കോഴിക്കോട്: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജിയുടെ പ്രസ്താവനയിലൂടെ മറനീക്കി പുറത്തുവരുന്നത് വിഷയത്തില്‍ ലീഗിലെ ഭിന്നത. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നുമാണ് കെ.എം ഷാജി പറഞ്ഞത്. പെരുവള്ളൂര്‍ പഞ്ചായത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് കെ.എം ഷാജി തന്റെ നിലപാട് തുറന്ന് പറഞ്ഞത്.

മുനമ്പം വിഷയം വലിയ പ്രശ്‌നമാണ്. നിങ്ങള്‍ വിചാരിക്കുന്ന പോലെ നിസ്സാരമല്ല. പ്രതിപക്ഷ നേതാവ് പറഞ്ഞു, അത് വഖഫ് ഭൂമിയല്ലെന്ന്. മുസ്ലീം ലീഗിന് അങ്ങനെ ഒരു അഭിപ്രായം ഇല്ല. അത് വഖഫ് ഭൂമിയല്ലെന്ന് പറനായാകില്ല. ഫാറൂഖ് കോളേജിന്റെ അധികൃതര്‍ പറയുന്നത് അത് വഖഫ് ഭൂമിയല്ലെന്നാണ്. അങ്ങനെ പറയാന്‍ അവര്‍ക്ക് എന്ത് അവകാശമാണുള്ളത്. വഖഫ് ചെയ്യപ്പെട്ട ഭൂമി ആരാണ് അവര്‍ക്ക് വിട്ടുകൊടുത്തത്. ആരാണ് അതിന് രേഖയുണ്ടാക്കിയത്. അവരെ പിടിക്കേണ്ടത് മുസ്ലീംലീഗാണോ ഭരണകൂടമല്ലേ ചെയ്യേണ്ടത്-കെ.എം ഷാജി പറഞ്ഞു.

യുഡിഎഫിന്റെ പ്രത്യേകിച്ച് മുസ്ലീം ലീഗിന്റെ പിന്തുണ പ്രതീക്ഷിച്ച് നിലപാട് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വെട്ടിലാക്കിയാണ് കെ എം ഷാജി വിഷയത്തില്‍ നിലപാട് അറിയിച്ചത്. മുനമ്പത്തെ യഥാര്‍ത്ഥ പ്രതികള്‍ ആരാണെന്ന് ചോദിച്ച കെ എം ഷാജി അവിടെ ഭൂമി വാങ്ങിയ പാവപ്പെട്ടവരല്ല പ്രതികളെന്നും അഭിപ്രായപ്പെട്ടു. വഖഫ് ഭൂമി അവര്‍ക്ക് വിറ്റത് ആരാണെന്നാണ് സര്‍ക്കാര്‍ കണ്ടെത്തേണ്ടതെന്നും കെ എം ഷാജി അഭിപ്രായപ്പെട്ടു. വഖഫ് ഭൂമി അല്ലെന്ന് പറയാന്‍ ഫാറൂഖ് കോളേജിന് എന്താണ് അധികാരമെന്നും കെ എം ഷാജി ചോദിച്ചു. വഖഫ് ചെയ്തതിന് രേഖകള്‍ ഉണ്ടെന്നും കെ എം ഷാജി ചൂണ്ടിക്കാണിച്ചു.

പിന്നാലെ കെ എം ഷാജിയെ പിന്തുണയ്ക്കുന്നതായിരുന്ന എം കെ മുനീറിന്റെ പ്രതികരണം. മുനമ്പം വിഷയം, കെഎം ഷാജി പറഞ്ഞത് വഖഫ് മന്ത്രി നിയമസഭയില്‍ പറഞ്ഞ കാര്യം. നിലവില്‍ ഇതാണ് സ്ഥിതി. വഖഫ് ഭൂമി അല്ല എന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് നാട്ടുകാരനായതുകൊണ്ടാണ്. ഭൂമി വാങ്ങി വഞ്ചിതരായ നിരവധി പേരുണ്ട്. അവരെ കുടിയിറക്കരുത്. കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നശേഷം മുസ്ലിം ലീഗ് ഔദ്യോഗിക നിലപാട് അറിയിക്കുമെന്നും എം കെ മുനീര്‍ വ്യക്തമാക്കി.

എന്നാല്‍ വിഷയത്തില്‍ സാദിഖലി തങ്ങള്‍ പറഞ്ഞതാണ് മുസ്ലീം ലീഗിന്റെ നിലപാടെന്നും മറ്റാരും പാര്‍ട്ടിയാകാന്‍ നോക്കേണ്ടെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ബി.ജെ.പിയും ഇടതുപക്ഷവും സമൂഹത്തില്‍ ധ്രുവീകരണമുണ്ടാക്കാന്‍ അജണ്ട കൊണ്ടുനടക്കുന്നു എന്ന് മനസ്സിലായപ്പോഴാണ് മുസ്ലീം സംഘടനകള്‍ യോഗം ചേര്‍ന്ന് സാദ്ദിഖ് അലി ശിഹാബ് തങ്ങള്‍ നിലപാട് പറഞ്ഞത്. തങ്ങള്‍ ബിഷപ്പുമാരെ കണ്ടു. അതുകൊണ്ടു തീര്‍ന്നില്ല, അദ്ദേഹം റോമില്‍പ്പോയി. സൗഹൃദത്തിന് അദ്ദേഹം എത്ര വലിയ വില കൊടുക്കുന്നു എന്നതിനുള്ള തെളിവാണിത്. ഈ വിഷയം ചിലര്‍ ദുരൂപയോഗം ചെയ്യാന്‍ നില്‍ക്കുന്ന അവസരത്തില്‍ നിങ്ങളാരും പാര്‍ട്ടിയാകേണ്ട, വിവാദമുണ്ടാക്കേണ്ട- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പതിറ്റാണ്ടുകളായി മുനമ്പത്ത് താമസിക്കുന്നവര്‍ക്ക് അവിടെനിന്ന് ഇറങ്ങിപ്പോകേണ്ട ഗതിയുണ്ടാകരുതെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയിരുന്നു. വരാപ്പുഴ അതിരൂപത ആസ്ഥാനത്ത് ലത്തീന്‍ മെത്രാന്‍ സമിതിയുമായി ചര്‍ച്ച നടത്തിയ വളരെ പോസിറ്റീവാണെന്നും ലീഗ് നേതാക്കള്‍ അഭിപ്രായപ്പെടുകയുണ്ടായി.