- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിനും ബിജെപിക്കുമിടയിലെ ഹൗറ പാലമാണ് റവാഡ; സര്‍ക്കാര്‍ പൂര്‍ണമായും ബിജെപി-സംഘപരിവാര്‍ ശക്തികള്‍ക്ക് വിധേയപ്പെട്ടതിന്റെ ഒടുവിലത്തെ ഉദാഹരണം; നിഗൂഢമായ അവിഹിത ബന്ധം 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്; വിമര്‍ശനവുമായി എന്‍ കെ പ്രേമചന്ദ്രന്‍
സിപിഎമ്മിനും ബിജെപിക്കുമിടയിലെ ഹൗറ പാലമാണ് റവാഡ
ന്യൂഡല്‍ഹി: സംസ്ഥാന പോലീസ് മേധാവിയായി റവഡാ ചന്ദ്രശേഖറിനെ നിയമിച്ചതിനെതിരെ എന്‍ കെ പ്രേമചന്ദ്രന്‍ എംപി. കേരളത്തിലെ സി.പി.എമ്മിനെയും ബി.ജെ.പിയെയും ബന്ധിപ്പിക്കുന്ന ദൃഢമായ ഹൗറ പാലമാണ് റവാഡ ചന്ദ്രശേഖര്‍ എന്നും പിണറായി വിജയന്‍ സര്‍ക്കാര്‍ പൂര്‍ണമായും ബിജെപി-സംഘപരിവാര്‍ ശക്തികള്‍ക്ക് വിധേയപ്പെട്ടതിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ സ്‌പെഷ്യല്‍ ഡയറക്ടറും കേന്ദ്ര കാബിനറ്റ് സുരക്ഷാ സെക്രട്ടറിയേറ്റിന്റെ സുരക്ഷാ സെക്രട്ടറിയുമായി നിയമതിനായ ഒരാളെ കേരളാ പൊലീസിന്റെ തലപ്പത്ത് നിയമിക്കുന്ന നടപടി സംശയാസ്പദമാണെന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉള്‍പ്പെടെ നിരവധി സി.പി.എം നേതാക്കള്‍ കേന്ദ്രാന്വേഷണ ഏജന്‍സികളുടെ പരിധിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പി - സംഘപരിവാര്‍ ശക്തികളുടെ താല്പര്യങ്ങള്‍ക്ക് വഴങ്ങാതെ പാര്‍ട്ടിക്ക് മറ്റ് മാര്‍ഗ്ഗമില്ല. ഈ നിഗൂഢമായ അവിഹിത ബന്ധം 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ്.
റവാഡ ചന്ദ്രശേഖറിനെ കുറ്റവിമുക്തനാക്കി ന്യായീകരിക്കാന്‍ മത്സരിക്കുന്ന സി.പി.എം നേതാക്കള്‍ കേരള സമൂഹത്തോട് പരസ്യമായി മാപ്പ് പറയണം -അദ്ദേഹം ആവശ്യപ്പെട്ടു. സഖാവ് പുഷ്പന്‍ ഉള്‍പ്പെടെ ധീരരായ ആറ് ഡി.വൈ.എഫ്.ഐ സഖാക്കളുടെ രക്തസാക്ഷിത്വത്തിനിടയാക്കിയ കൂത്തുപ്പറമ്പ് വെടിവെയ്പ്പ് കേസിലെ പ്രധാന പ്രതിയെന്ന് സി.പി.എം ആരോപിച്ച റാവാഡ ചന്ദ്രശേഖറിനെ സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തന്നെ സംസ്ഥാന ഡി.ജി.പി ആയി നിയമിച്ചതില്‍ ദുരൂഹതയുണ്ടെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ ആരോപിച്ചു.
2016 ല്‍ പിണറായി മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് ടി.പി സെന്‍കുമാറിനെ ഒഴിവാക്കി ലോക്‌നാഥ് ബെഹ്‌റയെ ഡി.ജി.പിയായി നിയമിച്ചത്. ആ നിമയനത്തിന് സമാനമാണ് ഇപ്പോഴത്തെ ഡി.ജി.പി നിയമനവും. സീനിയോറിറ്റിയില്‍ ഒന്നാമനായ നിതിന്‍ അഗര്‍വാളിനെ തഴഞ്ഞ് ജൂനിയറായ റാവാഡ ചന്ദ്രശേഖറിനെ സംസ്ഥാന പോലീസ് മേധാവിയായി നിയമിച്ചത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. എം.വി. രാഘവനെയും ഒടുവില്‍ റാവാഡ ചന്ദ്രശേഖറിനെയും സ്വീകരിച്ച് ന്യായീകരിക്കാന്‍ സി.പി.എം കേരളത്തില്‍ നിര്‍ബന്ധിതമായിരിക്കുന്നുവെന്നത് പാര്‍ട്ടിയുടെ അധപതനത്തിന്റെ ആഴം വ്യക്തമാക്കുന്നതാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
റവാഡ ചന്ദ്രശേഖറിനെ കോടതി വെറുതെ വിട്ടു എന്ന എം വി ഗോവിന്ദന്റെ പ്രസ്താവന ബാലിശമാണ്. കൂത്തുപറമ്പ് വെടിവെപ്പിനെ സിപിഐഎം ന്യായികരിക്കുകയാണ്. കൂത്തുപറമ്പ് വെടിവെപ്പ് അനിവാര്യമായിരുന്നു എന്നാണ് സിപിഐഎം വ്യക്തമാക്കുന്നത്. ബിജെപിക്ക് വിധേയപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറിയിരിക്കുന്നുവെന്നും എന്‍ കെ പ്രേമചന്ദ്രന്‍ കുറ്റപ്പെടുത്തി.
2026ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 110 സീറ്റ് ലഭിക്കുമെന്നും പിണറായി ഭരണം ജനങ്ങള്‍ മടുത്തുവെന്നും ആര്‍എസ്പി നേതാവ് പറഞ്ഞു. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ വേഗം പരിഹരിക്കപ്പെട്ടു. മേജറും ക്യാപ്റ്റനും ഒന്നും ഇപ്പോഴില്ലയെന്നും അദ്ദേഹം വ്യക്തമാക്കി.