- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടത്തില്‍ മികച്ച പോളിംഗ്; 55 ശതമാനം കടന്നു; തിരുവനന്തപുരത്ത് വേഗം പോരാ; ഗവര്‍ണ്ണറുടെ ആദ്യ വോട്ട്; വോക്കറിലെത്തി ജി സുധാകരന്‍; എല്‍ഡിഎഫിന് ചരിത്രവിജയമെന്ന് ബേബി; ഭരണത്തെ മടുത്തെന്ന് ആന്റണി; നിര്‍ണായക തിരഞ്ഞെടുപ്പെന്ന് രാജീവ് ചന്ദ്രശേഖര്‍; പോള്‍ സര്‍വേ വിവാദം; പൂഞ്ഞാറിലും വഞ്ചിയൂരിലും കള്ളവോട്ടാരോപണം; സംഘര്‍ഷം
തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടത്തില്‍ മികച്ച പോളിംഗ്
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും കനത്ത പോളിങ് രേഖപ്പെടുത്തി. വൈകിട്ട് ആറു മണിവരെയാണ് വോട്ടെടുപ്പ്. ഉച്ചക്ക് മൂന്ന് മണിവരെ 54.11 ശതമാനം ആളുകള്‍ വോട്ട് രേഖപ്പെടുത്തി. ഗവര്‍ണര്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരല്ലാം രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി. 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാര്‍ഡുകളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 36,630 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.
ആദ്യ ഘട്ട വോട്ടിങ് നടക്കുന്ന ജില്ലകളില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് എറണാകുളത്താണ് 61.05 ശതമാനത്തിലേറെ ആളുകള്‍ എറണാകുളത്ത് വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് തിരുവനന്തപുരത്താണ്. 53.63 ശതമാനമാണ് തിരുവനന്തപുരത്തെ പോളിങ്. കൊല്ലം- 57.57, പത്തനംതിട്ട -55.54, ആലപ്പുഴ -60.08, കോട്ടയം- 57.97, ഇടുക്കി- 56.6 എന്നിങ്ങനെയാണ് പോളിങ് ശതമാനം. തിരുവനന്തപുരം കോര്‍പ്പറേഷനിലടക്കം പോളിങ് സ്റ്റേഷനുകള്‍ക്ക് മുമ്പില്‍ രാവിലെ മുതല്‍ വലിയ വരിയാണ്.
വോട്ട് രേഖപ്പെടുത്തിയ പ്രമുഖര്‍
ഗവര്‍ണര്‍, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയ പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കേരളത്തിലെത്തിയ ശേഷമുള്ള തന്റെ ആദ്യ വോട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ രേഖപ്പെടുത്തി. വി. ശിവന്‍കുട്ടി, സജി ചെറിയാന്‍, പി. രാജീവ്, ജെ. ചിഞ്ചുറാണി, ഗണേഷ് കുമാര്‍, പി. പ്രസാദ്, വി.എന്‍. വാസവന്‍, കെ.എന്‍. ബാലഗോപാല്‍, ജി.ആര്‍. അനില്‍, റോഷി അഗസ്റ്റിന്‍, വീണാ ജോര്‍ജ് എന്നിവരുള്‍പ്പെടെയുള്ള മന്ത്രിമാര്‍ വോട്ട് രേഖപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ശശി തരൂര്‍ എം.പി., രമേശ് ചെന്നിത്തല, കെ. മുരളീധരന്‍, എം.എം. ഹസന്‍, പി.ജെ. ജോസഫ്, ജോസ് കെ. മാണി, അടൂര്‍ പ്രകാശ്, വൈക്കം വിശ്വന്‍, ജി. സുധാകരന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയ നേതാക്കളും ആദ്യ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തിയവരില്‍ ഉള്‍പ്പെടുന്നു.
ദിലീപും കാവ്യാ മാധവനും ആലുവ സെന്റ് ഫ്രാന്‍സിസ് എല്‍.പി. സ്‌കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. മാധ്യമങ്ങളോട് പ്രതികരിക്കാതെ ഇരുവരും മടങ്ങി.
