- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യപ്പ വികാരം മാനിക്കണം, ഭക്തര്‍ക്കൊപ്പം നില്‍ക്കണം; കരയോഗം അംഗങ്ങളും പ്രസിഡന്റുമാരും അവരുടെ മക്കളും ഇപ്പോഴും കേസുകളില്‍ കുടുങ്ങി കോടതി കയറി ഇറങ്ങുകയാണ്; എന്‍എസ്എസിനെതിരെ വിമര്‍ശനവുമായി കുമ്മനം രാജശേഖരന്‍
അയ്യപ്പ വികാരം മാനിക്കണം, ഭക്തര്‍ക്കൊപ്പം നില്‍ക്കണം;
തിരുവനന്തപുരം: അയ്യപ്പ സംഗമത്തെ അനുകൂലിച്ച എന്‍എസ്എസ് നിലപാടിനെ വിമര്‍ശിച്ചു ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. അയ്യപ്പ വികാരത്തെ എന്‍എസ്എസ് മാനിക്കണമെന്നും ഭക്തര്‍ക്കൊപ്പം നില്‍ക്കണമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. നേരത്തെ സമരത്തില്‍ പങ്കെടുത്ത ഒട്ടേറെ കരയോഗം അംഗങ്ങളും പ്രസിഡന്റുമാരും അവരുടെ മക്കളും ഇപ്പോഴും കേസുകളില്‍ കുടുങ്ങി കോടതി കയറി ഇറങ്ങുകയാണ്. അവരുടെ ഭാവി അപകടത്തിലാണ്. പലര്‍ക്കും ഇനിയും പാസ്പോര്‍ട്ട് എടുക്കാന്‍ പോലും ആകുന്നില്ല എന്നത് എന്‍എസ്എസ് വൈസ് പ്രസിഡന്റ് ഓര്‍ക്കണമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
അയ്യപ്പസംഗമത്തെ കുറിച്ച് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നടത്തിയത് അങ്ങേയറ്റം വേദനിപ്പിക്കുന്ന പ്രസ്താവനയാണ്. സംഗമത്തില്‍ ആര് പങ്കെടുക്കണം പങ്കെടുക്കേണ്ട എന്നത് തീരുമാനിക്കാനുള്ള അധികാരം ആരാണ് ഗോവിന്ദന് നല്‍കിയത്. സിപിഐഎം ആണ് സംഗമം നടത്തുന്നതെന്ന് ഇപ്പോഴാണ് മനസിലായത്. എകെജി സെന്ററില്‍ നിന്നാണ് ആളെ വിളിച്ചു കൂട്ടുന്നതെന്ന് ഗോവിന്ദന്റെ പരാമര്‍ശത്തിലൂടെ ബോധ്യമായെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
വിശ്വാസ സംരക്ഷണത്തിനായി ദേവസ്വം ബോര്‍ഡ് നടത്തുന്ന പരിപാടിയെങ്കില്‍ അതിനായി സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച് എങ്ങനെ ക്ഷണപത്രം അടിക്കും. വാണിജ്യ താല്പര്യങ്ങള്‍ക്കായി നടത്തുന്ന സംഭവമായി സംഗമം മാറിയെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയെ ഒരു ടൂറിസ്റ്റ്, വാണിജ്യ കേന്ദ്രവുമാക്കി പണം കോടികള്‍ കൊയ്തെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ മടിയുളളവരാണ് ഇപ്പോള്‍ അയ്യപ്പ സംഗമത്തിന് ഇറങ്ങുന്നത്. അയ്യപ്പന്മാരുടെ വിശ്വാസത്തെയും വികാരത്തേയും കച്ചവടവത്കരിച്ച് പണം നേടാനുള്ള നീക്കമാണിത്. എന്തിനാണ് ദേവസ്വം ബോര്‍ഡ് നോക്കുകുത്തിയായി നില്‍ക്കുന്നതെന്നും കുമ്മനം രാജശേഖരന്‍ വിമര്‍ശിച്ചു.
ബിന്ദു അമ്മിണിയെ ഇറക്കിവിട്ടത് സിപിഐഎം ആണ്. തന്ത്രപരമായ നീക്കവും കപടനാടകവുമാണിത്. അയ്യപ്പന്മാരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അയ്യപ്പ സംഗമം നടത്തേണ്ടത് വിശ്വാസികളാണ് അല്ലാതെ സിപിഐഎം അല്ല. കോടികള്‍ നല്‍കുന്നവന് മുന്‍ഗണന കൊടുക്കുമ്പോള്‍ പാവപ്പെട്ടവന്റെ വിശ്വാസത്തെ ഹനിക്കുകയാണ് ചെയ്യുന്നതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
ആചാര സംരക്ഷണമാണ് എന്‍എസ്എസിന്റെ നിലപാടെന്നും ആഗോള അയ്യപ്പ സംഗമം വിശ്വാസങ്ങള്‍ സംരക്ഷിച്ചുകൊണ്ടാണ് നടത്തുന്നത്, അതില്‍ എന്‍എസ്എസിന് എതിര്‍പ്പില്ലെന്നും എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കുമ്മനം രാജശേഖരന്‍ പരസ്യവിമര്‍ശനവുമായി എത്തിയത്.