- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈകാരികമായി പ്രതികരിക്കരുതെന്ന് സരിനോട് അപേക്ഷിച്ചിരുന്നു; രാഹുല്‍ മിടു മിടുക്കനെന്ന് സതീശന്‍; അച്ചടക്ക ലംഘനമുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കെ സുധാകരനും; സരിനെ തള്ളി നേതാക്കള്‍; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച സരിന് ഇടതു പാളയത്തിലേക്കോ?
മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച സരിന് ഇടതു പാളയത്തിലേക്കോ?
തിരുവനന്തപുരം: പിണറായി സര്‍ക്കാറിനെതിരായി വികാരം ആളിക്കത്തി നില്‍ക്കവേയാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം എത്തിയത്. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ഥിയാകുമെന്ന എഐസിസി അറിയിപ്പു വന്നതോടെ പ്രവര്‍ത്തകര്‍ ആവേശത്തോടെ കളത്തിലിറങ്ങുകയും ചെയ്തു. എന്നാല്‍, ഈ ആവേശത്തെ തല്ലിക്കെടുത്തുന്ന പ്രതികരണം ആയിപ്പോയി കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ പി സരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. സൈബറിടത്തില്‍ കോണ്‍ഗ്രസിന് ആവേശം പകര്‍ന്ന നേതാവായിട്ടും ഇത്തരത്തില്‍ വൈകാരികമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചതില്‍ പ്രവര്‍ത്തകരും സരിനെ ഇഷ്ടപ്പെടുന്നവരും നിരാശരാണ്.
പൊട്ടിത്തെറിച്ചു കൊണ്ടുള്ള സരിന്റെ വാര്‍ത്താസമ്മേളനത്തിന് ശേഷം അദ്ദേഹത്തെ തള്ളിപ്പറഞ്ഞു കൊണ്ടാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും സരിനെ തള്ളിപ്പറഞ്ഞു. സരിന്‍ ഇത്തരത്തില്‍ പ്രതികരിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ല. വൈകാരികമായി പ്രതികരികരിക്കരുതെന്ന് അപേക്ഷിച്ചതാണ്. പ്രത്യാഘാതം എന്തായാലും നേരിടുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
'സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചത് കൂടിയാലോചനകള്‍ക്ക് ശേഷമാണ്. മികച്ച സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. രാഹുല്‍ മാങ്കൂട്ടത്തില്‍ മിടുക്കനായ സ്ഥാനാര്‍ത്ഥിയാണ്. കോണ്‍ഗ്രസിന്റെ സമരനായകനാണ്. നമുക്കൊരു നടപടിക്രമമുണ്ട്. അതനുസരിച്ചുള്ള എല്ലാ കൂടിയാലോചനകളും പൂര്‍ത്തിയാക്കിയാണ് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കും കെപിസിസി പ്രസിഡന്റിനുമാണ്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണ് എഐസിസിക്ക് അയച്ചുകൊടുത്തത്. അതില്‍ തെറ്റ് വരുത്തിയിട്ടില്ല.
സരിന്‍ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് മനസിലാകുന്നില്ല. ഞാന്‍ അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തതാണ്.യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാണ് രാഹുല്‍. ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിന്റെ മുഖം. യുക്തിപൂര്‍വ്വമായ വാദങ്ങള്‍കൊണ്ട് ആളുകളുടെ ഹൃദയം കീഴടക്കിയ വ്യക്തിയാണ്. ആരും അദ്ദേഹത്തിനെതിരെ ആക്ഷേപം ഉന്നയിച്ചിട്ടില്ല. ചെറുപ്പക്കാര്‍ക്കും വനിതകള്‍ക്കും സീറ്റ് നല്‍കണമെന്നാണ് പാര്‍ട്ടി എപ്പോഴും പറയാറുള്ളത്. പക്ഷേ അത് പലപ്പോഴും പാലിക്കാറില്ല. ഒരു അവസരം കിട്ടിയപ്പോഴത് പാലിച്ചു. മൂന്നുപേരും അവരവരുടെ കഴിവ് തെളിയിച്ചവരാണ്.സരിന്‍ ആത്മപരിശോധന നടത്തണം. വാര്‍ത്താസമ്മേളനം നടത്തിയത് ശരിയായോ എന്ന് ചിന്തിക്കണം. അച്ചടക്ക ലംഘനത്തെക്കുറിച്ച് കെപിസിസി പ്രസിഡന്റ് പരിശോധിക്കും'- വി ഡി സതീശന്‍ വ്യക്തമാക്കി.
