- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരസ്പരമുള്ള ഷട്ടില്‍ കളിയല്ല നിയമസഭയിലെ ചര്‍ച്ച; ചര്‍ച്ചയ്ക്കിടെ സ്പീക്കറുടെ അനുവാദം ഇല്ലാതെ പ്രതിപക്ഷം ചോദ്യം ഉന്നയിക്കുകയും മന്ത്രി മറുപടി പറയുകയും ചെയ്താല്‍ ഇനി മന്ത്രിക്ക് ഉള്‍പ്പെടെ മൈക്ക് നല്‍കില്ലെന്ന് മുന്നറിയിപ്പ്; തദ്ദേശ മന്ത്രിയെ കിട്ടിയ അവസരത്തില്‍ വീണ്ടും സ്പീക്കര്‍ ശാസിച്ചു; ഷംസീറിനെതിരായ പരിഭവം എകെജി സെന്ററിനെ അറിയിക്കാന്‍ മന്ത്രി എംബി രാജേഷ്; സ്പീക്കറെ വീണ്ടും പാര്‍ട്ടി തിരുത്തുമോ?
തിരുവനന്തപുരം: സ്പീക്കറുടെ ശാസനകളില്‍ മന്ത്രി എംബി രാജേഷ് കടുത്ത അതൃപ്തിയില്‍. സ്പീക്കറുടെ അനുവാദം കൂടാതെ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഉത്തരം നല്‍കിയ എക്സൈസ് മന്ത്രി എം.ബി. രാജേഷിനെ ശാസിച്ച സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നിയമസഭാ ചട്ടങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. സംസ്ഥാനത്തു ലഹരി ഉപയോഗം വര്‍ധിക്കുന്നതും അക്രമസംഭവങ്ങള്‍ കൂടുന്നതും സംബന്ധിച്ചു പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു സ്പീക്കറുടെ ഇടപെടല്‍. മന്ത്രി സംസാരിക്കുന്നതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദ്യം ചോദിച്ചതും മന്ത്രി മറുപടി നല്‍കിയതും സ്പീക്കര്‍ക്ക് ഇഷ്ടമായില്ല. തിരുവഞ്ചൂരിന് ചോദ്യം ചോദിക്കാനുള്ള സാഹചര്യം സ്പീക്കര്‍ നിഷേധിച്ചില്ല. എന്നാല്‍ മറുപടിക്ക് ശേഷം ശാസനയും വന്നു. ഇതാണ് രാജേഷിനെ വേദനിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനേയും മന്ത്രി തന്റെ പരാതി അറിയിച്ചേക്കും.
പരസ്പരമുള്ള ഷട്ടില്‍ കളിയല്ല നിയമസഭയിലെ ചര്‍ച്ചയെന്നു സ്പീക്കര്‍ പറഞ്ഞു. ചര്‍ച്ചയ്ക്കിടെ സ്പീക്കറുടെ അനുവാദം ഇല്ലാതെ പ്രതിപക്ഷം ചോദ്യം ഉന്നയിക്കുകയും മന്ത്രി മറുപടി പറയുകയും ചെയ്താല്‍ ഇനി മന്ത്രിക്ക് ഉള്‍പ്പെടെ മൈക്ക് നല്‍കില്ലെന്ന മുന്നറിയിപ്പും നല്‍കി. ഇതോടെ മന്ത്രി രാജേഷ് ക്ഷമ പറഞ്ഞു. ക്ഷമയുടെ കാര്യമല്ല, ഇനി മുതല്‍ അനുസരിക്കണം എന്നായിരുന്നു സ്പീക്കറുടെ മറുപടി. ഇതും പരിഹാസം തുളുമ്പുന്ന കമന്റായി മാറി. അതേസമയം, ലഹരിക്കെതിരെ പല പദ്ധതികള്‍ ഉണ്ടെങ്കിലും അതൊന്നും സ്‌കൂളുകളില്‍ നടപ്പാകുന്നില്ലെന്ന യു.