തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്ത് ഭരണസമിതി തെരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണയോടെ ഭരണം പിടിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ അയോഗ്യതാ നടപടികള്‍ ആരംഭിക്കുമെന്ന് ഡിസിസി. പത്ത് ദിവസത്തിനുള്ളില്‍ ഇവരെ മെമ്പര്‍ സ്ഥാനത്തു നിന്നും അയോഗ്യരാക്കനുള്ള നിയമനടപടികള്‍ ആരംഭിക്കുമെന്ന് ഡിസിസി അദ്ധ്യക്ഷന്‍ ജോസഫ് ടാജറ്റ് വ്യക്തമാക്കി. അതേസമയം, നേതൃത്വത്തിന്റെ വീഴ്ചയാണ് ബിജെപി മുന്നണിയിലേക്ക് കൂറുമാറാന്‍ പ്രേരിപ്പിച്ചതെന്ന് ഉറച്ചുനില്‍ക്കുകയാണ് വിമതര്‍. തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

മറ്റത്തൂരില്‍ ബിജെപി പിന്തുണയോടെ അധികാരമേറ്റ പ്രസിഡന്റും വൈസ് പ്രസിഡന്റും ഉടന്‍ രാജിവയ്ക്കണമെന്നും ഡിസിസി ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനുള്ളില്‍ ഇവര്‍ രാജിവയ്ക്കുകയാണെങ്കില്‍ അംഗങ്ങള്‍ക്കെതിരെ നിലവില്‍ സ്വീകരിച്ച നടപടികള്‍ പുനഃപരിശോധിക്കാന്‍ തയ്യാറാണെന്ന് ജോസഫ് ടാജറ്റ് അറിയിച്ചു. രാജിക്ക് തയ്യാറായില്ലെങ്കില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവരെ അയോഗ്യരാക്കാനുള്ള നിയമനടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയെയും ഡിസിസിയെയും പ്രതിക്കൂട്ടിലാക്കുന്ന നിലപാടാണ് കൂറുമാറിയ പത്ത് അംഗങ്ങളും സ്വീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് വിമതനായ കെ ആര്‍ ഔസേപ്പിനെ സിപിഎം റാഞ്ചിയതോടെ ഭരണം എല്‍ഡിഎഫിന് ലഭിക്കാതിരിക്കാനാണ് ബിജെപി പിന്തുണ സ്വീകരിച്ചതെന്നാണ് ഇവരുടെ ന്യായീകരണം. പുറത്താക്കിയ പത്ത് പഞ്ചായത്ത് അംഗങ്ങളെയും രണ്ട് ഭാരവാഹികളെയും തിരിച്ചെടുത്താല്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയക്കാമെന്ന ഉപാധിയാണ് കൂറുമാറിയവര്‍ മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്ന നിലപാടിലാണിവര്‍. ഡിസിസി അദ്ധ്യക്ഷന്‍ വിപ്പ് നല്‍കിയെന്നത് കള്ളമാണെന്നും കൂറുമാറിയവര്‍ ആരോപിക്കുന്നു.

അതേസമയം മറ്റത്തൂരില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം കൂടെ നില്‍ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായി മറ്റത്തൂരില്‍ കോണ്‍ഗ്രസില്‍ നിന്ന് എല്‍ഡിഎഫിലേക്ക് പോയ കെ ആര്‍ ഔസേപ്പ് പറഞ്ഞു. സ്വതന്ത്രരുടെ പിന്തുണ കോണ്‍ഗ്രസിന് ആവശ്യമായിരുന്നുവെന്നും ബിജെപി നമ്മളോടൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞെന്നും കെ ആര്‍ ഔസേപ്പ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡിസിസി ജനറല്‍ സെക്രട്ടറി ടി എം ചന്ദ്രന്‍ ആണ് കൂടെ നില്‍ക്കാന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഗീയ ശക്തികളോടൊപ്പം കൂട്ടുകൂടില്ലെന്ന് താന്‍ പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ നിലവില്‍ ഒരു കോണ്‍ഗ്രസുകാരന്‍ അല്ലെന്നും ദീര്‍ഘകാലമായി കോണ്‍ഗ്രസുകാരനായിരുന്നുവെന്നും കെ ആര്‍ ഔസേപ്പ് പറഞ്ഞു. സീറ്റ് നിര്‍ണയവുമായി ബന്ധപ്പെട്ടാണ് പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. 'എന്നെ കുറിച്ച് കുപ്രചരണം നടത്തുന്നു. ഞാന്‍ നിലവില്‍ ഒരു കോണ്‍ഗ്രസുകാരന്‍ അല്ല. സ്വതന്ത്രന്‍ ആയിട്ടാണ് മത്സരിച്ചത്. സ്വതന്ത്രന്‍ ആയിട്ട് തന്നെയാണ് നോമിനേഷന്‍ നല്‍കിയത്. കുട ചിഹ്നത്തിലാണ് മത്സരിച്ചത്. എനിക്കെതിരെ നിന്നതില്‍ പ്രധാനി ബിജെപി സ്ഥാനാര്‍ത്ഥി ആയിരുന്നു. ന്യൂനപക്ഷങ്ങളുടെ ഉള്‍പ്പടെ പിന്തുണയിലാണ് വിജയിച്ചത്', ഔസേപ്പ് പറഞ്ഞു.

