തിരുവനന്തപുരം: കോടികള്‍ ചെലവിട്ട് നടത്തിയെങ്കിലും പൊളിഞ്ഞുപോയ നവകേരള സദസിനു പിന്നാലെ വീണ്ടും പൊതുജനസമ്പര്‍ക്കം മെച്ചപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍. ഭരണസംവിധാനത്തെയും ജനങ്ങളെയും തമ്മില്‍ നേരിട്ട് ബന്ധിപ്പിക്കുന്നതിനായി 'സി.എം. വിത്ത് മീ' (മുഖ്യമന്ത്രി എന്നോടൊപ്പം) എന്ന പേരില്‍ ഒരു പുതിയ സംവിധാനം ആരംഭിക്കുന്നു. പൊതുജനങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറിലൂടെയും നേരിട്ടും ബന്ധപ്പെടാവുന്ന ഈ സംവിധാനം, പ്രധാന സര്‍ക്കാര്‍ പദ്ധതികള്‍, ആനുകൂല്യങ്ങള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കും. 'മുഖ്യമന്ത്രി എന്നോടൊപ്പം ' അഥവാ സി എം വിത്ത് മി എന്ന പേരില്‍ സമഗ്ര സിറ്റിസണ്‍ കണക്ട് സെന്റര്‍ ആരംഭിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.

സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതിനും അവരുടെ അഭിപ്രായം സ്വരൂപിക്കാനും അവര്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ സ്വീകരിച്ച നടപടികള്‍ അവരെ അറിയിക്കാനും ഉള്ളടക്ക നിര്‍മ്മാണം, വികസനം, പ്രചരണം എന്നിവയ്ക്കുമായി ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പിന് അധിക വകയിരുത്തലിലൂടെ 20 കോടി രൂപ അനുവദിക്കും.

ഏതാണ്ട് മുഴുവന്‍സമയവും പ്രവര്‍ത്തിക്കുന്ന രീതിയില്‍ വിഭാവനം ചെയ്തിരിക്കുന്ന 'സി.എം. വിത്ത് മീ'യിലൂടെ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും കാലതാമസം കുറയ്ക്കാനും ജനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കാനും ലക്ഷ്യമിടുന്നു. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ മിഷനുകള്‍ വഴിയുള്ള ജനപങ്കാളിത്ത പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ ഈ സംവിധാനം വഴി സ്വീകരിക്കും. കൂടാതെ, അടിയന്തര ഘട്ടങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഇത് സഹായകമാകും.

വിവിധ വകുപ്പുകളിലെ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെയാണ് ഈ കേന്ദ്രത്തില്‍ നിയമിക്കുക. കെ.എ.എസ്. ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കുമെങ്കിലും മേല്‍നോട്ടം ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കായിരിക്കും. കിഫ്ബിയായിരിക്കും സാങ്കേതികവും അടിസ്ഥാനപരവുമായ സൗകര്യങ്ങള്‍ ഒരുക്കുക. തിരുവനന്തപുരത്ത് വെള്ളയമ്പലത്ത് എയര്‍ ഇന്ത്യയില്‍ നിന്ന് ഏറ്റെടുത്ത കൈട്ടിടത്തില്‍ സിറ്റിസണ്‍ കണക്ട് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കും.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ജനങ്ങളുമായി സര്‍ക്കാരിനെ കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'മുഖ്യമന്ത്രി എന്നോടൊപ്പം' എന്ന പേരില്‍ ഈ സംരംഭം നടപ്പാക്കുന്നത്. പൊതുജനങ്ങളുടെ ഫോണ്‍ വിളികള്‍ക്ക് ഉദ്യോഗസ്ഥര്‍ നേരിട്ട് മറുപടി നല്‍കുകയും വിഷയങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ എത്തിച്ച് പരിഹാരത്തിന് ശ്രമിക്കുകയും ചെയ്യും. തുടര്‍ന്ന് ഇതു സംബന്ധിച്ച വിവരങ്ങള്‍ വിളിച്ചവരെ അറിയിക്കും.

