- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘടനാ റിപ്പോര്‍ട്ടില്‍ റിയാസിന് പ്രശംസ; സ്വരാജിന് ഉപദേശം; ഇടതുപക്ഷ രാഷ്ട്രീയ ശക്തിയെ പ്രതിസന്ധിയിലാക്കിയ വിഭാഗീയത ഇപ്പോഴും അവസാനിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട്; പിണറായിയുടെ മരുമകനെ പുകഴ്ത്തിയതില്‍ മറ്റ് മന്ത്രിമാര്‍ നിശബ്ദ പ്രതിഷേധത്തില്‍; എംവി ഗോവിന്ദന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലുള്ളത് ഭാവി മുഖ്യമന്ത്രിയുടെ സൂചനയോ?
കൊല്ലം: പദവി നിലനിര്‍ത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എല്ലാ അര്‍ത്ഥത്തിലും കീഴടങ്ങിയോ? സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തില്‍ അവതരപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മന്ത്രി പി.എ. റിയാസിന് പാര്‍ട്ടി നേതൃത്വം പിന്തുണയ്ക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രി എന്ന നിലയില്‍ റിയാസിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് വിലയിരുത്തി. യുവജനങ്ങളെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നതില്‍ റിയാസിന്റെ ശൈലി ഗുണകരമാണെന്നും, പാര്‍ട്ടി വിരുദ്ധ പ്രചരണങ്ങള്‍ക്കെതിരെ തകര്‍പ്പന്‍ മറുപടി നല്‍കുന്ന രാഷ്ട്രീയ ചാതുരി അദ്ദേഹത്തിനുണ്ടെന്നും അഭിപ്രായപ്പെട്ടു. ഇതൊന്നും പതിവില്ലാത്ത പുകഴ്ത്തലുകളാണ്. മുഖ്യമന്ത്രിയുടെ മരുമകനാണ് റിയാസ്. അതുകൊണ്ട് തന്നെ ഈ പുകഴ്ത്തലിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.
മാധ്യമ വേട്ടയ്ക്ക് ഇരയാണ് റിയാസ് എന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ സജീവമായതുകൊണ്ടാണ് അദ്ദേഹത്തെ മാധ്യമങ്ങള്‍ ആക്രമിക്കുന്നതെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. അതേസമയം, പിണറായിയുടെ മരുമകനെ പുകഴ്ത്തിയതില്‍ മറ്റ് മന്ത്രിമാര്‍ നിശബ്ദ പ്രതിഷേധത്തിലാണ്. എംവി ഗോവിന്ദന്റെ റിപ്പോര്‍ട്ടിലുള്ളത് ഭാവി മുഖ്യമന്ത്രിയുടെ സൂചനയോ എന്ന ചോദ്യവും സജീവം. റിയാസിനെ പ്രശംസിച്ച റിപ്പോര്‍ട്ടില്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ എം സ്വരാജിനെ രൂക്ഷമായ ഭാഷയിലല്ലെങ്കിലും വിമര്‍ശിക്കുന്നുണ്ട്. സ്വാരാജിന് ഉപേദശമെന്ന കണക്കെയാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നത്. അദ്ദേഹത്തിന്റെ ചില സമീപനങ്ങള്‍ പാര്‍ട്ടി ശൈലിക്ക് വഴിയൊരുക്കുന്നില്ലെന്ന് സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം തിരുത്തലുകള്‍ പാര്‍ട്ടി എന്നും മുമ്പോട്ട് വയ്ക്കാറുണ്ട്. എന്നാല്‍ ഒരാളെ മാത്രം തിരഞ്ഞു പിടിച്ച് പുകഴ്ത്തുന്നത് രീതിയുമല്ല. ഇതോടെ പിണറായി മന്ത്രി സഭയിലെ സിപിഎം അംഗങ്ങളെല്ലാം പ്രതിഷേധത്തിലാണ്. പക്ഷേ പ്രതിഷേധം തുറന്നു പറഞ്ഞാല്‍ പ്രതിസന്ധിയാകും. അതുകൊണ്ട് തന്നെ നിശബ്ദത തുടരും.
