- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളാപ്പള്ളിയെ തള്ളാതെയും മലപ്പുറത്തെ ചേര്‍ത്തുപിടിച്ചും എം വി ഗോവിന്ദന്‍; സ്‌കൂള്‍ തുടങ്ങാന്‍ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കണം; വെള്ളാപ്പള്ളി ഒരു ബാധ്യതയായി തോന്നുന്നില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
വെള്ളാപ്പള്ളിയെ തള്ളാതെയും മലപ്പുറത്തെ ചേര്‍ത്തുപിടിച്ചും എം വി ഗോവിന്ദന്‍
തിരുവനന്തപുരം: വടക്കാഞ്ചേരി കോഴ വിവാദത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആരെയെങ്കിലും ചാക്കിട്ടുപിടിച്ച് പ്രസിഡന്റാക്കി ഭരണസംവിധാനത്തെ കൈക്കലാക്കേണ്ട ഒരു ത്വരയും സിപിഎമ്മിനില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു.
50 ലക്ഷം കൊടുത്ത് ആളെപ്പിടിക്കേണ്ട കാര്യം പാര്‍ട്ടിക്കില്ല. ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും മറച്ചുവയ്ക്കാനില്ല. വടക്കാഞ്ചേരിയില്‍ ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷിക്കട്ടെ എന്നാണ് പാര്‍ട്ടി നിലപാട്. വിഷയം സിപിഎം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് സ്‌കൂള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവന, വെള്ളാപ്പള്ളിയും സര്‍ക്കാരും ചേര്‍ന്ന് കൈകാര്യം ചെയ്യേണ്ടതാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. സ്‌കൂള്‍ തുടങ്ങാന്‍ ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കണം. വെള്ളാപ്പള്ളി ഒരു ബാധ്യതയായി തോന്നുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.
മലപ്പുറം ജില്ലാ രൂപവത്കരണത്തിന് നേതൃത്വം കൊടുത്ത പാര്‍ട്ടിയാണ് സിപിഎം. ആ മലപ്പുറത്തിനെതിരായി ആര് പറഞ്ഞാലും അംഗീകരിക്കില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. സിപിഎമ്മിന് മുസ്ലിം വിരുദ്ധ നിലപാടില്ല. എന്നാല്‍ വര്‍ഗീയതയ്ക്കെതിരേ ഉറച്ച നിലപാടാണ്. ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും പാര്‍ട്ടി അതിശക്തമായി എതിര്‍ക്കും. വെള്ളാപ്പള്ളിയെ വര്‍ഗീയവാദിയായൊന്നും തങ്ങള്‍ കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




