കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യക്കെതിരായ പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി എം.വി ജയരാജന്‍. തന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ചെന്നും പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും ജയരാജന്‍ പറഞ്ഞു.

'വിവാദമുണ്ടാക്കുന്ന പ്രസംഗങ്ങള്‍ ഒഴിവാക്കേണ്ടതാണെന്ന് മാത്രമാണ് പറഞ്ഞത്. എഡിഎമ്മിന്റെ മരണത്തിന് പിന്നില്‍ ദിവ്യയാണെന്ന ആരോപണത്തില്‍ കേസുണ്ട്. കേസ് പൊലീസ് അന്വേഷിക്കുകയാണ്. ഒരു വാചകം അടര്‍ത്തിയെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തുന്നു' - എം.വി ജയരാജന്‍ പറഞ്ഞു.

എഡിഎമ്മിന്റെ മരണത്തിന് ഇടയാക്കിയത് ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമര്‍ശമെന്നത് സത്യമാണ് എന്നായിരുന്നു ജയരാജന്‍ നേരത്തെ പറഞ്ഞിരുന്നത്. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് കാരണം ദിവ്യയുടെ പരാമര്‍ശം തന്നെയാണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പറഞ്ഞത്. വിവാദമായിര. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ പൊതു ചര്‍ച്ച സംബന്ധിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു ജയരാജന്‍ നിലപാട് വ്യക്തമാക്കിയത്

'എഡിഎമ്മിന്റെ മരണത്തിന് ഇടയാക്കിയത് ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാന പരാമര്‍ശമെന്നത് സത്യമാണ്. അതുകൊണ്ടാണ് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞത്. ആ കാഴ്ചപ്പാടാണ് അന്നും ഇന്നും പാര്‍ട്ടിക്കുള്ളത്' - എം.വി ജയരാജന്‍ പറഞ്ഞു. ഈ പ്രസ്താവനവിവാദമായപ്പോഴാണ് ജയരാജന്‍ തിരുത്തുമായി രംഗത്തുവന്നത.

പി.പി ദിവ്യക്കെതിരെയെടുത്ത സംഘടനാ നടപടി ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു. പി.പി ദിവ്യയുടേത് ന്യായീകരിക്കാന്‍ കഴിയാത്ത തെറ്റായ നടപടിയാണ് എന്നായരിന്നു പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിന്നത്. സംഘടനാ റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചക്കിടയില്‍ ദിവ്യയെ അനുകൂലിച്ചും എതിര്‍ത്തും പ്രതിനിധികള്‍ സംസാരിച്ചിരുന്നു. ദിവ്യയ്‌ക്കെതിരായ നടപടി മാധ്യമ വിചാരണയ്ക്ക് വഴങ്ങിയെന്ന തോന്നലുണ്ടാക്കിയെന്നും പത്തനംതിട്ട ജില്ലാ കമ്മിറ്റി വിഷയത്തില്‍ അനാവശ്യമായ സമ്മര്‍ദ്ദം ഉണ്ടാക്കിയെന്നും പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റിയിലുള്ള പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

എഡിഎമ്മിന്റെ യാത്രയയപ്പു യോഗത്തില്‍ നടത്തിയ പ്രസംഗത്തിലെ, ഒരിക്കലും ന്യായീകരിക്കാനാകാത്ത തെറ്റായ പരാമര്‍ശത്തെത്തുടര്‍ന്ന് പി.പി.ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍നിന്നും ഒഴിവാക്കാന്‍ തീരുമാനിക്കുകയുണ്ടായി. ഈ അച്ചടക്ക നടപടിക്കു സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട് എന്നാണ് ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശം.

പി.പി.ദിവ്യ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞത് അഴിമതിക്കെതിരായ സദുദ്ദേശ്യപരമായ വിമര്‍ശനം മാത്രമാണെന്നും അത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ് എന്നുമായിരുന്നു ജില്ലാ സെക്രട്ടേറിയറ്റിന്റെ ആദ്യ വിലയിരുത്തല്‍. ദിവ്യയ്‌ക്കെതിരായ അച്ചടക്കനടപടി ജില്ലാ സമ്മേളന റിപ്പോര്‍ട്ടിന്റെ ഭാഗമായി വന്നതിനാല്‍ സമ്മേളന ചര്‍ച്ചയിലും ഈ വിഷയം ഉയരാം. പാര്‍ട്ടിയെ മറയാക്കി പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ മാഫിയ സംഘങ്ങള്‍ക്കെതിരെ സിപിഎം നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചു ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവായ മനു തോമസിനെതിരായ നടപടിയെക്കുറിച്ചും റിപ്പോര്‍ട്ടിലുണ്ട്.

ജില്ലാ കമ്മിറ്റി അംഗമായ മനു തോമസ് മെംബര്‍ഷിപ് പോലും പുതുക്കാതെ അങ്ങേയറ്റം തെറ്റായ നിലപാടു സ്വീകരിക്കുകയാണുണ്ടായതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. പയ്യന്നൂരിലെ സംഘടനാ പ്രശ്‌നത്തെത്തുടര്‍ന്നു ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കിയ ടി.ഐ മധുസൂദനനെ പിന്നീട് സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയ കാര്യവും റിപ്പോര്‍ട്ടിലുണ്ട്.

വൈകിട്ടു നടന്ന ചര്‍ച്ചയില്‍, പാര്‍ട്ടിയെ അടിക്കടി പ്രതിസന്ധിയിലാക്കുന്ന ഇ.പി.ജയരാജന്റെ നിലപാടുകള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നു. ഇ.പി.ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറിനെ കണ്ടതു ലോക്‌സഭാ തിരഞ്ഞെടുപ്പു ദിവസം വിവാദമായ പശ്ചാത്തലത്തിലാണു വിമര്‍ശനം. കേന്ദ്ര കമ്മിറ്റി അംഗത്തിനു ചേര്‍ന്ന തരത്തിലല്ല ഇ.പിയുടെ പ്രവര്‍ത്തനമെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു.