തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ച്ചയായി മൂന്നാമതും അധികാരത്തില്‍ എത്താമെന്ന ആഗ്രഹത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും ഇടതു മുന്നണിയും മുന്നോട്ടു പോകുന്നത്. അത്തരം പ്രചരണം അടക്കം സജീവമാക്കിയ സമയത്താണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വലിയ തോല്‍വി പിണഞ്ഞത്. ഇത് കൂടാതെ വിവാദങ്ങളുടെ ഘോഷയാത്രകളുമെത്തി. കീം പരീക്ഷ റാങ്ക് ലിസ്റ്റ് അടക്കം സര്‍ക്കാറിന് വലിയ തലവേദനയായി മാറി. ഇതോടെ സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തിലൂടെയാണ് മുന്നോട്ടു പോകുന്നത്. പ്രതിപക്ഷത്തിന് സ്‌കോര്‍ ചെയ്യാന്‍ നിരവധി അവസരങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമസഭാ സമ്മേളനം വിളിക്കാന്‍ മടികാട്ടുകയാണോ എന്ന ആക്ഷേപങ്ങളും ഉയര്‍ന്നു തുടങ്ങിയിട്ടണ്ട്.

വിവാദ വിഷയങ്ങളില്‍ ചുറ്റിത്തിരിയവേ സര്‍ക്കാരിന് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ മടയാണ്. ഇനി അടുത്ത സെപ്തംബറിലാകും സഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുക. രണ്ടു സമ്മേളനങ്ങള്‍ക്കിടയില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും നീണ്ട ഇടവേളയാണ് വരുന്നത്. ആറു മാസത്തിലധികം ഇടവേള പാടില്ലെന്നു ഭരണഘടന നിഷ്‌കര്‍ഷിക്കുന്നുണ്ട്. പതിമൂന്നാം സമ്മേളനം അവസാനിച്ചതു മാര്‍ച്ച് 25ന് ആണ്. ആ നിലയ്ക്കു പതിനാലാം സമ്മേളനത്തിനായി സെപ്റ്റംബര്‍ 25ന് അകം സഭ ചേര്‍ന്നാല്‍ മതിയെന്നു സാങ്കേതികമായി സര്‍ക്കാരിനു വാദിക്കാം.

അതേസമയം ദേശീയതലത്തില്‍ പാര്‍ലമെന്റ് ചേരാത്ത സമയത്ത് കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിക്കുന്ന സിപിഎം കേരളം ഭരുക്കുമ്പോഴാണ് നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ മടികാണിക്കുന്നത് എന്നാണ് ആക്ഷേപം. ആരോഗ്യ, ഉന്നതവിദ്യാഭ്യാസ മേഖലകളിലെ പ്രതിസന്ധി, കോട്ടയം മെഡിക്കല്‍ കോളജിലെ അപകട മരണം, ദേശീയപാത തകര്‍ച്ച, കീമിലെ താളപ്പിഴ, കേരള സര്‍വകലാശാലയിലെ ഭരണ പ്രതിസന്ധി, നിപ്പ മരണങ്ങള്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ സജീവചര്‍ച്ചയായ കാലയളവാണിത്. പല വിഷയങ്ങളിലും സര്‍ക്കാര്‍ തീര്‍ത്തും പ്രതിരോധത്തിലുമാണ്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ സഭ വിളിക്കാനും മടിക്കാട്ടുന്നത്.

ആശാസമരം 5 മാസം പിന്നിട്ടു. ഇവ സഭയില്‍ ഉന്നയിക്കപ്പെട്ടാല്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തോടു നേരിട്ട് ഉത്തരം പറയേണ്ടിവരും. ഓണക്കാലമായതിനാല്‍ സെപ്റ്റംബറിലെ സഭാ സമ്മേളനത്തിന് അധികദിവസം ലഭിക്കില്ല. തദ്ദേശ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കാനിരിക്കുന്ന സാഹചര്യവും സമ്മേളനദിനങ്ങളുടെ എണ്ണം കുറച്ചേക്കാം എന്നതാണ് സ്ഥിതി. കഴിഞ്ഞ സമ്മേളനം ജനുവരി 17നു തുടങ്ങി മാര്‍ച്ച് 25നാ ആണു തീര്‍ന്നത്. ഇതിനു മുന്‍പ് ഏറ്റവും വലിയ ഇടവേള (നാലര മാസം) വന്നത് 8, 9 സമ്മേളനങ്ങള്‍ക്കിടയിലാണ്. ഈ സര്‍ക്കാരിന്റെ കാലത്തെ മറ്റെല്ലാ സമ്മേളനവും 2 മുതല്‍ 4 വരെ മാസത്തെ ഇടവേളയില്‍ ചേര്‍ന്നിരുന്നു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചു ജൂണ്‍ 27നു സത്യപ്രതിജ്ഞ ചെയ്ത ആര്യാടന്‍ ഷൗക്കത്ത് സഭയില്‍ പ്രവേശിക്കാന്‍ സെപ്റ്റംബര്‍ വരെ കാക്കണം. ഇതിനുശേഷം, ഈ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനുള്ളില്‍ ഒരു സമ്മേളനത്തിനുകൂടിയേ സാധ്യതയുള്ളൂ. അതേസമയം രണ്ടു സമ്മേളനങ്ങള്‍ക്കിടയില്‍ 6 മാസത്തിലധികം ഇടവേളയുണ്ടാകരുതെന്നേയുള്ളൂ. സെപ്റ്റംബറിനകം സഭ ചേര്‍ന്നാല്‍ മതി. സമ്മേളനം ചേരാത്തതിനു മറ്റു തടസ്സങ്ങളൊന്നുമില്ലെന്നാണ് സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പ്രതികരണം.