സുല്‍ത്താന്‍ ബത്തേരി: കൊച്ചി മേയര്‍ വിവാദവുമായി ബന്ധപ്പെട്ട അലയൊലികള്‍ സുല്‍ത്താന്‍ ബത്തേരിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അടക്കം മാനദണ്ഡങ്ങള്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ഒരുങ്ങുമ്പോഴാണ് മേയര്‍ തിരഞ്ഞെടുപ്പില്‍ കെപിസിസി മാനദണ്ഡം കാറ്റില്‍പ്പറത്തിയ കാര്യം ഓര്‍മ്മപ്പെടുത്തി ദീപ്തി മേരി വര്‍ഗീസ് രംഗത്തുവന്നത്. കെപിസിസി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് കൊച്ചി മേയര്‍ തെരഞ്ഞെടുപ്പ് നടന്നതെന്ന് ദീപ്തി യോഗത്തില്‍ പറഞ്ഞു. മേയര്‍ പദവി നല്‍കാതെ തഴഞ്ഞതിലും ദീപ്തി വിമര്‍ശനം ഉയര്‍ത്തി. തെരഞ്ഞെടുത്ത രീതിയെ ആണ് വിമര്‍ശിക്കുന്നതെന്നും അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് സെന്‍ട്രല്‍ കേരള സോണല്‍ മീറ്റിങ്ങിലാണ് അവര്‍ വിമര്‍ശനം ഉര്‍ത്തിയത്.

മേയര്‍ തെരഞ്ഞെടുപ്പില്‍ ചിലരുടെ വ്യക്തി താല്‍പര്യങ്ങളാണ് നടപ്പായതെന്ന് കോണ്‍ഗ്രസ് നേതാവ് സക്കീര്‍ ഹുസൈനും വിമര്‍ശിച്ചു. സമാന വിമര്‍ശനം മറ്റു ചില നേതാക്കളും ഉയര്‍ത്തിയിരുന്നു. വ്യക്തിപരമായ പരാതികള്‍ ഉന്നയിക്കാനുള്ള വേദിയാക്കരുതെന്ന് കെ സി വേണുഗോപാലിന്റെ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ദീപ്തി മേരി വര്‍ഗീസിന്റെ വിമര്‍ശനം. കൊച്ചി മേയര്‍ സ്ഥാനത്തെച്ചൊല്ലി വലിയ വിവാദങ്ങളാണ് കോണ്‍ഗ്രസില്‍ നടന്നത്. വി കെ മിനിമോളും ഷൈനി മാത്യുവുമാണ് രണ്ടരവര്‍ഷം വീതം കൊച്ചി കോര്‍പ്പറേഷന്‍ പദവി പങ്കിടുക.

22 കൗണ്‍സിലര്‍മാര്‍ ഷൈനി മാത്യുവിനെ പിന്തുണച്ചപ്പോള്‍ 17 പേരുടെ പിന്തുണ വി കെ മിനി മോള്‍ക്ക് ലഭിച്ചു. ദീപ്തിക്കൊപ്പം നിന്നത് മൂന്നുപേര്‍ മാത്രമെന്നാണ് വിവരം. പിന്നാലെ തന്നെ മേയര്‍ സ്ഥാനാര്‍ത്ഥിയായി തന്നെ തഴഞ്ഞതില്‍ പരിഭവം പ്രകടിപ്പിച്ച് ദീപ്തി മേരി വര്‍ഗീസ് രംഗത്തെത്തിയിരുന്നു. നയിക്കണമെന്നാണ് നേതൃത്വം പറഞ്ഞതെന്നും പിന്നീട് അതില്‍ മാറ്റമുണ്ടായത് എങ്ങനെയാണെന്ന് വിശദീകരിക്കേണ്ടത് തന്നെ മാറ്റിയ തീരുമാനമെടുത്ത ആളുകളാണെന്നുമായിരുന്നു ദീപ്തിയുടെ പ്രതികരണം.

മിനി മോളും ഷൈനി മാത്യൂവും രണ്ടരക്കൊല്ലം വീതം മേയര്‍സ്ഥാനം വഹിക്കാനാണ് തീരുമാനം. പാലാരിവട്ടത്ത് നിന്നുള്ള പ്രതിനിധിയാണ് മിനിമോള്‍. ഷൈനി മാത്യൂ ഫോര്‍ട്ട് കൊച്ചിയെ പ്രതിനിധീകരിക്കുന്നു. വി കെ മിനിമോള്‍ക്ക് 48 വോട്ടുകള്‍ ലഭിച്ചു. സ്വതന്ത്രനായി വിജയിച്ച ബാസ്റ്റിന്‍ ബാബുവിന്റെ വോട്ട് വി കെ മിനിമോള്‍ക്ക് ലഭിച്ചു. എല്‍ഡിഎഫിന്റെ അംബിക സുദര്‍ശന് 22 വോട്ടും ബിജെപിയുടെ പ്രിയ പ്രശാന്തിന് ആറ് വോട്ടും ലഭിച്ചു. കോര്‍പ്പറേഷനില്‍ യുഡിഎഫ് 46, എല്‍ഡിഎഫ് 20, എന്‍ഡിഎ ആറ്, മറ്റുള്ളവര്‍ നാല് എന്നിങ്ങനെയാണ് കക്ഷിനില.

വ്യക്തമായ ഭൂരിപക്ഷത്തില്‍ ജയിച്ച കൊച്ചി കോര്‍പ്പറേഷനില്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ കെപിസിസി മാനദണ്ഡം ലംഘിച്ച് ഗ്രൂപ്പുകള്‍ തന്നെ വെട്ടിയെന്നാണ് ദീപ്തി മേരി വര്‍ഗീസിന്റെ പരാതി. പലതട്ടുകളിലായി വിഘടിച്ചു നില്‍ക്കുന്ന എ ഗ്രൂപ്പും, രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പും, വി ഡി സതീശന്റെ അനുയായികളും അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവെച്ച് ഒന്നിക്കുന്ന കാഴ്ചയാണ് കൊച്ചി മേയര്‍ തെരഞ്ഞെടുപ്പില്‍ കണ്ടത്. പാര്‍ട്ടിയിലെ കെസി ഗ്രൂപ്പുകാരിയാണ് ദീപ്തി.

ദീപ്തിയെ വെട്ടാനാണ് മൂന്ന് കൂട്ടരും ഒന്നിച്ചതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കെസിയെ ലക്ഷ്യം വച്ചുള്ള വിശാലനീക്കത്തിന്റെ തുടക്കമാണ് കൊച്ചിയില്‍ ഉണ്ടായതെന്നുമാണ് പാര്‍ട്ടിയിലെ കെസി അനുകൂലികള്‍ വിലയിരുത്തുന്നത്. എഐസിസിയെ ഉള്‍പ്പെടെ പരാതി അറിയിച്ച് സംഘടനാപരമായ നീക്കങ്ങളുമായി മുന്നോട്ട് പോകാനാണ് ദീപ്തിയുടെയും ഒപ്പം നില്‍ക്കുന്നവരുടെയും തീരുമാനം.