സിപിഎമ്മില്‍ പിണറായിയും റിയാസും കൂടുതല്‍ പിടിമുറുക്കും. ഇതിന്റെ സൂചനകളാണ് എംവി ഗോവിന്ദന്റെ റിപ്പോര്‍ട്ടിലുള്ളത്. ആരേയും വ്യക്തിപരമായി കടന്നാക്രമിക്കാനും ഈ സമ്മേളത്തില്‍ പ്രതിനിധികളെ അനുവദിക്കില്ല. പ്രത്യക്ഷ പ്രതിഷേധങ്ങള്‍, ശക്തമായ വിമര്‍ശനങ്ങള്‍, സാമൂഹിക മാധ്യമങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍ തുടങ്ങിയവ പാര്‍ട്ടി ക്രമശുദ്ധിയുമായി പൊരുത്തപ്പെടുന്നതല്ലെന്ന വിലയിരുത്തലാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിലുള്ളത് ഉളളത്. ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്റര്‍ ചുമതല വഹിക്കുന്ന ഇദ്ദേഹം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ അവൈലബിള്‍ യോഗങ്ങളില്‍ കൂടുതലായി പങ്കെടുക്കാന്‍ ശ്രമിക്കണമെന്നാണ് വിമര്‍ശനം. സംസ്ഥാനത്ത് ഇടതുപക്ഷ രാഷ്ട്രീയ ശക്തിയെ പ്രതിസന്ധിയിലാക്കിയ വിഭാഗീയത ഇപ്പോഴും അവസാനിച്ചിട്ടില്ലെം സിപിഎമ്മിന്റെ സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന നേതൃനിരയില്‍ പോലും ഇനിയും അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വ്യക്തിപരമായ താല്‍പര്യങ്ങള്‍ സംഘടനാ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി പാര്‍ട്ടി ചര്‍ച്ചകളില്‍ ഉയര്‍ന്നതായും വ്യക്തമായ വിലയിരുത്തലാണ്. സാമ്പത്തിക അച്ചടക്കമില്ലായ്മയിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വരവു ചെലവു കണക്കുകളില്‍ ചില ഏര്യാകമ്മിറ്റികള്‍ക്ക് ഗുരുതര വീഴ്ചയുണ്ടായി. വര്‍ഗ്ഗ ബഹുജന സംഘടനാ ഭാരവാഹികളും വരവ് ചെലവ് കണക്ക് കൃത്യമാക്കണം. ജന പിന്തുണ കൂട്ടണം. പാര്‍ട്ടി അംഗം ബ്രാഞ്ചിലെ 10 വീടുകളിലെങ്കിലും അടുത്ത ബന്ധം ഉണ്ടാക്കണമെന്നാണ് സംഘടനാ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷ്മതയും ശുദ്ധിയും സുതാര്യതയും ഉറപ്പാക്കണമെന്ന പാര്‍ട്ടി നിര്‍ദേശം പാലിക്കാത്ത ചിലരുണ്ട്. സംഘപരിവാറിന് സ്വാധീനമുണ്ടാകുന്ന വിധത്തില്‍ ദേശീയ രാഷ്ട്രീയ സാഹചര്യം കേരളത്തിലേക്കും പടരുന്നുണ്ട്. സി.പി.എമ്മിനെ ഇല്ലാതാക്കാന്‍ സംഘപരിവാറിന് ദീര്‍ഘകാല പദ്ധതിയും ഹ്രസ്വകാല പരിപാടിയുമുണ്ടെന്നും സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍ട്ടിയില്‍ അംഗബലം കൂടുകയും തുടര്‍ഭരണം ജനസ്വാധീനമുള്ളതായി മാറുകയും ചെയ്തിട്ടുണ്ടെങ്കിലും ചില ദൗര്‍ബല്യങ്ങള്‍ ഇപ്പോഴും അലട്ടുന്നുണ്ടെന്ന ആമുഖത്തോടെയാണ് സംഘടനാറിപ്പോര്‍ട്ടിലെ ഈ സ്വയംവിമര്‍ശനം. ജനങ്ങളോട് നേരിട്ട് ഇടപെടുന്ന ഘടകമായ ബ്രാഞ്ചുകളില്‍ ദുര്‍ബലാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫണ്ട് സമാഹരണത്തില്‍ ചില സഖാക്കള്‍ക്ക് സുതാര്യതയില്ല. രശീതിപോലും നല്‍കാതെ ചിലര്‍ സ്ഥാപനങ്ങളില്‍നിന്ന് വലിയ തുക വാങ്ങുന്ന രീതിയുണ്ട്. ചിലര്‍ സാമ്പത്തിക ഇടപാടുകളുടെ ഒത്തുതീര്‍പ്പ് നടത്തുന്നു. അതിന് പണം വാങ്ങുന്നെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സി.