പാലക്കാട്: സന്ദീപ് വാര്യര്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നതിലൂടെ വലിയ മാറ്റമൊന്നും സംഭവിക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഒരു ബൂര്‍ഷ്വാ പാര്‍ട്ടിയില്‍നിന്ന് മറ്റൊരു ബൂര്‍ഷ്വാ പാര്‍ട്ടിയിലേക്ക് ചേക്കേറിയെന്നേ ഇതില്‍ കാണാനുള്ളൂ. നിലപാട് വ്യക്തമാക്കാത്തതിനാല്‍ സന്ദീപ് സി.പി.എമ്മിലേക്ക് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

സന്ദീപ് വാര്യര്‍ ഇടതുപക്ഷത്തിനൊപ്പം ചേരാത്തതില്‍ തങ്ങള്‍ക്ക് ഒരു വിഷമവും ഇല്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. തങ്ങള്‍ക്ക് നയമാണ് പ്രധാനം. ഒരാളുടെ ഭൂതകാലം മാത്രം നോക്കി തള്ളിപ്പറഞ്ഞിട്ടില്ല. അവരുടെ നിലപാട് വ്യക്തമാക്കിയാല്‍ അതിനനുസരിച്ച് പാര്‍ട്ടി നിലപാടെടുക്കും. വ്യക്തികളല്ല നയമാണ് പ്രധാനം. സന്ദീപ് ഇതുവരെ നയം വ്യക്തമാക്കിയിരുന്നില്ല. ഇടതിനൊപ്പം നില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. കൊടകര-കരുവന്നൂര്‍ ഡീല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ വേണ്ടി ഇപ്പോള്‍ പറയുന്നതാണെന്നും ഗോവിന്ദന്‍ പറ

'സന്ദീപ് വാര്യര്‍ കഴിഞ്ഞ കുറച്ച് കാലമായി ബി.ജെ.പിയുമായി തെറ്റി നില്‍ക്കുകയായിരുന്നു. ബി.ജെ.പി നേതൃത്വം സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ അദ്ദേഹം പരസ്യമായി ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോള്‍, അദ്ദേഹം സി.പി.എമ്മുമായും സി.പി.ഐയുമായും കോണ്‍ഗ്രസുമായും ചര്‍ച്ച ചെയ്യുന്നു. നിരവധി പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് അദ്ദേഹം ഒരു തീരുമാനത്തിലെത്തി എന്നാണല്ലോ ഇപ്പോള്‍ പറയുന്നത്.

ഞങ്ങളെ സംബന്ധിച്ച് ഒരാള്‍ ഇങ്ങോട്ട് വരുന്നതോ പോകുന്നതോ അല്ല പ്രശ്നം. നയമാണ് കാര്യം. എല്ലാ സന്ദര്‍ഭത്തിലും ചൂണ്ടിക്കാണിച്ചതും ഇതേ കാര്യമാണ്. ഒരാള്‍ ഇന്നലെ വരെ നില്‍ക്കുന്ന നിലപാടില്‍നിന്ന് മാറി ഇടതുപക്ഷത്തോടൊപ്പം ചേരുന്നു എങ്കില്‍, അങ്ങിനെ ഉള്ളവരെ ഭൂതകാലം മാത്രം നോക്കി ഞങ്ങള്‍ തള്ളിപ്പറയില്ല. ഇതേ നിലപാടാണ് പണ്ടും സ്വീകരിച്ചത്. അവരുടെ നിലപാട് എന്താണെന്ന് വ്യക്തമായാല്‍ അതനുസരിച്ച് പാര്‍ട്ടി തീരുമാനിക്കും. സരിന്റെ കാര്യത്തില്‍ ഞങ്ങള്‍ എടുത്ത നിലപാട് അതാണ്.

