കണ്ണൂര്‍: പി പി ദിവ്യയെ പാര്‍ട്ടി ഗ്രാമത്തില്‍ ഒളിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ നിര്‍ദ്ദേശപ്രകാരം സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അഴിമതിക്കാരനായി എഡിഎമ്മിനെ താറടിക്കാനായിരുന്നു ശ്രമം. അത് മാധ്യമങ്ങള്‍ പൊളിച്ചു. ദിവ്യ വിഐപി പ്രതിയാണ്. പൊലീസ് നല്‍കുന്നത് സിപിഎം നിര്‍ദ്ദേശപ്രകാരമുള്ള സമ്മര്‍ദ്ദത്തിലാണ്. ഉപതെരഞ്ഞെടുപ്പായത് കൊണ്ടാണ് അറസ്റ്റെന്നും സതീശന്‍ ആരോപിച്ചു.

പ്രതിപക്ഷത്തിന്റെ ആരോപണം ശരിയെന്ന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച കോടതി വിധിയോടെ വ്യക്തമായി. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് മണിക്കൂറുകള്‍ക്കകം പാര്‍ട്ടി ഗ്രാമത്തില്‍ നിന്നാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. ഒരു കുടുംബത്തിന് നീതി കൊടുക്കാനാകാത്ത മുഖ്യമന്ത്രി എന്തിനാണ് ആ കസേരയില്‍ ഇരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഉപജാപക സംഘത്തിന്റെ പിടിയിലാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പയ്യന്നൂര്‍ ആശുപത്രിയില്‍ ദിവ്യയെത്തി ചികിത്സ തേടി. എന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്തില്ല. കോടതി ദിവ്യയെ അറസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞിരുന്നില്ല. സിപിഎമ്മിന്റെ സംരക്ഷണയിലാണ് ദിവ്യ കഴിഞ്ഞതെന്നതില്‍ സംശയമേയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എംവി ഗോവിന്ദന്‍ അറിയാതെ ഇടയ്ക്ക് സത്യം പറയുന്നതായാണ്. അദ്ദേഹത്തിനൊന്നും സിപിഎമ്മില്‍ ഒരു റോളുമില്ല. മുഖ്യമന്ത്രിക്കോ എകെജി സെന്ററിനോ യാതൊരു നിയന്ത്രണവും പൊലീസിന് മുകളില്ല. പാര്‍ട്ടിക്കാരായ പ്രതികള്‍ വന്നാല്‍ കേരളത്തില്‍ ആര്‍ക്കും നീതി കിട്ടില്ല. സ്വന്തക്കാര്‍ എന്ത് വൃത്തികേട് ചെയ്താലും കുടപിടിക്കുമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ഇരയ്ക്കൊപ്പമെന്ന് പറഞ്ഞുകൊണ്ട് വേട്ടക്കാരെ സംരക്ഷിക്കുന്ന നെറികെട്ട രീതി സി.പി.എം. ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോടതിവിധിക്ക് പിന്നാലെയുള്ള നവീന്‍ബാബുവിന്റെ ഭാര്യയുടെ പ്രതികരണത്തിന്റെ വീഡിയോ ദൃശ്യത്തിനൊപ്പം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ വാക്കുകള്‍ മനസാക്ഷിയുള്ളവരുടെ ഹൃദയത്തിലാണ് തറയ്ക്കുന്നത്. ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യയേയും അച്ഛന്‍ നഷ്ട്ടപ്പെട്ട രണ്ട് പെണ്‍കുട്ടികളേയും ഇനിയും സര്‍ക്കാര്‍ ഇരുട്ടില്‍ നിര്‍ത്തരുത്.' -വി.ഡി. സതീശന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

തലശ്ശേരി സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാറാണ് ചൊവ്വാഴ്ച നടത്തിയ വിധിപ്രസ്താവത്തില്‍ ദിവ്യയ്ക്ക് മുന്‍കൂര്‍ജാമ്യം നിഷേധിച്ചത്. 'ജാമ്യം തള്ളി' എന്ന ഒറ്റവാക്യത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്. ദിവ്യയ്ക്കുവേണ്ടി അഭിഭാഷകന്‍ കെ.വിശ്വനും പ്രോസിക്യൂഷനു വേണ്ടി കെ.അജിത്കുമാറും നവീന്‍ ബാബുവിന്റെ കുടുംബത്തിന് വേണ്ടി ജോണ്‍ എസ്. റാല്‍ഫുമാണ് കോടതിയില്‍ ഹാജരായത്.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരേ പോലീസ് കേസെടുത്തിരുന്നത്. കേസില്‍ പ്രതിയായതോടെ ഇരിണാവിലെ വീട്ടില്‍നിന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറിയ ദിവ്യ 13 ദിവസമായി ഒളിവില്‍ കഴിയുകയാണ്.

നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ പി.പി. ദിവ്യയും തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വിഷയമാണെ നേരത്തേ പ്രതിപക്ഷനേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. വേറെ കത്തിന്റെ പിറകെ പോയാലൊന്നും അത് ഇല്ലാതാകില്ല. ആരെല്ലാം ഏതെല്ലാം വഴിക്ക് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാലും ഈ തിരഞ്ഞെടുപ്പില്‍ ഒരു പൊളിറ്റിക്കല്‍ നറേറ്റീവുണ്ടാകുമെന്നും സതീശന്‍ പറഞ്ഞിരുന്നു.

s