പി.എം. സംസ്ഥാന സമ്മേളനത്തിന് കൊല്ലം ആശ്രാമം മൈതാനിയിലെ സീതാറാം യെച്ചൂരി നഗറില്‍ ചെങ്കൊടി ഉയര്‍ന്നത് കഴിഞ്ഞ ദിവസമാണ്. കയ്യൂരില്‍നിന്ന് ആരംഭിച്ച പതാകാജാഥയും വയലാറില്‍നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണവും ശൂരനാട്ടുനിന്നുള്ള കൊടിമരജാഥയും കൊല്ലത്തെ 23 രക്തസാക്ഷി മണ്ഡപങ്ങളില്‍നിന്നുള്ള ദീപശിഖാ പ്രയാണവും ബുധനാഴ്ച വൈകീട്ട് പൊതുസമ്മേളന നഗരിയായ ആശ്രാമത്ത് സംഗമിച്ചു. ആവേശം അലതല്ലിയ അന്തരീക്ഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ മന്ത്രി കെ.എന്‍.ബാലഗോപാല്‍ സമ്മേളനപതാക ഉയര്‍ത്തി.
കയ്യൂരില്‍നിന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജിന്റെ നേതൃത്വത്തില്‍ എത്തിച്ച പതാക കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതിയും വയലാറില്‍നിന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജുവിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന ദീപശിഖ സി.ഐ.ടി.യു.സംസ്ഥാന പ്രസിഡന്റും ഇടതുമുന്നണി കണ്‍വീനറുമായ ടി.പി.രാമകൃഷ്ണനും ഏറ്റുവാങ്ങി. തുടര്‍ന്ന് പ്രതിനിധിസമ്മേളനം നടക്കുന്ന മുനിസിപ്പല്‍ ടൗണ്‍ഹാളിനു മുന്നില്‍ ദീപശിഖ സ്ഥാപിച്ചു. വ്യാഴാഴ്ച രാവിലെ ഒന്‍പതിന് മുനിസിപ്പല്‍ ടൗണ്‍ഹാളിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ പ്രതിനിധിസമ്മേളന പതാക മുതിര്‍ന്ന പ്രതിനിധി എ.കെ.ബാലന്‍ ഉയര്‍ത്തി. തുടര്‍ന്ന് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം സി.പി.എം. ദേശീയ കോഡിനേറ്ററും പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു. അതിന് ശേഷമാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചകള്‍ ഏഴിനും എട്ടിനും തുടരും. 38,426 ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കും 2,444 ലോക്കല്‍ സമ്മേളനങ്ങള്‍ക്കും 210 ഏരിയ സമ്മേളനങ്ങള്‍ക്കും 14 ജില്ലാ സമ്മേളനങ്ങള്‍ക്കും ശേഷം നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ 486 പ്രതിനിധികളും 44 നിരീക്ഷകരും അതിഥികളും ഉള്‍പ്പെടെ 530 പേര്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഒന്‍പതിന് വൈകീട്ട് കാല്‍ലക്ഷം റെഡ് വൊളന്റിയര്‍മാര്‍ അണിനിരക്കുന്ന മാര്‍ച്ചും രണ്ടുലക്ഷംപേര്‍ പങ്കെടുക്കുന്ന പ്രകടനവും പൊതുസമ്മേളനവും നടക്കും.