അതേസമയം സരിത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ അച്ചടക്ക ലംഘനം ഉണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനും വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയം കോണ്‍ഗ്രസ് കീഴ്വഴക്കം അനുസരിച്ചാണ് നടന്നത്. സ്ഥാനാര്‍ത്ഥി ആകണമെന്ന് സരിന്‍ നേരിട്ട് വന്നു ആവശ്യപ്പെട്ടിരുന്നു. ആലോചിച്ചു പറയാം എന്നാണ് സരിനോട് പറഞ്ഞത്. പരസ്യമായി പ്രതികരിച്ചത് ശരിയായില്ല. അത് സരിന് ഗുണകരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലാണ് കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. പി സരിന്‍ അതൃപ്തി പരസ്യമാക്കിയത്. പാര്‍ട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത്. വഴങ്ങിയാല്‍ ഹരിയാന ആവര്‍ത്തിക്കുമെന്നും സരിന്‍ വിമര്‍ശിച്ചു. യഥാര്‍ത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. ഉള്‍പാര്‍ട്ടി ജനാധിപത്യവും ചര്‍ച്ചകളും വേണമെന്നും സരിന്‍ ആവശ്യപ്പെട്ടു. ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും താന്‍ പുറത്തിറങ്ങിയിട്ടില്ലെന്ന് സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സരിന്‍ ചോദ്യം ചെയ്തത് എ.ഐ.സി.സി തീരുമാനമാണെന്നായിരുന്നു കെ.പി.സി.സിയുടെ പ്രതികരണം. അച്ചടക്ക ലംഘനമാണ് സരിന്‍ നടത്തിയത്്. അഭിപ്രായ വ്യത്യാസം പറയേണ്ടത് പാര്‍ട്ടിക്കുള്ളിലാണ്. അതിനിടെ സരിനെ ഒപ്പം കൂട്ടുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സി.പി.എം കൃത്യമായ മറുപടി നല്‍കിയില്ല. പാലക്കാട് ജയിക്കാനുള്ള എന്ത് സാധ്യതയും തേടുമെന്ന് സി.പി.എം നേതാവ് എ.കെ. ബാലന്‍ വ്യക്തമാക്കിയിട്ടുണ്ട്. സരിനെ പാലക്കാട്ട് മത്സരിപ്പിക്കാന്‍ സിപിഎം ശ്രമം നടത്തുമോ എന്നതാണ് ഇനി അറിയേണ്ട കാര്യം.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു വ്യക്തിയുടെയും സ്ഥാനാര്‍ഥിയല്ലെന്ന് വടകര എംപി ഷാഫി പറമ്പിലും പ്രതികരിക്കുകയുണ്ടായി. പാര്‍ട്ടി ആഗ്രഹിച്ച, ജനങ്ങള്‍ ആഗ്രഹിച്ച സ്ഥാനാര്‍ഥിയാണ് അദ്ദേഹമെന്നും സിരകളില്‍ കോണ്‍ഗ്രസ് രക്തമോടുന്ന മുഴുവന്‍ പേരും രാഹുലിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷാഫി പറഞ്ഞു. ഒരുകാലത്തും താന്‍ പാര്‍ട്ടിയേക്കാള്‍ വലിയവനല്ലെന്നും പാര്‍ട്ടിക്ക് ദോഷം വരുന്ന ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
''രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത നേതൃത്വത്തിന് നന്ദി. പാലക്കാട്ടെ പാര്‍ട്ടിക്കാരും ജനതയും ആഗ്രഹിച്ച തീരുമാനമാണിത്. അതുകൊണ്ട് പാര്‍ട്ടി ഒറ്റക്കെട്ടായി അതിനു പിന്നിലുണ്ടാകും. യുഡിഎഫ് നേതൃത്വത്തിന്റെ പിന്തുണയോടെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയാണ്. പാലക്കാടിന്റെ രാഷ്ട്രീയ ബോധം, രാഹുലിന് കേരളം മുഴുവന്‍ ആഗ്രഹിക്കുന്ന ഉജ്ജ്വല വിജയം നേടിത്തരുമെന്നാണ് പ്രതീക്ഷ. നാളെ വൈകീട്ട് 4 മണിക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടെത്തും.
സിരകളില്‍ കോണ്‍ഗ്രസ് രക്തമോടുന്ന മുഴുവന്‍ പേരും യുഡിഎഫിന്റെ വിജയത്തിനായി ഒപ്പമുണ്ടാകണമെന്നാണ് ആഗ്രഹം. എല്ലാവരെയും ചേര്‍ത്തു പിടിച്ച് ഈ തിരഞ്ഞെടുപ്പില്‍ മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്. രാഹുല്‍ ഒരു വ്യക്തിയുടെയും സ്ഥാനാര്‍ഥിയല്ല, പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ്. പാര്‍ട്ടിക്കാര്‍ ആഗ്രഹിച്ച, ജനങ്ങള്‍ ആഗ്രഹിച്ച സ്ഥാനാര്‍ഥിയാണ്. നല്ലൊരു വിജയം പാലക്കാട് നേടാനും, കേരള നിയമസഭയ്ക്ക് അകത്തും പുറത്തും നാടിന്റെ ശബ്ദമാകാവുന്ന നല്ല സ്ഥാനാര്‍ഥിയാണ്.
ഒരുകാലത്തും ഞാന്‍ പാര്‍ട്ടിയേക്കാള്‍ വലിയവനല്ല. ഒരുകാലത്തും പാര്‍ട്ടിയേക്കാള്‍ വലുതാവാന്‍ ശ്രമിച്ചിട്ടില്ല. പാര്‍ട്ടിക്ക് ദോഷം വരുന്ന ഒന്നും ചെയ്തിട്ടുമില്ല. പാര്‍ട്ടി തരുന്ന അവസരം കൊണ്ട് ജനങ്ങള്‍ക്ക് ഗുണകരമായ കാര്യം ചെയ്യലാണ് എന്റെ ഉത്തരവാദിത്തം. ഇപ്പോഴത്തെ പ്രശ്‌നങ്ങളൊന്നും തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. ഏറ്റവും അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണിപ്പോള്‍. എല്ലാവരും ഒറ്റക്കെട്ടായി ശ്രമിച്ചാല്‍ ഒരു യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പാലക്കാട് കിട്ടിയതില്‍ വച്ച് ഏറ്റവും മികച്ച ഭൂരിപക്ഷം രാഹുലിന് കിട്ടാനുള്ള സാധ്യതയുണ്ട്.'' ഷാഫി പറമ്പില്‍ പറഞ്ഞു.