- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ-പാക് സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് എം എ ബേബി; പഹല്‍ഗാം ഭീകരാക്രമണം സൃഷ്ടിച്ച ആശങ്കകളില്‍ പലതും ഇപ്പോഴും പരിഹാരമാകാതെ തുടരുന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടറി
ഇന്ത്യ-പാക് സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കണം
ന്യൂഡല്‍ഹി : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തലും അനുബന്ധ സംഭവങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് എം എ ബേബി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പഹല്‍ഗാം ഭീകരാക്രമണം സൃഷ്ടിച്ച ആശങ്കകളില്‍ പലതും ഇപ്പോഴും പരിഹാരമാകാതെ തുടരുകയാണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപനം രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും അന്താരാഷ്ട്ര സമൂഹത്തിനും ആശ്വാസം പകരുന്നു.
ഏപ്രില്‍ 22 ന് വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഹീനമായ ആക്രമണം രാജ്യമനസ്സാക്ഷിയെ പിടിച്ചുലച്ചു. എന്നാല്‍ പ്രതിസന്ധിയുടേതായ ഈ ഘട്ടത്തില്‍ രാജ്യമാകെ ഒറ്റക്കെട്ടായി നിലകൊണ്ടു. ഭീകരതയെ തള്ളിപറഞ്ഞു. ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും ഒറ്റപ്പെടുത്തുന്നതിന് ജനങ്ങളുടെ ഈ ഐക്യത്തെ പ്രയോജനപ്പെടുത്തണം.
ദൗര്‍ഭാഗ്യവശാല്‍ ദേശീയതലത്തില്‍ ഉയര്‍ന്ന ഐക്യത്തെ ഇകഴ്ത്തും വിധം വലിയതോതില്‍ വിദ്വേഷ- വിഘടിത പ്രചാരണവും ഒരു വിഭാഗം മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വലിയതോതില്‍ നുണപ്രചാരണവുമുണ്ടായി. ഇത് ജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥത സൃഷ്ടിച്ചു. കൂടാതെ വെടിനിര്‍ത്തല്‍ സംബന്ധിച്ച അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനവും ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കാതെ, നമ്മുടെ തര്‍ക്കങ്ങള്‍ ഉഭയകക്ഷിപരമായി പരിഹരിക്കുക എന്നത് രാജ്യം അംഗീകരിച്ച നയമാണ്.
അതുകൊണ്ട് ഈ സാഹചര്യത്തില്‍ ഗവണ്‍മെന്റിന്റെ ഉന്നത തലങ്ങളില്‍ നിന്ന് ആധികാരികവുമായ വ്യക്തത വിഷയത്തില്‍ വരുത്തേണ്ടത് ആവശ്യമാണ്. ഈയൊരു സാഹചര്യത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സിപിഐഎമ്മിന്റെ സഭാനേതാക്കള്‍ ഇക്കാര്യം നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി തന്നെ പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കണം- എം എ ബേബി കത്തില്‍ ആവശ്യപ്പെട്ടു.