സന്ദീപ് വാര്യറെ സംബന്ധിച്ച് അദ്ദേഹം ബി.ജെ.പിയില്‍നിന്ന് വിട്ടു, നന്നായി. അതേപോലെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അതില്‍ വലിയ വ്യത്യാസമൊന്നുമില്ല. ഒരു ബൂര്‍ഷ്വാ പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു ഭരണവര്‍ഗ പാര്‍ട്ടിയിലേക്ക് ചേക്കേറിയിരിക്കുന്നു. സന്ദീപിനെ കിട്ടാത്തതില്‍ ഞങ്ങള്‍ക്ക് ഒരു വിഷമവും ഇല്ല. ഞങ്ങള്‍ വ്യക്തികളല്ല പ്രശ്‌നം. നയത്തെ അടിസ്ഥാനമാക്കിയേ പാര്‍ട്ടി നിലപാട് എടുക്കുകയുള്ളൂ. ഒരാള്‍ക്ക് ഏതെങ്കിലും ബൂര്‍ഷ്വാ പാര്‍ട്ടിയില്‍നിന്ന് ഇടതുപക്ഷത്തേക്ക് വരണമെങ്കില്‍ സരിന്‍ സ്വീകരിച്ചത് പോലെ ഈ പ്രസ്ഥാനത്തിന്റെ നിലപാടിനൊപ്പം നില്‍ക്കുമെന്ന് പറയണം. എന്നാലേ, നിലപാട് വ്യക്തമാകുകയുള്ളൂ.' എം.വി. ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം സന്ദീപ് വാര്യര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് മന്ത്രി എം.ബി രാജേഷ് സംസാരിച്ചത്. പാലക്കാട് മൂന്നാം സ്ഥാനത്ത് കിടക്കുന്ന ബിജെപിയെ കൈപിടിച്ചുയര്‍ത്താനാണ് പ്രതിപക്ഷനേതാവ് ശ്രമിക്കുന്നത്. കോണ്‍ഗ്രസില്‍ ബിജെപി വിരുദ്ധ ചേരിയും ബിജെപി അനുകൂല ചേരിയുമുണ്ട്. രമേശ് ചെന്നിത്തലും കെ. മുരളീധരനും ബിജെപി വിരുദ്ധ ചേരിയിലാണ്. വി.ഡി സതീശന്റെ നേതൃത്വത്തിലാണ് ബിജെപി അനുകൂല ചേരി പ്രവര്‍ത്തിക്കുന്നത്. സന്ദീപ് വാര്യരെപ്പോലെ ഒരു കാളിയനെ ചുമക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ എന്നും രാജേഷ് പറഞ്ഞു.

അതേസമയം പാര്‍ട്ടി തനിക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടില്ലെന്നും ബി.ജെ.പി വെറുപ്പ് ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയാണെന്നും കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം സന്ദീപ് വാര്യര്‍ പ്രതികരിച്ചു. ജനാധിപത്യത്തെ പാടെ അപമാനിക്കുന്ന ഒരു ഫാക്ടറിയില്‍ ശ്വാസംമുട്ടി കഴിയേണ്ട അവസ്ഥയായിരുന്നു. മുഖ്യമന്ത്രിയുമായി ചേര്‍ന്ന് ബി.ജെ.പി. അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം കളിക്കുന്നു. അതിനെതിരെ പ്രതികരിച്ചതാണ് തനിക്കുനേരെ നടപടി സ്വീകരിക്കാന്‍ കാരണമായത്. മതം തിരഞ്ഞ് പ്രചാരണം നടത്താന്‍ കഴിയില്ല. സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുക്കുകയാണെന്നും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കോട്ടയില്‍നിന്ന് പുറത്തുവന്നതിന്റെ സന്തോഷത്തിലാണ് താനെന്നും സന്ദീപ് പറഞ്ഞു.

എന്‍.ഡി.എയുടെ കണ്‍വെന്‍ഷനില്‍ പരസ്യമായി അപമാനിച്ചു എന്നു കാണിച്ചാണ് സന്ദീപ് വാര്യര്‍ ബി.ജെ.പി.യുമായി ഇടഞ്ഞത്. അനുനയിപ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പ്രചാരണ രംഗത്ത് ബി.ജെ.പി സംസ്ഥാന സമിതി അംഗം കൂടിയായ സന്ദീപിന്റെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലും സന്ദീപിന് എതിര്‍പ്പുണ്ടായിരുന്നു എന്നാണ് വിവരം.