തിരുവനന്തപുരം : മുനമ്പം വിഷയം പരിഹരിക്കാന്‍ ക്രൈസ്തവ സഭാ ബിഷപ്പുമാരെ ചര്‍ച്ചക്ക് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍യ കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി തോമസ് വഴിയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് കോഴിക്കോട് ആര്‍ച്ച് ബിഷപ്പും വ്യക്തമാക്കി.

മുനമ്പം പ്രശ്‌നം തീരാന്‍ സുപ്രീംകോടതിയോളം നീളുന്ന നിയമ വ്യവഹാരം നടത്തേണ്ടി വരുമെന്ന സൂചന കഴിഞ്ഞ ദിവസം കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു നല്‍കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. പ്രശ്‌ന പരിഹാരത്തിന് വഖഫ് ബില്‍ മാത്രം മതിയാകില്ലെന്നും നിയമവഴി തേടണമെന്നുമാണ് റിജിജു പറഞ്ഞത്.കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ആണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്ന വിവരം വ്യക്തമാക്കിയത്.

അതേസമയം, വഖഫ് ബില്ലിനെ പിന്തുണച്ചത് കൊണ്ട് ഉപകാരമുണ്ടായില്ലെന്ന് കോഴിക്കോട് അതിരൂപത ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ പ്രതികരിച്ചു. പിന്തുണയില്‍ പുനര്‍വിചിന്തനം വേണോ എന്ന് പിന്നീട് ആലോചിക്കുമെന്നും വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'പിന്തുണ തീരുമാനിച്ച മീറ്റിംഗില്‍ ഞാന്‍ പങ്കെടുത്തില്ല. ആ സമയം അമേരിക്കയിലായിരുന്നു. എല്ലായിടത്തും രാഷ്ട്രീയ മുതലെടുപ്പാണ് നടക്കുന്നത്. പാണക്കാട് തങ്ങള്‍ പ്രശ്‌നം പരിഹരിക്കുമെന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയും പരിഹാരം ഉറപ്പ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയെ നേരിട്ട് കാണും'- വര്‍ഗീസ് ചക്കാലക്കല്‍ വ്യക്തമാക്കി.

'മുനമ്പം നിവാസികളുടെ പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടിയാണ് പിന്തുണ നല്‍കിയത്. പക്ഷേ കിരണ്‍ റിജിജു തന്നെ മുന്‍കാല പ്രാബല്യമില്ലെന്ന് പറയുന്നു. അകല്‍ച്ചയുണ്ടാക്കാന്‍ നമ്മള്‍ ശ്രമിക്കരുത്. വൈകാരികമായ പ്രശ്നമാക്കി എടുക്കരുതെന്നും''- വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു.

'610 കുടുംബങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ട്. അത് തീര്‍ക്കണമെന്നത് എല്ലാവരുടെയും ആവശ്യമാണ്. അവരെ സഹായിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. നിലവില്‍ ഒരു കമ്മീഷനെ വെച്ചിട്ടുണ്ട്. അതിന്റെ പേരില്‍ ആരും കലഹിക്കരുത്. ഫാറൂഖ് കോളേജ് വഖഫ് അല്ലെന്ന് തെളിയിക്കാന്‍ ശക്തമായി ശ്രമിക്കുന്നുണ്ട്. അത് ഗുണം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്''- വര്‍ഗീസ് ചക്കാലക്കല്‍ കൂട്ടിച്ചേര്‍ത്തു.