- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തയാളെ അനുഗമിച്ചു, തെറ്റായ സന്ദേശം നല്കി'; രാഹുലിനെ സഭയിലെത്തിച്ച നേമം ഷജീറിനെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം; അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പരാതി നല്‍കും
പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തയാളെ അനുഗമിച്ചു, തെറ്റായ സന്ദേശം നല്കി
തിരുവനന്തപുരം: തിങ്കളാഴ്ച നിയമസഭയിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍ അനുഗമിച്ചതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലെ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. നേമം ഷജീറിന്റെ നടപടിയില്‍ ഒരു വിഭാഗത്തിന് കടുത്ത എതിര്‍പ്പാണുള്ളത്. യൂത്ത് കോണ്‍ഗ്രസിന് നാഥനല്ലാത്ത അവസ്ഥില്‍ അടക്കം അതൃപ്തിയുള്ള ഒരു വിഭാഗമാണ് ഷജീറിനെതിരെ നീങ്ങുന്നത്.
പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തയാള്‍ക്കൊപ്പം പോയത് തെറ്റായ സന്ദേശം നല്‍കിയെന്ന് കാണിച്ച് നേതൃത്വത്തിന് പരാതി നല്‍കാന്‍ തയാറെടുക്കുകയാണ് ഒരു വിഭാഗമെന്നാണ് വിവരം. കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്, അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് പരാതി നല്‍കും. ഷജീറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടും.
തിങ്കളാഴ്ച നേമം ഷജീറിനൊപ്പമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തിയത്. ഇത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിരുന്നു. പാര്‍ട്ടിയുടെ പിന്തുണയോടെയാണ് രാഹുല്‍ നിയമസഭയിലേക്ക് എത്തിയത് എന്ന വ്യാഖ്യാനമുണ്ടായെന്ന് ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തി. എന്നാല്‍ രാഹുല്‍ നിയമസഭയിലേക്ക് എത്തിയത് സണ്ണി ജോസഫിന്റെ മൗനാനുവാദത്തോടെയാണ് എന്നാണ് അദ്ദേഹത്തിന്റെ മറുപടിയില്‍നിന്നും വ്യക്തമായത്. അതിനാല്‍ ഷജീറിനെതിരെ നടപടിക്ക് പാര്‍ട്ടി തയാറാകുമോയെന്ന് സംശയമാണ്.
രാഹുലിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തെങ്കിലും സമീപനത്തില്‍ നേതാക്കള്‍ക്ക് വ്യക്തതയില്ലെന്ന് കഴിഞ്ഞ ദിവസത്തെ കെ.പി.സി.സി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. മറ്റ് നേതാക്കള്‍ നിശ്ശബ്ദരാവുകയും പ്രതിപക്ഷ നേതാവ് മാത്രം നിലപാട് ആവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ അദ്ദേഹത്തിന് അജണ്ടയുണ്ടോ എന്ന വ്യാഖ്യാനങ്ങളുണ്ടാകാം. വര്‍ക്കിങ് പ്രസിഡന്റുമാര്‍ നിലപാട് പറയാതിരുന്ന സാഹചര്യവും അവ്യക്തതയുണ്ടാക്കി. സസ്‌പെന്‍ഡ് ചെയ്തിട്ടും രാഹുലില്‍ കോണ്‍ഗ്രസ് വട്ടം കറങ്ങുന്നതിന് കാരണമിതാണെന്നാണ് വിമര്‍ശനം.
പ്രതിപക്ഷ നേതാവിനെതിരെയുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്കും നിലപാടിലെ ഈ വ്യക്തതക്കുറവ് കാരണമായെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. രാഹുല്‍ വിഷയത്തില്‍ വ്യക്തതയുള്ള നിലപാട് നേതാക്കള്‍ പറയാത്തതും ആക്രമണത്തിന് കാരണമാണ്. യൂത്ത് കോണ്‍ഗ്രസ് ജില്ല അധ്യക്ഷന്‍ രാഹുലിനൊപ്പം സഭയിലെത്തിയത് നേതാക്കളുടെ പിന്തുണയോടെയാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ലെന്നും വിമര്‍ശനമുയര്‍ന്നു. സമൂഹമാധ്യമം വഴി നേതാക്കളെ ആക്രമിക്കുന്നത് നിര്‍ത്തണമെന്ന് കെ. മുരളീധരന്‍ തുറന്നടിച്ചു. അതിന് പ്രോത്സാഹനം നല്‍കുന്നവര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവിനെയും പാര്‍ട്ടിയെയും ധിക്കരിച്ചാണ് താന്‍ സഭയിലെത്തിയതെന്ന വാദം രാഹുല്‍ മാങ്കൂട്ടത്തില്‍ തള്ളി. പാര്‍ട്ടി അനുകൂലമായോ വ്യക്തിപരമായി പ്രതികൂലമായോ തീരുമാനം എടുക്കുമ്പോള്‍ അതിനെ ധിക്കരിക്കാനോ ലംഘിക്കുവാനോ ശ്രമിച്ചിട്ടുള്ള കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനല്ല. സസ്‌പെന്‍ഷനിലാണെങ്കിലും പരിപൂര്‍ണമായും പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്നയാളാണ്. ഏതൊക്കെയോ നേതാക്കളെ കാണാന്‍ ശ്രമിച്ചെന്നും വാര്‍ത്ത വന്നു. സസ്‌പെന്‍ഷന്‍ കാലാവധിയില്‍ ഒരു പ്രവര്‍ത്തകന്‍ എങ്ങനെയാണ് പെരുമാറേണ്ടത് എന്ന ബോധ്യമുണ്ട്. ഒരു നേതാവിനെയും കാണാന്‍ ശ്രമിച്ചിട്ടില്ല.
ആരോപണം വന്ന് തൊട്ടടുത്ത ദിവസം തന്നെ വിശദമായ വാര്‍ത്ത സമ്മേളനം നടത്തിയിരുന്നു. ഇതിനകത്ത് ഒരു അന്വേഷണം നടക്കുകയാണ്. അന്വേഷണ സംഘത്തിന്റെ സാങ്കേതികത്വത്തിലേക്കൊന്നും കടക്കുന്നില്ല. ഇടതു സര്‍ക്കാറിനെതിരെ ആദ്യമായി സമരം ചെയ്തപ്പോള്‍ 18 വയസില്‍ ജയിലില്‍ പോയ ആളാണ് ഞാന്‍. ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ പോയത് പിണറായി വിജയന്‍ സര്‍ക്കാറിന്റെ കാലത്താണ്. എനിക്കെതിരായി എന്തെങ്കിലും ഉണ്ടെങ്കില്‍ എന്നെ കൊന്നു തിന്നാന്‍ നില്‍ക്കുന്ന ഒരു സര്‍ക്കാറിന് ഏറ്റവും വിശ്വാസമുള്ള അന്വേഷണ ഏജന്‍സിയാണ്. അന്വേഷണങ്ങള്‍ നടക്കട്ടെ, അതിന്റെ ഒരോ ഘട്ടത്തിലും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാം.'-രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.