പത്തനംതിട്ട: കോഴഞ്ചേരി കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫ് തിരികെ പിടിച്ചു. കൂറുമാറി ഇടത് പക്ഷത്ത് ചേര്‍ന്ന് മുന്‍പ് യു.ഡി.എഫ് ഭരണം അട്ടിമറിച്ച കോണ്‍ഗ്രസ് അംഗം ഉണ്ണി പ്ലാച്ചേരിയെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യനാക്കുക കൂടി ചെയ്തത് ഇരട്ടി മധുരം സമ്മാനിച്ചു. സി.പി.എം വിട്ട് യു.ഡി.എഫിനൊപ്പം വന്ന എടക്കാട് ഡിവിഷന്‍ അംഗം ജെസി സൂസന്‍ ജോസഫാണ് പ്രസിഡന്റ്. കേരളാ കോണ്‍ഗ്രസ് പ്രതിനിധി എല്‍സാ തോമസ് വൈസ് പ്രസിഡന്റായി.

കുറൂമാറ്റത്തിലൂടെ എല്‍.ഡി.എഫ് കൈക്കലാക്കിയ ഭരണം അതെ നാണയത്തില്‍ തിരിച്ചു പിടിക്കുകയായിരുന്നു യു.ഡി.എഫ്. അവിശ്വാസ പ്രമേയത്തിലൂടെ എല്‍.ഡി.എഫ് ഭരണ സമിതി പുറത്തായ സാഹചര്യത്തിലാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ഭരണം പിടിക്കാന്‍ കോണ്‍ഗ്ര് അംഗത്തെയാണ് എല്‍.ഡി.എഫ് കുറുമാറ്റിയതെങ്കില്‍ സി.പി.എം മറുകണ്ടം ചാടിച്ചാണ് യു.ഡി.എഫ് ഭരണം പിടിച്ചെടുത്തത്. രാവിലെ നടന്ന പ്രസിഡന്റണ്ട് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രസിഡന്റ് കെ.കെ.വത്സലയും ഉച്ച്ക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എന്‍.എസ്.രാജീവും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളായി. ഇവര്‍ക്ക് അഞ്ച് വോട്ടുകള്‍ വീതം ലഭിച്ചു.

വിജയിച്ചവര്‍ക്ക് ഏഴ് വോട്ട് വീതവും ലഭിച്ചു. ഒരാള്‍ക്ക് അയോഗ്യത വന്നതോടെ 13 അംഗ ഭരണ സമതിയുടെ അംഗബലം 12 ആയി ചുരുങ്ങി. വനിതകളുടെ അവകാശങ്ങള്‍ പുച്ഛിച്ചു തള്ളി പുരൂഷാധിപത്യം ഉറപ്പിക്കാന്‍ നടത്തിയ വൃത്തികെട്ട രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് കോയിപ്രത്തെപരാജയം എന്ന് കെ.പി.സി.സി ജനറല്‍സെക്രട്ടറി പഴകുളംമധു പറഞ്ഞു.തോട്ടപ്പുഴശ്ശേരി നല്‍കിയ പാഠത്തില്‍ നിന്നും അവര്‍ ഒന്നും പഠിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ സ്വീകരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക്പഞ്ചായത്ത് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ലാലു തോമസ് അദ്ധ്യക്ഷത വഹിച്ചു.

കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മറ്റിയംഗം ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, സെക്രട്ടറി അനീഷ് വരിക്കണ്ണാമല, അഡ്വ. കെ.ജയവര്‍മ്മ, ലാലു ജോണ്‍, സി.കെ.ശശി, ടി.കെ. രാമചന്ദ്രന്‍നായര്‍, കെ. ശിവപ്രസാദ്, ബിജു ഒടികണ്ടത്തില്‍, അനില്‍കുമാര്‍ പി.ജി, ശ്രീകല ഹരികുമാര്‍, ബ്ലോക്ക്പഞ്ചായത്തംഗങ്ങളായ കെ. അജിത, എല്‍സിക്രിസ്റ്റഫര്‍, ജിജി ജോണ്‍ മാത്യു, സി.എസ്. അനീഷ് കുമാര്‍ എന്നിവര്‍പ്രസംഗിച്ചു.