കിഫ്ബിക്ക് മുഖ്യറോള്‍

പരിപാടിയുടെ ഫലപ്രദമായ പ്രവര്‍ത്തനത്തിനായി പരിചയസമ്പന്നരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉണ്ടായിരിക്കും. നവകേരളം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന കിഫ്ബി, അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിലും ആവശ്യമായ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കും. പരിപാടിക്ക് സാങ്കേതിക, അടിസ്ഥാന സൗകര്യ ങ്ങളും മനുഷ്യവിഭവശേഷിയും നല്‍കുന്നതിന് കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിനെ (KIIFB) മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

വര്‍ക്കിംഗ് അറേഞ്ച്‌മെന്റ് അടിസ്ഥാനത്തില്‍ കെ.എ.എസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാരെ നിയമിക്കും. തത്വത്തില്‍ അതിനായി ആവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാനും മേല്‍നോട്ടത്തിനായി ഐഎഎസ് ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കാനും ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. പരിപാടിയുടെ ഫലപ്രദമായ നടത്തിപ്പ്, മേല്‍നോട്ടം, ഗുണനില വാരം എന്നിവ ഉറപ്പുവരുത്തുന്നതിന് വിവര-പൊതുജന സമ്പര്‍ക്ക വകുപ്പിനെ ചുമതലപ്പെടുത്തി.

വികസന സദസ് വരുന്നു

തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് തദ്ദേശ സ്ഥാപനങ്ങളില്‍ വികസന സദസ് സംഘടിപ്പിക്കാന്‍ അന്‍പതു കോടിയിലധികം രൂപയാണ് സര്‍ക്കാര്‍ ചെലവ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ നടത്താന്‍ ഉദ്ദേശിക്കുന്ന വികസന സദസിന്റെ ചെലവ് സര്‍ക്കാര്‍ നേരിട്ട് വഹിക്കില്ലെന്നും, അതത് തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം ഫണ്ടില്‍ നിന്ന് പണം കണ്ടെത്തണമെന്നും നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെയാണ് വീണ്ടും കോടികള്‍ പൊടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

സെപ്റ്റംബര്‍ 20 ന് ഒരു തദ്ദേശ സ്ഥാപനത്തില്‍ മുഖ്യമന്ത്രി വികസന സദസ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന 20 മിനിറ്റ് വീഡിയോ പ്രസന്റേഷനില്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ അവതരിപ്പിക്കും. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ഗ്രാമപഞ്ചായത്തുകള്‍ രണ്ടു ലക്ഷം രൂപയും, മുനിസിപ്പാലിറ്റികള്‍ നാലു ലക്ഷം രൂപയും, കോര്‍പ്പറേഷനുകള്‍ ആറു ലക്ഷം രൂപയും പരിപാടിക്കായി മുടക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ടോ അല്ലെങ്കില്‍ തനത് ഫണ്ടോ ഇതിനായി ഉപയോഗിക്കാം. ഈ തുക തികയാതെ വന്നാല്‍ ആവശ്യമെങ്കില്‍ സ്പോണ്‍സര്‍ഷിപ്പ് വഴി പണം കണ്ടെത്താമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. സ്പോണ്‍സര്‍ഷിപ്പ് വഴി പണം കണ്ടെത്തുന്നതിലൂടെ വ്യാപക പിരിവായിരിക്കും തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുക. ഇത് വ്യാപക അഴിമതിക്ക് കാരണമാകുമെന്നും ആരോപണമുയരുന്നു.

