- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യപ്പ കോപം മാറ്റാന്‍ പരിഹാരം തേടിയാണ് എം.വി.ഗോവിന്ദന്‍ പയ്യന്നൂരിലെ ജ്യോത്സ്യരെ കണ്ടത്; മാധവപൊതുവാള്‍ ആണ് അയ്യപ്പ സംഗമം നടത്താന്‍ നിര്‍ദേശിച്ചത്; ആത്മാര്‍ഥത ഉണ്ടെങ്കില്‍ അന്നത്തെ കേസുകളാണ് ആദ്യം പിന്വലിക്കേണ്ടകത്; പരഹസിച്ചു എം കെ രാഘവന്‍ എംപി
അയ്യപ്പ കോപം മാറ്റാന്‍ പരിഹാരം തേടിയാണ് എം.വി.ഗോവിന്ദന്‍ പയ്യന്നൂരിലെ ജ്യോത്സ്യരെ കണ്ടത്;
കോഴിക്കോട്: സിപിഎമ്മിനെയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും പരിഹസിച്ചു കോഴിക്കോട് എംപി എം കെ രാഘവന്‍. ആഗോള അയ്യപ്പ സംഗമം സര്‍ക്കാര്‍ നടത്തിയത് ജോത്സ്യരുടെ നിര്‍ദേശപ്രകാരമാണെന്ന് എം.കെ.രാഘവന്‍ എംപി. അയ്യപ്പ കോപം മാറ്റാന്‍ പരിഹാരം തേടിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പയ്യന്നൂരിലെ ജ്യോത്സ്യര്‍ മാധവപ്പൊതുവാളിനെ കണ്ടത്. മാധവ പൊതുവാളാണ് അയ്യപ്പ സംഗമം നടത്താന്‍ നിര്‍ദേശിച്ചത്. അത് പ്രകാരമാണ് സര്‍ക്കാര്‍ അയ്യപ്പ സംഗമം നടത്തിയതെന്നും രാഘവന്‍ പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശനത്തിന് ഒത്താശ ചെയ്ത സര്‍ക്കാര്‍ ആണിത്. സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ അന്നത്തെ കേസുകളാണ് ആദ്യം പിന്‍വലിക്കേണ്ടതെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം അയ്യപ്പ സംഗമം പൂര്‍ണ പരാജയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും പ്രതികരിച്ചത്. ഇനി എഐ എന്നൊക്കെ പറഞ്ഞ് രക്ഷപ്പെടുകയല്ലാതെ മാര്‍ഗമില്ലെന്നും വിശ്വാസം അഭിനയിക്കുന്നവരെ നാട് ഭയക്കണമെന്നും വേണുഗോപാല്‍ പറഞ്ഞു. സംഗമം കൊണ്ടുണ്ടായ ഏക ഗുണം ദേവസ്വം മന്ത്രിക്ക് യുപി മുഖ്യമന്ത്രിയുടെ ആശംസ വായിക്കാനായി എന്നത് മാത്രം. അയ്യപ്പ സ്വാമിയെ രാഷ്ട്രീയ നേട്ടത്തിന്റെ വേദി ആക്കരുതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം പരിപൂര്‍ണ പരാജയമെന്ന് രമേശ് ചെന്നിത്തല. 51 രാജ്യങ്ങളില്‍ നിന്ന് ആളുകള്‍ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇരുമുടി കെട്ടുമായെത്തിയ ഭക്തരുടെ പേര് എഴുതിവെക്കുകയായിരുന്നു. സര്‍ക്കാരിന്റേത് തെരഞ്ഞെടുപ്പിന് വോട്ട് തട്ടാനുള്ള കാപട്യം നിറഞ്ഞ ശ്രമമെന്നും രമേശ് പറഞ്ഞു. മുഖം നന്നാവാത്തതിന് ഗോവിന്ദന്‍ മാഷ് കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ട് കാര്യമില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
