- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിസിസി ജംബോ പട്ടിക ഇനിയും വലുതാകും; പുനസംഘടനയിലെ അതൃപ്തരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ പുതിയ ഫോര്‍മുല; അതൃപ്തിയുള്ളവര്‍ നിര്‍ദേശിക്കുന്ന മുഴുവന്‍ പേരെയും കെപിസിസി സെക്രട്ടറിമാര്‍ ആക്കിയേക്കും; തിരഞ്ഞെടുപ്പു കാലം അടുത്തപ്പോഴുള്ള പുനസംഘടന പ്രവര്‍ത്തകരില്‍ നിറച്ചത് കടുത്ത നിരാശ
കെപിസിസി ജംബോ പട്ടിക ഇനിയും വലുതാകും
തിരുവനന്തപുരം: ഏറെ കാത്തിരുന്ന് കെപിസിസി കൊണ്ടുവന്ന പുനസംഘടന സംസ്ഥാന കോണ്‍ഗ്രസില്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഗ്രൂപ്പുകളും നേതാക്കളുമെല്ലാം അതൃപ്തിയിലായി. ഇതോടെ അതൃപ്തരായ നേതാക്കളെ അനുനയിപ്പിക്കാന്‍ ശ്രമം തുടങ്ങി നേതൃത്വം. പുനസംഘടനയില്‍ അതൃപ്തരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ പുതിയ ഫോര്‍മുലയോടെ കെപിസിസിയുടെ പട്ടിക ജംബോയാകും എന്നത് ഉറപ്പാണ്.
തൃപ്തിയുള്ളവര്‍ നിര്‍ദേശിക്കുന്ന മുഴുവന്‍ പേരെയും കെപിസിസി സെക്രട്ടറിമാര്‍ ആക്കിയേക്കും. കെ മുരളീധരനെയും കെ സുധാകരനെയും ഇക്കാര്യം ബോധ്യപ്പെടുത്തും. ചാണ്ടി ഉമ്മന് ഉയര്‍ന്ന പദവി നല്‍കാനും ആലോചനയുണ്ട്. കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്ന അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനും നേതാക്കളെ ഒരുമിപ്പിച്ച് നിര്‍ത്താനുമാണ് ഹൈക്കമാന്റ് നിര്‍ദേശം.
കെ മുരളീധരന്‍, ചാണ്ടി ഉമ്മന്‍, കെ സുധാകരന്‍, വി ഡി സതീശന്‍ എന്നിവരുമായി കെ പി സി സി നേതൃത്വം ചര്‍ച്ചകള്‍ നടത്തി അഭിപ്രായഭിന്നതകള്‍ ഉടന്‍ പരിഹരിക്കാനാണ് ഹൈക്കമാന്റ് നിര്‍ദേശം. ഇതിന്റെ ഭാഗമായി എ ഐ സി സി ജന.സെക്രട്ടറി കെ സി വേണുഗോപാല്‍ സംസ്ഥാനത്തെത്തും. കെ മുരളീധരനുമായി 22 ന് കോഴിക്കോട് ചര്‍ച്ചകള്‍ നടത്തും. നിലവിലുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിച്ച് നേതാക്കളെ ഉടന്‍ കളത്തിലിറക്കാനാണ് നീക്കം.
തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സംസ്ഥാനത്ത് നേതാക്കള്‍ തമ്മിലുള്ള വടംവലിയും അഭിപ്രായഭിന്നതയും വലിയ തിരച്ചടിയുണ്ടാക്കുമെന്ന ആശങ്കയിലാണ് ദേശീയ നേതൃത്വം. കേരളത്തില്‍ തദ്ദേശ തിരിഞ്ഞെടുപ്പിന് ഒരു മാസം മാത്രമാണ് ബാക്കി. തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സംഘടനാ സംവിധാനങ്ങള്‍ ഉണ്ടാക്കിയെടുക്കുകയെന്നതാണ് കെ പി സി സിയുടെ പുതിയ ഭാരവാഹികള്‍ക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.
പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ. മുരളീധരന്‍ ഇന്നലെ അപ്രതീക്ഷിത നീക്കമാണ് നടത്തിയത്. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ വെള്ളം കുടിപ്പിച്ചു. സമവായ വാഗ്ദാനങ്ങള്‍ക്കും നേതാക്കളുടെ കൂട്ടവിളികള്‍ക്കുമൊടുവില്‍ മുരളി അയഞ്ഞതോടെയാണ് നേതൃത്വത്തിന് ആശ്വാസമായത്. ശബരിമലയിലെ സ്വര്‍ണമോഷണവും ആചാരലംഘനവും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സംഘടിപ്പിച്ച നാല് മേഖലജാഥകളുടെ പന്തളത്തെ മഹാസംഗമ ദിവസമാണ് ഒരു ജാഥയുടെ ക്യാപ്റ്റന്‍ കൂടിയായ മുരളീധരന്‍ വിട്ടുനിന്ന് പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയത്.
പുനഃസംഘടനയില്‍ മറ്റുള്ളവര്‍ക്കെല്ലാം പരിഗണന നല്‍കിയ നേതൃത്വം താന്‍ നിര്‍ദേശിച്ചയാളുകളെ തഴഞ്ഞതിലുള്ള അമര്‍ഷമായിരുന്നു പിന്‍മാറ്റത്തിന് കാരണം. എല്ലാ മലയാള മാസവും ഒന്നിന് മുരളീധരന്‍ ഗുരുവായൂരിലെത്തുന്ന പതിവ് ചൂണ്ടിക്കാട്ടി നേതൃത്വം ന്യായീകരിച്ചെങ്കിലും രാവിലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതതോടെയാണ് ഗുരുവായൂര്‍ യാത്രക്ക് പ്രതിഷേധരൂപംകൂടിയുണ്ടെന്ന് ഉറപ്പിച്ചത്. മുരളീധരന്‍ പങ്കെടുത്തില്ലെങ്കില്‍ തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞ് വേഗത്തിലായിരുന്നു അനുനയനീക്കങ്ങള്‍.
കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവുമടക്കം മുരളീധരനുമായി ഫോണില്‍ സംസാരിച്ചു. കെ.സി. വേണുഗോപാലും ആശയവിനിമയം നടത്തി. കെ.പി.സി.സി സെക്രട്ടറിമാരുടെ പട്ടിക തയാറാക്കുമ്പോള്‍ മുരളീധരന്റെ ശിപാര്‍ശക്ക് പരിഗണന നല്‍കുമെന്നായിരുന്നു പ്രധാന ഉറപ്പ്. 22ന് കെ.സി. വേണുഗോപാല്‍ മുരളീധരനെ നേരില്‍ കാണുമെന്നും വിവരമുണ്ട്. ഇതോടെ അനുനയത്തിലേക്ക് മുരളീധരന്‍ ചുവടുമാറ്റി. പിന്നാലെ ഗുരുവായൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് നിശ്ചയിച്ച യാത്ര പന്തളത്തേക്ക് മാറ്റി.
13 വൈസ് പ്രസിഡന്റുമാരും 58 ജനറല്‍ സെക്രട്ടറിമാരുമായി ഏറെ കാത്തിരിപ്പിനൊടുവിലാണ് വ്യാഴാഴ്ച ഭാരവാഹി പട്ടിക പുറത്തുവന്നത്. ചെറിയ മുറുമുറുപ്പും ചീറ്റലുമായിരുന്നു ആദ്യ ദിവസമെങ്കില്‍ കാര്യങ്ങള്‍ പൊട്ടിത്തെറിയിലേക്ക് വഴിമാറിയത് ശനിയാഴ്ചയാണ്. പുനഃസംഘടനയില്‍ തനിക്ക് ഇത്ര തൃപ്തി മുമ്പുണ്ടായിട്ടില്ലെന്നായിരുന്നു കെ. സുധാകരന്റെ പരിഹാസം. റിജില്‍ മാക്കുറ്റിയെ പരിഗണിക്കാത്തതാണ് സുധാകരന്റ അമര്‍ഷത്തിന് കാരണമെന്നാണ് വിവരം. ചാണ്ടി ഉമ്മനും അതൃപ്തിയിലാണ്. വെള്ളിയാഴ്ച കെ.പി.സി.സിയുടെ പല വാട്‌സ്ആപ് ഗ്രൂപ്പുകളില്‍നിന്നും ചാണ്ടി ഉമ്മന്‍ പുറത്തുപോയിരുന്നു.