നേരത്തെ 'കേരളീയം' പരിപാടിക്കും 'നവകേരള സദസി'നും ഫണ്ട് കണ്ടെത്തിയത് സ്പോണ്‍സര്‍ഷിപ്പ് വഴിയായിരുന്നു. ഇത് വ്യാപകമായ പണപ്പിരിവാണെന്ന ആരോപണത്തിന് വഴിവെച്ചിരുന്നു. എന്നാല്‍, ഈ പരിപാടികള്‍ക്ക് ആരാണ് സ്പോണ്‍സര്‍മാരായതെന്ന് സര്‍ക്കാര്‍ നാളിതുവരെയായിട്ടും വെളിപ്പെടുത്തിയിട്ടില്ല. ഇതേ മാതൃകയില്‍ തദ്ദേശ സ്ഥാപനങ്ങളെ ഉപയോഗിച്ച് വലിയ തോതിലുള്ള ഫണ്ട് പിരിവിന് സര്‍ക്കാര്‍ കളമൊരുക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നവകേരള സദസ് ജനങ്ങള്‍ക്കിടയില്‍ വലിയ ചലനമുണ്ടാക്കാത്ത സാഹചര്യത്തില്‍, വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത് തിരിച്ചടിയാകുമോ എന്ന ആശങ്കയും ഭരണപക്ഷത്തിനുണ്ട്. സ്പോണ്‍സര്‍മാര്‍ ആരെല്ലാമാണെന്ന കാര്യത്തിലും യാതൊരു വ്യക്തതയും ഇതുവരെയുണ്ടായിട്ടില്ല. നവകേരള സദസിനായി രണ്ട് കോടി രൂപ മുടക്കി നിര്‍മ്മിച്ച ബസ് ഉപയോഗിച്ച് മുഖ്യമന്ത്രിയും സംഘവും കേരളം മുഴുവന്‍ സഞ്ചരിച്ചെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്.

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ നിയമസഭാ മന്ദിരത്തിലെ ഊട്ടുപുര നവീകരിക്കാന്‍ സര്‍ക്കാര്‍ ഏഴരക്കോടി രൂപയാണ് ചെലവാക്കിയത്്. കാലാവധി കഴിയാന്‍ ഒന്‍പതുമാസം മാത്രം ബാക്കിനില്‍ക്കെ മുഖ്യമന്ത്രി താമസിക്കുന്ന ക്ലിഫ് ഹൗസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ മന്ദിരങ്ങള്‍ നവീകരിക്കാന്‍ കോടിക്കണക്കിനു രൂപയാണ് സര്‍ക്കാര്‍ ചെലവാക്കുന്നത്. ലൈഫ് മിഷന്‍ വീട് നിര്‍മ്മിക്കാനുള്ള തുകയേക്കാള്‍ കുടുതല്‍ ചെലവിട്ടാണ് ക്ലിഫ് ഹൗസില്‍ ചാണകക്കുഴി നിര്‍മ്മിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ 2021 മുതല്‍ നവീകരിക്കാന്‍ ഇതുവരെ നാലുകോടിയോളം രൂപ ചെലവായിട്ടുണ്ട്്. 14 പ്രധാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ ക്ലിഫ് ഹൗസില്‍ നടന്നത്. ലിഫ്റ്റ് ,കാലിതൊഴുത്ത് , കക്കൂസ്, കുളിമുറി നവീകരണം, അടുക്കളയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വിശ്രമമുറിയുടെ നവീകരണം, പെയിന്റിംഗ്, മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിലെ ഓഫിസ് റൂം നവീകരണം തുടങ്ങിയ പ്രവൃത്തികളാണ് മരാമത്ത് വകുപ്പ് മുഖേന നടന്നത്. പെയിന്റിംഗിന് മാത്രം 12 ലക്ഷം രൂപ ചെലവായി. ടൂറിസം വകുപ്പിന്റെ കീഴിലാണ് ക്ലിഫ് ഹൗസ് അടക്കമുള്ള മന്ത്രി മന്ദിരങ്ങള്‍. മരാമത്ത് വകുപ്പിന് പുറമേ ഏകദേശം രണ്ടുകോടി രൂപയുടെ പ്രവൃത്തികള്‍ ക്ലിഫ് ഹൗസില്‍ ടൂറിസം വകുപ്പും നടത്തി. ക്ലിഫ് ഹൗസിലെ നീന്തല്‍കുളം, പൂന്തോട്ടം, വെള്ളം, വൈദ്യുതി മുതലായവയുടെ ചുമതല ടൂറിസം വകുപ്പിനാണ്.