പ്രതിഭ എംഎല്‍എയുടെ കുറ്റപ്പെടുത്തലും ശ്രദ്ധേയമായി. സ്പീക്കറായിരുന്ന എം.ബി. രാജേഷ് മന്ത്രിയായ ഒഴിവിലാണു ഷംസീര്‍ സ്പീക്കറായത്. സ്പീക്കറായ ഷംസീര്‍ മന്ത്രി രാജേഷിനെതിരെ വടിയെടുക്കുന്നത് ഇത് ആദ്യതവണയല്ല. സ്പീക്കറായിരുന്നപ്പോള്‍ രാജേഷും പല തവണ ഷംസീറിനെ ശാസിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ഇനിയും ശാസനകള്‍ മന്ത്രി രാജേഷ് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിലാണ് സിപിഎം നേതൃത്വത്തെ അടക്കം തന്റെ വേദന അറിയിക്കാനുള്ള രാജേഷിന്റെ നീക്കം. രാഷ്ട്രീയത്തിന് അതീതനാണ് സ്പീക്കര്‍. ഈ സാഹചര്യത്തില്‍ സ്പീക്കര്‍ക്കെതിരെ സിപിഎം പരസ്യ നിലപാടുകളൊന്നും എടുക്കില്ല. എന്നാല്‍ അനൗദ്യോഗികമായി അതൃപ്തി സ്പീക്കറെ അറിയിക്കാനാണ് സാധ്യത.
2024 ജൂലൈ അഞ്ചിനാണ് ആദ്യമായി നിയമസഭയില്‍ രാജേഷിനെതിരെ ഷംസീര്‍ തിരിഞ്ഞത്. പ്രതിപക്ഷത്തിനു പ്രസംഗിക്കാന്‍ കൂടുതല്‍ സമയം നല്‍കുന്നെന്ന് ആരോപിച്ചായിരുന്നു ഇത്. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിച്ച മുസ്ലിം ലീഗിലെ നജീബ് കാന്തപുരത്തിന് 16.22 മിനിറ്റ് സമയം അനുവദിച്ച സ്പീക്കറുടെ നടപടിയെയാണ് എം.ബി. രാജേഷ് ചോദ്യം ചെയ്തത്. നിയമസഭയിലെ ഡിജിറ്റല്‍ ക്ലോക്കിന്റെ തകരാറിനെ തുടര്‍ന്നാണ് കൂടുതല്‍ സമയമെടുത്തതായി കാണിച്ചതെന്നു സ്പീക്കര്‍ വിശദീകരിച്ചു. സാധാരണ അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കുമ്പോള്‍ അനുവദിക്കുന്ന 10 മിനിറ്റ് മാത്രമേ നജീബ് കാന്തപുരത്തിനും നല്‍കിയിട്ടുള്ളൂ. ഇക്കാര്യത്തില്‍ സമയക്രമം കൃത്യമായി പാലിച്ചിട്ടുണ്ടെന്നും തനിക്കു മുന്നിലെ വാച്ചില്‍ സമയം നോക്കുന്നുണ്ടെന്നും സ്പീക്കര്‍ തിരിച്ചടിച്ചു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ നിയമസഭാ സമ്മേളനത്തില്‍ സ്പീക്കറായിരുന്നത് രാജേഷാണ്. അന്ന് സംസാരിക്കുന്നതിനിടെ 15 മിനിറ്റായി എന്ന് സ്പീക്കറായിരുന്ന എം.ബി. രാജേഷ് ഓര്‍മിപ്പിച്ചതാണ് ഷംസീറിനെ ചൊടിപ്പിച്ചത്. അല്ല, അത് നിങ്ങള് അപ്പുറത്ത് കണ്ടില്ല എന്നായിരുന്നു ഷംസീറിന്റെ മറുപടി. ഇതോടെ സ്വയം നിയന്ത്രണം പാലിക്കണമെന്നാണ് ഓര്‍മിപ്പിച്ചതെന്ന് രാജേഷ് പറഞ്ഞു. പിന്നാലെ സ്പീക്കറെ ഷംസീര്‍ ഉപദേശിച്ചു.
