത്രീകളുടെ പാതിവ്രത്യവും സംരക്ഷണവും നിലനിര്‍ത്തുന്നതിനാണ് പര്‍ദ്ദ സമ്പ്രദായം. ഒരാളും എതിര്‍ത്തിട്ട് കാര്യമില്ല. പറയാനുള്ളത് പറയുക തന്നെ ചെയ്യും. മുസ്ലിം സമുദായം അത് സ്വീകരിക്കാന്‍ ബാധ്യസ്ഥരാണെന്നും കാന്തപുരം പറയുന്നു.

സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിലായിരുന്നു കാന്തപുരത്തിന്റെ പരാമര്‍ശത്തെ എം വി ഗോവിന്ദന്‍ പരോക്ഷമായി വിമര്‍ശിച്ചത്. എന്തെല്ലാം അന്ധവിശ്വാസജടിലമായ നിലപാടുകളെ കൃതമായി വെല്ലുവിളിച്ചുകൊണ്ടാണ് സ്ത്രീകളും പൊതുസമൂഹവും മുന്നോട്ട് വന്നിട്ടുള്ളത്. പുരുഷമേധാവിത്വ കേന്ദ്രീകൃതമായ സമൂഹത്തിന്റെ ഭാഗമായി ഇപ്പോഴും പൊതുവിടങ്ങളില്‍ സ്ത്രീകളുണ്ടാവരുതെന്ന് പറയുന്ന നിലപാടിലേക്ക് എങ്ങനെ പോകാനാകും. പോകാനാവില്ല. പുരോഗമനപരമായ നിലപാടുകള്‍ സ്വീകരിച്ച് സമൂഹത്തിന് മുന്നോട്ടേക്ക് പോകേണ്ടിവരും. ആ പുരോഗമനപരമായ നിലപാട് നവോത്ഥാന പ്രസ്ഥാനത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയുമെല്ലാം കൂട്ടായ ശ്രമത്തിന്റെ, അല്ലെങ്കില്‍ അത് പിന്‍പറ്റി മുമ്പോട്ടേക്ക് വന്ന കേരളീയ സമൂഹത്തിന്റെ ഭാഗമായി രൂപപ്പെട്ടത് തന്നെയാണ്. ഇന്ന് ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ഉന്നതവിദ്യാഭ്യാസം നേടുന്ന സ്ത്രീകളുള്ള നാട് ഈ കേരളമാണെന്നുമായിരുന്നു നേരത്തെ എം.വി ഗോവിന്ദന്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം മെക് 7 വ്യായാമ കൂട്ടായ്മയ്ക്കെതിരെ എ പി അബൂബക്കര്‍ മുസ്ലിയാര്‍ രംഗത്തെത്തിയിരുന്നു. സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിര്‍ക്കും. യഥാസ്ഥിതികരെന്ന് വിമര്‍ശിച്ചാലും പ്രശ്നമില്ല. ലോകം തിരിയാത്തത് കൊണ്ട് പറയുന്നതുമല്ല. നന്നായി മനസിലാക്കിയാണ് ഇക്കാര്യം പറയുന്നതെന്നും കാന്തപുരം പറഞ്ഞിരുന്നു. കുറ്റ്യാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് കാന്തപുരം തന്റെ നിലപാട് ആവര്‍ത്തിച്ചത്. നേരത്തേയും മെക് 7 കൂട്ടായ്മയെ ലക്ഷ്യം വെച്ച് കാന്തപുരം വിമര്‍ശനം ഉന്നയിച്ചിരുന്നു. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കുന്നത് ഇസ്ലാമില്‍ ഹറാം ആണെന്നിരിക്കെ ലോകത്തിന് നാശം വരുത്തിവെക്കുന്ന പ്രവര്‍ത്തികളാണ് മെക് 7 വ്യായാമ മുറയിലൂടെ ചെയ്യുന്നതെന്നായിരുന്നു കാന്തപുരത്തിന്റെ വിമര്‍ശനം. ഇക്കാര്യം പറയുമ്പോള്‍ വ്യായാമം വേണ്ടേയെന്ന ചോദ്യം തിരിച്ച് ചോദിച്ച് നമ്മളൊന്നും ലോകം തിരിയാത്തവരാണ് എന്ന് പറഞ്ഞ് ചീത്ത പറയുകയും ആക്ഷേപിക്കുകയും ചെയ്യുകയല്ലാതെ സത്യം ചിന്തിക്കുക പോലും ചെയ്യാത്ത ഒരു വിഭാഗം ആളുകളുണ്ടെന്നും കാന്തപുരം പറഞ്ഞു.

പണ്ടുകാലത്ത് സ്ത്രീകള്‍ പുരുഷന്മാരെ കാണുന്നതും കേള്‍ക്കുന്നതും സംസാരിക്കുന്നതും ആവശ്യത്തിന് മാത്രമാണെന്നും നിബന്ധനകളോടെയെ ഇത് ചെയ്യാവൂവെന്ന ഇസ്ലാമിന്റെ നിര്‍ദേശം സ്ത്രീകള്‍ അനുസരിക്കുകയായിരുന്നുചെയ്തത്. ആ മറ എടുത്തുകളഞ്ഞ്, വ്യായാമത്തിന് വേണ്ടി ചെറുപ്പക്കാരായ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് കൂടുന്നതിന് യാതൊരു നിരോധവും ഇല്ലായെന്ന് പഠിപ്പിച്ച്, വമ്പിച്ച നാശം ലോകത്ത് ഉണ്ടാക്കുന്നുവെന്നതാണ് കേള്‍വി. ഞാന്‍ കാണാന്‍ പോയിട്ടില്ല. കേള്‍ക്കുന്നതൊന്നും ശരിയല്ലെന്ന് മറുപടി പറയും. ചെറുപ്പക്കാരെ തിരിച്ചുവിടുന്ന വഴിയാണിത്', എന്നും കാന്തപുരം വിമര്‍ശനം ഉന്നയിച്ചിരുന്നു. ജനുവരി 19ന് നടത്തിയ ഒരു പ്രസംഗത്തിലാണ് കാന്തപുരം മെക് 7നെതിരെ ആദ്യം രംഗത്തെത്തുന്നത്. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കുന്നത് ഇസ്ലാമില്‍ ഹറാം ആണെന്നിരിക്കെ ലോകത്തിന് നാശം വരുത്തിവെക്കുന്ന പ്രവര്‍ത്തികളാണ് മെക് 7 വ്യായാമ മുറയിലൂടെ ചെയ്യുന്നതെന്ന് കാന്തപുരം വിമര്‍ശിച്ചിരുന്നു. ഇക്കാര്യം പറയുമ്പോള്‍ വ്യായാമം വേണ്ടേയെന്ന ചോദ്യം തിരിച്ച് ചോദിച്ച് നമ്മളൊന്നും ലോകം തിരിയാത്തവരാണ് എന്ന് പറഞ്ഞ് ചീത്ത പറയുകയും ആക്ഷേപിക്കുകയും ചെയ്യുകയല്ലാതെ സത്യം ചിന്തിക്കുക പോലും ചെയ്യാത്ത ഒരു വിഭാഗം ആളുകളുണ്ടെന്നും കാന്തപുരം പറഞ്ഞിരുന്നു.