വര്‍ഗീയത പരത്തി വോട്ട് നേടാന്‍ ആണ് സിപിഎം നീക്കമെന്നായിരുന്നു മുസ്‌ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമിന്റെ പ്രതികരണം. കാലിയായ കസേരകള്‍ക്ക് മുന്നിലാണ് ചര്‍ച്ചകള്‍ നടന്നതെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എംപിയും ആരോപിച്ചു. അതേസമയം ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയവിജയമെന്ന് സര്‍ക്കാറും സി.പി.എമ്മും വിലയിരുത്തുമ്പോള്‍തന്നെ, ആളില്ലാക്കസേരകള്‍ ചൂണ്ടിക്കാട്ടി തുടങ്ങിയ വിവാദം മറ്റു വിഷയങ്ങളിലേക്കും പടരുന്നു. പ്രതീക്ഷിച്ചത്ര ഭക്തരെത്തിയില്ല എന്നതിനപ്പുറം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസാസന്ദേശം മന്ത്രി വി.എന്‍. വാസവന്‍ വായിച്ചതും ന്യൂനപക്ഷവിരുദ്ധ പ്രസ്താവനയിലൂടെ വിമര്‍ശനം നേരിടുന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അമിത പരിഗണന നല്‍കിയതുമാണ് ചോദ്യംചെയ്യപ്പെടുന്നത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തില്‍ വെള്ളാപ്പള്ളി സംഗമവേദിയിലെത്തിയതും വിമര്‍ശനത്തിനിടയാക്കി. സംഗമത്തിനെതിരെ എതിര്‍പ്പുയര്‍ത്തിയ ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ ലക്ഷ്യമിട്ടാണ് യോഗിയുടെ ആശംസ വായിച്ചതെങ്കിലും ഇതിനെതിരെ സി.പി.എമ്മില്‍നിന്നാണ് മുറുമുറുപ്പേറെയും.
'ശബരിമലയെ ആഗോള തീര്‍ഥാടന കേന്ദ്രമാക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു സംഗമമെങ്കിലും പാര്‍ട്ടിയില്‍നിന്ന് അകന്ന ഈഴവരടക്കം വിശ്വാസിസമൂഹത്തെ തിരിച്ചെത്തിക്കുക, ഭൂരിപക്ഷത്തെ അവഗണിച്ച് ന്യൂനപക്ഷ അവകാശങ്ങള്‍ക്കായാണ് ഇടതുപക്ഷം നിലകൊള്ളുന്നതെന്ന സംഘപരിവാര്‍ പ്രചാരണത്തിന്റെ മുനയൊടിക്കുക, ശബരിമല യുവതീപ്രവേശനത്തിലെ സര്‍ക്കാറിന്റെ 'തിരുത്ത്' ഭക്തരെ ബോധ്യപ്പെടുത്തുക എന്നിവയടക്കമാണ് സി.പി.എം ലക്ഷ്യമിട്ടത്. ഇക്കാര്യങ്ങളില്‍ അയ്യപ്പ സംഗമം പാര്‍ട്ടിക്കും സര്‍ക്കാറിനും എത്രമാത്രം ഗുണം ചെയ്‌തെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം.
പ്രതിപക്ഷവും ബി.ജെ.പിയും എതിര്‍ത്ത സംഗമത്തില്‍ എസ്.എന്‍.ഡി.പി, എന്‍.എസ്.എസ്, കെ.പി.എം.എസ് പ്രാതിനിധ്യം ഉറപ്പാക്കാനായത് നേട്ടമാണ്. വിശ്വാസിസമൂഹത്തെ ചേര്‍ത്തുപിടിച്ചാകും മുന്നോട്ടുപോവുകയെന്ന സന്ദേശം നല്‍കാനുമായി. പ്രതീക്ഷിച്ച ആളെത്താത്തതോടെ ഭക്തര്‍തന്നെ സംഗമത്തെ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള രാഷ്ട്രീയനീക്കമായി വിലയിരുത്തിയോ എന്ന ചോദ്യം ഉയരുന്നുണ്ട്.