കണ്ണൂര്‍: സി.പി.എം. മുന്‍ ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റി അംഗവും മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.പി. രമണിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ്. പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഭര്‍ത്താവ് ടികെ ഗോവിന്ദന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് സി.പി.എം. ജില്ലാ നേതൃത്വം അറിയിച്ചു.

ഇന്നലെ തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടന്ന യു.ഡി.എഫ്. കണ്‍വെന്‍ഷനില്‍ ഭര്‍ത്താവിന് പിന്തുണ അറിയിച്ചുകൊണ്ട് കെ.പി. രമണി എത്തിയിരുന്നു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് മൂവര്‍ണ ഷാള്‍ അണിയിച്ച് രമണിയെ സ്വീകരിക്കുകയും ചെയ്തു.

മുന്‍ മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്നു കെ.പി. രമണി. സി.പി.എം. മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയാണ് ടികെ ഗോവിന്ദന്‍.

ഗോവിന്ദന്റെ കുടുംബം പോലും അദ്ദേഹത്തിനൊപ്പമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്‍ നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ പ്രചാരണം തന്നെ വേദനിപ്പിച്ചെന്നും, ഗോവിന്ദന്‍ മാസ്റ്റര്‍ ഒറ്റപ്പെടാന്‍ പാടില്ലെന്ന് തോന്നിയതുകൊണ്ടുമാണ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതെന്നും കെ.പി. രമണി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

പാര്‍ട്ടി നടപടിയുണ്ടാകുമെന്ന് അറിയാമായിരുന്നെന്നും, അംഗത്വമില്ലെങ്കിലും ഒരു അനുഭാവിയായി പാര്‍ട്ടിയില്‍ തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗോവിന്ദന്‍ മാഷ് പറയുന്ന കാര്യങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കുന്ന ധാരാളം പേര്‍ പാര്‍ട്ടിക്കുള്ളിലും പുറത്തുമുണ്ടെന്നും, തനിക്കും ആ തോന്നലുണ്ടെന്നും കെ.പി. രമണി വ്യക്തമാക്കിയിരുന്നു. ഭര്‍ത്താവിനോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിന് പിന്നാലെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടത് കെ.പി. രമണിക്ക് കടുത്ത രാഷ്ട്രീയ തിരിച്ചടിയാണ്.