പാലക്കാട്: പ്രധാനമന്ത്രിക്ക് എതിരെയുള്ള സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജിന്റെ പ്രസ്താവന വിവാദമാകുന്നു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് സഹായം നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ ചൊല്ലിയാണ് പ്രധാനമന്ത്രിയെ കടന്നാക്രമിച്ചുള്ള വാക്കുകള്‍. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി ഡോ.പി.സരിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി വയനാട്ടിലേക്ക് വന്നത് മൃതശശരീരങ്ങള്‍ കണ്ട് ആസ്വദിക്കാനാണെന്നും ഗുജറാത്ത് കൂട്ടക്കൊലയുടെ ഭൂതകാല സ്മരണ എന്നോണമാണ് സന്ദര്‍ശനം നടത്തിയതെന്നും സ്വരാജ് വിമര്‍ശിച്ചു. മനസാക്ഷി തൊട്ട് തീണ്ടാത്ത പ്രധാനമന്ത്രി കേരളത്തെ വഞ്ചിച്ചുവെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം മനുഷ്യനെന്ന പദത്തിന് അര്‍ഹനല്ലാത്ത വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും പറഞ്ഞു.

കേരളത്തിനെതിരെ കേന്ദ്രം അപ്രഖ്യാപിത യുദ്ധം നടത്തുകയാണ്. അതിലൊരു യുദ്ധമായാണ് വയനാടിനെയും കണ്ടത്. വിഷയത്തില്‍ മാധ്യമങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത് സ്വാഗതാര്‍ഹമാണ്. കേന്ദ്രത്തിന്റെ കേരള വിരുദ്ധ നിലപാടിനെതിരെ ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമരം നടത്തിയപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് അതിനെ പിന്നില്‍ നിന്ന് കുത്തിയെന്നും സ്വരാജ് വിമര്‍ശിച്ചു.