ജി. സുധാകരന്‍: കാലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന മുന്‍ മന്ത്രിയും സി.പി.എം. നേതാവുമായ ജി. സുധാകരന്‍ വോക്കറില്‍ എത്തി പുന്നപ്ര വടക്ക് പഞ്ചായത്തിലെ പറവൂര്‍ ഗവ. ഹൈസ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ശബരിമല സ്വര്‍ണകൊള്ള വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തിരിച്ചടിയാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
എം.എ. ബേബി: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. ചരിത്രവിജയം നേടുമെന്നും മികച്ച മുന്നേറ്റമുണ്ടാക്കുമെന്നും സി.പി.എം. നേതാവ് എം.എ. ബേബി പറഞ്ഞു. ഇടത് ഭരണത്തെ ജനങ്ങള്‍ക്ക് മടുത്തെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ പ്രതികരണം.
വി.ഡി. സതീശന്‍: യു.ഡി.എഫിന്റെ ഐതിഹാസിക തിരിച്ചുവരവുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു. അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും, ഉന്നതരിലേക്ക് അന്വേഷണം പോകാതിരിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
രാജീവ് ചന്ദ്രശേഖര്‍: നിര്‍ണായകമായ തെരഞ്ഞെടുപ്പാണെന്ന് വോട്ട് ചെയ്ത ശേഷം ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.
മന്ത്രി പി. പ്രസാദ്: എല്‍.ഡി.എഫ്. അഭിമാന വിജയം നേടുമെന്നും മുന്‍ കാലങ്ങളേക്കാള്‍ കൂടുതല്‍ ഇടതു തരംഗമുണ്ടെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. ചിലയിടങ്ങളില്‍ യു.ഡി.എഫ്-ബി.ജെ.പി. ബാന്ധവമുണ്ട്, ഇത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്സലാണെന്നും അദ്ദേഹം ആരോപിച്ചു.
പത്തനംതിട്ട സീതത്തോട് വാലുപാറ ബൂത്തിലെ രണ്ടാം പോളിങ് ഓഫീസര്‍ പി.എസ്. സരിന്‍ കുഴഞ്ഞുവീഴുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
എറണാകുളം പെരുമ്പാവൂര്‍ വെങ്ങോലയില്‍ വോട്ട് ചെയ്യാന്‍ എത്തിയ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചു.
വിവാദങ്ങള്‍
പോള്‍ സര്‍വേ വിവാദം
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖയുടെ 'പ്രീ പോള്‍ സര്‍വേ' പോസ്റ്റ് വിവാദമായി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവം സൈബര്‍ പോലീസിന് റിപ്പോര്‍ട്ട് ചെയ്തു. വിവാദമായതോടെ പോസ്റ്റ് ശ്രീലേഖ ഡിലീറ്റ് ചെയ്തു.
കോട്ടയം പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ പയ്യനിത്തോട്ടത്ത് കള്ളവോട്ട് നടന്നതായി എല്‍.ഡി.എഫ്. ആരോപിച്ചു. വില്ലേജ് ഓഫീസില്‍ ജോലി ചെയ്യുന്ന വിഷ്ണുവിന്റെ വോട്ട് സഹോദരന്‍ ജിഷ്ണു ചെയ്തുവെന്നാണ് ആരോപണം. എല്‍.ഡി.എഫ്. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് അറിയിച്ചു. തിരുവനന്തപുരത്ത് വഞ്ചിയൂരില്‍ സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായി. ബൂത്ത് ഒന്നില്‍ കള്ളവോട്ട് നടന്നെന്നാണ് ആരോപണം. റീപോളിംഗ് ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. എന്നാല്‍ സിപിഎം ആരോപണം നിഷേധിച്ചു.
ആലപ്പുഴ മണ്ണഞ്ചേരിയില്‍ സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് പോളിംഗ് നിര്‍ത്തി വച്ചു. ഒന്നാം നമ്പര്‍ ബൂത്തില്‍ ഇവിഎമ്മില്‍ സ്ഥാനാര്‍ഥിയുടെ ചിത്രം തെളിയാതെ വന്നതാണ് പ്രശ്‌നം.




