കല്‍പ്പറ്റ: യുഡിഎഫ് പ്രവേശനം ലക്ഷ്യമിട്ട് വയനാട്ടില്‍ മലയോര ജാഥ നടത്തുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി പിവി അന്‍വര്‍. മാനന്തവാടിയില്‍ വച്ചാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. പ്രതിപക്ഷ നേതാവിന്റെ മലയോര ജാഥയില്‍ സഹകരിപ്പിക്കണമെന്ന് അന്‍വര്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇക്കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്ത് അറിയിക്കാമെന്നാണ് പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞത്. പ്രതിപക്ഷ നേതാവിന്റെ യാത്ര മലപ്പുറത്തേക്ക് എത്താനിരിക്കെയാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. അതേസമയം, അന്‍വറിനെ യാത്രയില്‍ സഹകരിപ്പിക്കുന്നതില്‍ നാളെ തീരുമാനം ഉണ്ടായേക്കും.

മനുഷ്യ വന്യമൃഗ സംഘര്‍ഷത്തിന്റെ പേരിലുള്ള ജയില്‍വാസത്തോടെയാണ് അന്‍വര്‍ വീണ്ടും രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയായത്. ഈ അവസരം പരമാവധി മുതലാക്കാന്‍ അതിവേഗം എംഎല്‍എ സ്ഥാനം രാജിവച്ച് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വവും ഏറ്റെടുത്തപ്പോള്‍ യുഡിഎഫ് പ്രവേശനം തന്നെയായിരുന്നു അന്‍വറിന്റെ മനസില്‍. മുന്നണി പ്രവേശനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ സാധ്യതയുള്ള പ്രതിപക്ഷ നേതാവ് വിഡി സതീശനോട് മാപ്പും പറഞ്ഞ് കാത്തിരുന്നെങ്കിലും അനുകൂല തീരുമാനം ഇതുവരേയും ഉണ്ടായില്ല. ഇതോടെയാണ് വി ഡി സതീശനെ നേരിട്ടുകണ്ട് സഹകരിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്.

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചതോടെ യാത്ര സര്‍ക്കാരിനെതിരായ സമര പ്രഖ്യാപനമായി പ്രതിപക്ഷത്തിന്റെ മലയോര യാത്ര മാറി. വ്യാഴ്ച യാത്ര നിലമ്പൂരില്‍ എത്താനിരിക്കെയാണ് അന്‍വര്‍ അടുത്ത നീക്കം നടത്തിയത്. തന്നെ കൂടി യാത്രയുടെ ഭാഗമാക്കണം എന്ന ആവശ്യമാണ് അന്‍വര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഇക്കാര്യം പ്രതിപക്ഷ നേതാവ് വിഡി സതീശനെ നേരില്‍ കണ്ട് ആവശ്യപ്പെടുകയും ചെയ്തു. അന്‍വര്‍ ഈ കലാപമെല്ലാം ഉണ്ടാക്കിയ ശേഷം ആദ്യമായാണ് അന്‍വര്‍ സതീശന്‍ കൂടിക്കാഴ്ച നടക്കുന്നത്. അന്‍വറിന്റെ അഭ്യര്‍ത്ഥനയില്‍ സതീശന്‍ ഒരു തീരുമാനം വ്യക്തമാക്കിയിട്ടില്ല.

യാത്രയില്‍ ഒപ്പം കൂട്ടിയാല്‍ മുന്നണിയിലും വേഗത്തിലെത്താം എന്നാണ് അന്‍വറിന്റെ കണക്കുകൂട്ടല്‍. കൂടാതെ നിലമ്പൂരിലെ ജനങ്ങള്‍ക്ക് മുന്നില്‍ യുഡിഎഫ് ടിക്കറ്റില്‍ അവതരിക്കാനും കഴിയും. ഇനി നിലമ്പൂരില്‍ മത്സരിക്കാന്‍ ഇല്ലെന്ന് പ്രഖ്യാപിച്ചെങ്കിലും സീറ്റില്‍ അന്‍വറിന് നോട്ടമുണ്ട്. ഒറ്റയ്ക്ക് മത്സരിച്ചാല്‍ ഗുണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് തന്നെയാണ് യുഡിഎഫ് കൊടിയില്‍ അഭയം തേടാന്‍ ശ്രമിക്കുന്നത്. സീറ്റിന്റെ പേരില്‍ ആര്യാടന്‍ ഷൗക്കത്ത് ഉണ്ടാക്കനിടയുള്ള എതിര്‍പ്പ് മുന്നില്‍ കണ്ട് തന്നെയാണ് താന്‍ ഇനി മത്സരിക്കുന്നില്ലെന്നും മലപ്പുറം ഡിസിസി പ്രസിഡന്റ് ജോയിയെ മത്സരിപ്പിക്കണം എന്ന കമന്റ് അന്‍വര്‍ നടത്തിയതും.

അതിനിടെ, പാലക്കാട് ജില്ലയിലെ നെന്മാറ ഇരട്ടക്കൊലക്കേസില്‍ വിഡി സതീശന്‍ പൊലീസിനെതിരെ രംഗത്തെത്തി. അറസ്റ്റിലായ പ്രതി ജാമ്യത്തില്‍ ഇറങ്ങി അതേ വീട്ടിലെ രണ്ടു പേരെ കൊലപ്പെടുത്തിയത് സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിന്റെ തകര്‍ച്ച വ്യക്തമാക്കുന്നതാണെന്ന് സതീശന്‍ പറഞ്ഞു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് നാട്ടിലെത്തിയ പ്രതി ഭീഷണിപ്പെടുത്തിയതു സംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടി എടുക്കാത്ത പൊലീസ് ഈ കൊലപാതകങ്ങള്‍ക്ക് ഉത്തരം പറഞ്ഞേ മതിയാകൂ എന്നും വിഡി സതീശന്‍ പറഞ്ഞു.

ഒരു വീട്ടിലെ മൂന്നു പേരെയാണ് ഈ പ്രതി രണ്ടു തവണയായി കൊലപ്പെടുത്തിയത്. ഇതോടെ ഒരു കുടുംബത്തിലെ രണ്ട് പെണ്‍കുട്ടികളാണ് അനാഥമാക്കപ്പെട്ടത്. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയ്ക്കു പുറമെ കൊലയാളിയെ ഇനിയും കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് സേനയെ രാഷ്ട്രീയവത്ക്കരിച്ച് നിര്‍വീര്യമാക്കിയതിന്റെ ദുരന്തഫലമാണ് നെന്മാറയില്‍ കണ്ടത്. ഇത്രയും അരാജകമായ സാഹചര്യം സംസ്ഥാനത്ത് ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. അനാഥരാക്കപ്പെട്ട ഈ പെണ്‍കുട്ടികളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.മലയോര യാത്രയില്‍ ഒപ്പം കൂട്ടണമെന്ന് സതീശനോട് അഭ്യര്‍ത്ഥിച്ച് അന്‍വര്‍