കോട്ടയം: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തമിഴ്നാട് മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ഡി എം കെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ എത്തിയിരുന്നു.

ഇന്ന് കുമരകത്ത് താമസിക്കുന്ന എം കെ സ്റ്റാലിന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച വിഷയം പിണറായി വിജയനുമായി ചര്‍ച്ച ചെയ്യുമെന്ന് സ്റ്റാലിന്‍ നേരത്തെ അറിയിച്ചിരുന്നു. കോട്ടയം കുമരകം ലേക് റിസോര്‍ട്ടില്‍ വച്ചാണ് കൂടിക്കാഴ്ച.



രാവിലെ പത്തരയോടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ജില്ലാ കലക്ടര്‍ എന്‍എസ്‌കെ ഉമേഷ് സ്വീകരിച്ചു. വൈക്കം സത്യഗ്രഹത്തില്‍ തന്തൈ പെരിയാര്‍ പങ്കെടുത്തതിന്റെ ശതാബ്ദി ആഘോഷ സമാപനത്തില്‍ പങ്കെടുക്കുന്നതിനും നവീകരിച്ച തന്തൈ പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനുമായാണ് സ്റ്റാലിന്‍ എത്തിയത്. ഭാര്യ ദുര്‍ഗയും അദ്ദേഹത്തിനൊപ്പമുണ്ട്.

നവീകരിച്ച സ്മാരകത്തിന്റെ ഉദ്ഘാടനവും തമിഴ്നാട് സര്‍ക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും നാളെയാണ് നടക്കുന്നത്. രാവിലെ 10 ന് സ്റ്റാലിന്‍ സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും. കെ വീരമണി മുഖ്യാതിഥിയാകും. മന്ത്രിമാരായ വി എന്‍ വാസവന്‍, സജി ചെറിയാന്‍, തമിഴ്നാട് മന്ത്രിമാരായ ദുരൈ മുരുകന്‍, എവി വേലു, എംപി സ്വാമിനാഥന്‍, അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ് എംപി, സികെ ആശ എംഎല്‍എ, വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രീതാ രാജേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.