'സ്പീക്കര്‍ എന്ന് പറഞ്ഞാല്‍ അണ്‍ബയാസിഡായിട്ടുള്ള (പക്ഷപാതമില്ലാത്ത) ആളായിരിക്കണം'.. ഷംസീര്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷം ശബ്ദം ഉയര്‍ത്തി. ഉടന്‍ തന്നെ താന്‍ സ്പീക്കറെ ചോദ്യം ചെയ്തതല്ല എന്ന മറുപടിയുമായി ഷംസീര്‍ ആ വിഷയം അവസാനിപ്പിച്ചു. 2022 ഡിസംബറില്‍ സഭയില്‍ മുന്‍ സ്പീക്കറായ രാജേഷിനു അതേ നാണയത്തിലായിരുന്നു ഷംസീറിന്റെ തിരിച്ചടി. മന്ത്രി എം.ബി.രാജേഷിന്റെ പ്രസംഗം നീളുന്നുവെന്ന് ഓര്‍മപ്പെടുത്തിയ സ്പീക്കറുടെ ഇടപെടല്‍ സഭാംഗങ്ങളില്‍ ചിരിപടര്‍ത്തി. കോവിഡ് കാലത്ത് ഷംസീര്‍ മാസ്‌കില്ലാതെ സഭയില്‍ ഇരുന്നതിനെ സ്പീക്കറായിരുന്ന രാജേഷ് വിമര്‍ശിച്ചിട്ടുണ്ട്. 'ബഹുമാനപ്പെട്ട എ.എന്‍. ഷംസീര്‍ അങ്ങ് തീരെ മാസ്‌ക് ഉപേക്ഷിച്ചതായാണ് കാണുന്നത്. ദൃശ്യങ്ങള്‍ വെബ്കാസ്റ്റ് ചെയ്യുന്നതാണ്. ടെലിവിഷനിലൂടെ ആളുകള്‍ കാണുമെന്നും ഇത് തെറ്റായ സന്ദേശം നല്‍കും' എന്നായിരുന്നു അന്ന് രാജേഷ് പറഞ്ഞത്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ മന്ത്രി പി.എ. മുഹമ്മദ് റിയാസും എംഎല്‍എ ആയിരുന്ന ഷംസീറും ഏറ്റുമുട്ടിയിരുന്നു. അന്ന് വിഷയത്തില്‍ സിപിഎം ഇടപെട്ടു. ഷംസീറിന് ചില മുന്നറിയിപ്പും നല്‍കി. എംഎല്‍എമാര്‍ കരാറുകാരെ കൂട്ടി കാണാന്‍ വരരുതെന്ന് റിയാസ് നിയമസഭയില്‍ പറഞ്ഞതിനെ എ.എന്‍. ഷംസീറാണ് പാര്‍ട്ടി യോഗത്തില്‍ വിമര്‍ശിച്ചത്. ആരെയൊക്കെ കൂട്ടി കാണാന്‍ വരണമെന്ന് മന്ത്രിയല്ല തീരുമാനിക്കേണ്ടതെന്ന് ഷംസീര്‍ തുറന്നടിച്ചു. വിമര്‍ശനത്തോട് മുഹമ്മദ് റിയാസ് യോഗത്തില്‍ പ്രതികരിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തിലായിരുന്നു പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മുഹമ്മദ് റിയാസ് നടത്തിയ പരാമര്‍ശമാണ് ഷംസീറിനെ ചൊടിപ്പിച്ചത്. എംഎല്‍എമാര്‍ക്ക് സ്വന്തം മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കണം, പ്രശ്‌നങ്ങള്‍ പരിഹരിക്കണം. അതിനു മണ്ഡലത്തിലുള്ള പലരെയും കൂട്ടിവന്ന് മന്ത്രിയെ കാണേണ്ടിവരും. ആരെയൊക്കെ കൂട്ടിവരണമെന്ന് മന്ത്രിയല്ല തീരുമാനിക്കുന്നതെന്നും ഷംസീര്‍ പറഞ്ഞു. ഇത് സിപിഎമ്മിന് മുന്നില്‍ പരാതിയായി എത്തുകയും ചെയ്തു. അന്ന് ഷംസീറിന് ചില നിര്‍ദ്ദേശങ്ങള്‍ തിരുത്തല്‍ മാതൃകയില്‍ സിപിഎം നല്‍കുകയും ചെയ്തു.