ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കെപിസിസി പുനഃസംഘടന, ഡിസിസി അഴിച്ച് പണി, തദ്ദേശ, നിയമസഭ മുന്നൊരുക്കങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യാനാണ് ഹൈക്കമാന്‍ഡ് കേരള നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. എഐസിസിയുടെ പുതിയ ആസ്ഥാനത്താണ് ഇന്ന് വൈകിട്ട് നാലിന് യോഗം ചേരുക. കനഗോലു റിപ്പോര്‍ട്ടിന്മേലുള്ള യോഗത്തില്‍ നേതാക്കളുമായി ഹൈക്കമാന്‍ഡ് വണ്‍ടുവണ്‍ ചര്‍ച്ച നടത്തും. നേതൃമാറ്റം ഈ യോഗത്തിന്റെ അജണ്ടയില്‍ ഇല്ലെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തുവന്നു. പാര്‍ട്ടിയെ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്ന നേതാവിനെ അധ്യക്ഷനാക്കണം എന്നറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് മുല്ലപ്പള്ളി കത്ത് നല്‍കി. ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനത്തിന് പിന്തുണ നല്‍കും. ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്നും ഖര്‍ഗെയ്ക്ക് അയച്ച കത്തില്‍ മുല്ലപ്പളളി വ്യക്തമാക്കി.

പുതിയ കെപിസിസി അധ്യക്ഷന്‍ വേണമെന്നാണ് കേരളത്തിലെ ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളുടെയും ആവശ്യം. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഭൂരിപക്ഷം നേതാക്കളും ഇക്കാര്യം അറിയിച്ചു. കെ സുധാകരന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കേരളത്തില്‍ സംഘടന ഇല്ലെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടതായാണ് വിവരം. ഹൈക്കമാന്‍ഡ് വിളിച്ച നിര്‍ണായക യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും.

യോഗത്തിന് മുന്‍പ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാന നേതാക്കളെ കാണും. കേരളത്തില്‍ നിന്നുളള പ്രധാന നേതാക്കളെ പ്രത്യേകം കാണുമെന്നും വിവരമുണ്ട്. ഐക്യത്തോടെ മുന്നോട്ട് പോകണം എന്ന് നേതാക്കളോട് ആവശ്യപ്പെട്ടേക്കും. പിന്നാലെ പുനഃസംഘടന പട്ടിക പുറത്ത് വിടുമെന്നാണ് വിവരം. അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയാല്‍ കുഴപ്പമില്ലെന്ന് കഴിഞ്ഞ ദിവസം കെ സുധാകരന്‍ പറഞ്ഞിരുന്നു.

'കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാം, നീക്കാതിരിക്കാം. ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കും. മാറ്റിയാല്‍ കുഴപ്പമില്ല. പരാതിയുമില്ല. ഞാന്‍ തൃപ്തനായ മനസിന്റെ ഉടമയാണ്', എന്നായിരുന്നു സുധാകരന്റെ പ്രതികരണം. കേരളത്തിലെ കോണ്‍ഗ്രസില്‍ പുനഃസംഘടന ഉണ്ടായേക്കുമെന്നും കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ നീക്കിയേക്കുമെന്നുമുള്ള സൂചനകള്‍ നേരത്തേതന്നെ പുറത്തുവന്നിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് അടൂര്‍ പ്രകാശ്, ബെന്നി ബെഹനാന്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലുണ്ടെന്നും വിവരമുണ്ട്.

അതിനവിടെ കോണ്‍ഗ്രസ് നേതൃയോഗം യോഗം ജംബോ യോഗമാക്കി മാറ്റിയെന്ന് ആക്ഷേപം ഉയര്‍ന്നതിനാല്‍ കെ. മൂരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും യോഗത്തില്‍ പങ്കെടുക്കില്ല. ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരാനിരിക്കെയാണ് നേതാക്കള്‍ നിലപാട് അറിയിച്ചത്. 10 പ്രമുഖനേതാക്കളെ വിളിച്ച് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ച യോഗമാണ് ഗ്രൂപ്പ് സമര്‍ദ്ദത്തെ തുടര്‍ന്ന് ക്ഷണിതാക്കളുടെ എണ്ണം 50 കവിഞ്ഞത്. ഇതിനിടെ പുതിയ അദ്ധ്യക്ഷനെ കണ്ടത്തിന് മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചകള്‍ ആരംഭിച്ചു.

ഇന്നലെ രാത്രിയോടെ ഡല്‍ഹിയില്‍ എത്തിയ രമേശ് ചെന്നിത്തല, എം. എം. ഹസന്‍, എം. കെ. രാഘവന്‍, ആന്റോ ആന്റണി, ബെന്നി ബെഹന്നാന്‍, എന്നിവര്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെമാറ്റുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ജംബോ യോഗത്തില്‍ പരസ്യമായി ചര്‍ച്ച ചെയ്യെരുതെന്ന് കെ. സുധാകരന്‍ ആവശ്യപ്പെട്ടിടുണ്ട്. സ്ഥാനം ഒഴിയാന്‍ സുധാകരന്‍ കഴിഞ്ഞ ദിവസം ഉപാധികള്‍ വെച്ചിരുന്നു.

രമേശ് ചെന്നിത്തലക്ക് നല്‍കിയത് പോലെ പ്രവര്‍ത്തക സമിതിയില്‍ ക്ഷണിതാവ് ആകണമെന്ന് കെ. സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. നിയമസഭാ സീറ്റും രണ്ട് ഡിസിസി പ്രസിഡന്റ് പദവികളും വേണമെന്നും സുധാകരന്‍ മുന്നോട്ട് വച്ച ഉപാധിയില്‍ പറയുന്നു.