ബിജെപിയുടെ പിന്തുണയില്‍ വരുന്ന ഭരണസമിതിയില്‍ പ്രസിഡന്റ് ആക്കാമെന്നായിരുന്നു കോണ്‍ഗ്രസ് വാഗ്ദാനം. താന്‍ അതിനു വഴങ്ങിയില്ല. ടി എം ചന്ദ്രന്‍ ബിജെപിയിലേക്ക് പോകാന്‍ നില്‍ക്കുന്ന ആളാണെന്നും മറ്റത്തൂരില്‍ നിരവധി കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് പോകുമെന്നും ഔസേപ്പ് പറഞ്ഞു. മറ്റത്തൂരില്‍ നേരത്തെ തന്നെ ബിജെപി - കോണ്‍ഗ്രസ് ഡീല്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ബിജെപിയുടെ ഉറപ്പ് നേരത്തെ തന്നെ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. എല്‍ഡിഎഫുമായി സഹകരിക്കാന്‍ ഞാന്‍ സ്വയം തീരുമാനിച്ചതാണ്. ഇടതുപക്ഷവുമായി സഹകരിച്ചു പോകും. ഒരു കോണ്‍ഗ്രസ് എംഎല്‍എയുടെ അളിയന്‍ മറ്റത്തൂരില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ടി എം ചന്ദ്രന്‍ വൈകാതെ ബിജെപിയില്‍ പോകും', ഔസേപ്പ് പറഞ്ഞു.

അതേസമയം ടി എം ചന്ദ്രന്‍ ഇന്നലെ മാധ്യമങ്ങളെ കണ്ടിരുന്നു. മുന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവെയ്ക്കില്ല എന്നും ബിജെപിയുമായി സഹകരിച്ചുപോകുമെന്നും ഡിസിസി ജനറല്‍ സെക്രട്ടറി ടി എം ചന്ദ്രന്‍ വിശദീകരിച്ചിരുന്നു. കോണ്‍ഗ്രസ് അംഗത്തെ വിലയ്‌ക്കെടുക്കാനുള്ള ഗൂഢതന്ത്രമാണ് മറ്റത്തൂരില്‍ കണ്ടതെന്നും ടി എം ചന്ദ്രന്‍ പറഞ്ഞിരുന്നു. സിപിഐഎമ്മിനോടുള്ള വൈരാഗ്യത്തില്‍ ബിജെപി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയായിരുന്നു.

ഡിസിസി അധ്യക്ഷന്‍ പച്ചക്കള്ളം പറയുകയാണ്. അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയെന്നുള്ളത് ശരിയല്ല. ഡിസിസി ചിഹ്നം നല്‍കിയ മൂന്ന് സ്ഥാനാര്‍ത്ഥികളും ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തി. ബിജെപി പിന്തുണില്‍ മത്സരിച്ച ശേഷം കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്ത കെ ആര്‍ ഔസേപ്പിനെ സിപിഐഎം വിലയ്‌ക്കെടുക്കുകയായിരുന്നു.

ഔസേപ്പ് കാലുമാറുമെന്ന് അറിഞ്ഞിരുന്നില്ല. ഇതോടെയാണ് കോണ്‍ഗ്രസ് ടെസി കല്ലറയ്ക്കലിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കിയത്. സിപിഐഎമ്മിനോടുള്ള വൈരാഗ്യത്തില്‍ ബിജെപി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുകയായിരുന്നുവെന്നും ടി എം ചന്ദ്രന്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു.

മറ്റത്തൂരിലെ രാഷ്ട്രീയ നാടകീയ നീക്കങ്ങള്‍ തൃശൂര്‍ കോണ്‍ഗ്രസില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്-ബിജെപി അന്തര്‍ധാര സജീവമാണെന്ന് ആരോപിച്ച് 'മറ്റത്തൂര്‍ മോഡല്‍' വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ ആയുധമാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു കഴിഞ്ഞു.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ അട്ടിമറി സാദ്ധ്യതകള്‍ തിരിച്ചറിയുന്നതില്‍ വരെ ഡിസിസിക്ക് ഗുരുതരമായ വീഴ്ച പറ്റിയെന്ന ആക്ഷേപം പാര്‍ട്ടിക്കകത്ത് തന്നെ ശക്തമാണ്.

24 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫ് പത്ത് , കോണ്‍ഗ്രസ് എട്ട്, ബിജെപി നാല്, സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയാണ് നില. കൃത്യമായ പ്ലാനിംഗിലൂടെ ബിജെപി പിന്തുണ ഉറപ്പാക്കിയ കോണ്‍ഗ്രസ് അംഗങ്ങള്‍ സ്വന്തം പാര്‍ട്ടിയെ തന്നെ വെട്ടിലാക്കിയിരിക്കുകയാണ്.നിലവില്‍ മറ്റത്തൂരിലെ ഭരണപ്രതിസന്ധി വരും ദിവസങ്ങളില്‍ കോടതിയിലേക്കും തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കും നീങ്ങാനാണ് സാദ്ധ്യത. സമാനമായ രീതിയില്‍ പാറളത്ത് ബിജെപിക്ക് വോട്ട് ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.