- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി സരിന്‍ ഉത്തമനായ ചെറുപ്പക്കാരന്; സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാന്‍ ഏറ്റവും യോഗ്യന്‍; കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുമ്പോഴും ഇടതുപക്ഷ മനസ്സ്; 'അവസരവാദിയെന്ന 'ആത്മകഥ' പരാമര്‍ശം തിരുത്തി ഇ പി ജയരാജന്‍; ആത്മകഥ പൂര്‍ത്തിയായിട്ടില്ലെന്നും പ്രതികരണം
പി സരിനെ പുകഴ്ത്തി ഇ പി ജയരാജന്‍
പാലക്കാട്: പാലക്കാട് ഇടതു മുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിനെ പുകഴ്ത്തി സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇ പി ജയരാജന്‍. പി സരിന്‍ അവസര വാദിയാണെന്നും സ്വതന്ത്രര്‍ വയ്യാവേലി ആകുന്നത് ഓര്‍ക്കണമെന്നുമുള്ള 'ആത്മകഥ'യിലെ വിവാദ പരാമര്‍ശത്തില്‍ സിപിഎം നിലപാട് കടുപ്പിച്ചതോടെയാണ് സരിനെ പുകഴ്ത്തി ഇ പി ജയരാജന്‍ രംഗത്ത് വന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനായാണ് ഇ പി പാലക്കാട് എത്തിയത്.
ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ പി സരിന്‍ പൊതു സമൂഹത്തോട് പ്രതിജ്ഞ ബദ്ധനായ ചെറുപ്പക്കാരനാണെന്ന് ഇപി ജയരാജന്‍ പറഞ്ഞു. ജനസേവനത്തിനായി ജോലി പോലും രാജിവെച്ച ഉത്തമനായ ചെറുപ്പക്കാരനാണ് സരിന്‍. പാലക്കാട് ജനതയ്ക്ക് ചേര്‍ന്ന മികച്ച സ്ഥാനാര്‍ഥി. പാലക്കാട്ടെ ജനതയുടെ മഹാഭാഗ്യമാണ് സരിന്റെ സ്ഥാനാര്‍ഥിത്വമെന്നും ഇ.പി. പറഞ്ഞു. ആത്മകഥയില്‍ സരിനെ കുറിച്ച് മോശം പരാമര്‍ശമുണ്ടെന്ന് പുറത്തുവന്നതിന് പിന്നാലെയാണ് സരിനെ പുകഴ്ത്തി ഇപി രംഗത്തെത്തിയത്.
സരിന്‍ ആദ്യം സ്വീകരിച്ചത് ഇടതുപക്ഷ രാഷ്ട്രീയമായിരുന്നില്ല. എന്നാല്‍, അദ്ദേഹത്തിന്റേത് ഇടതുപക്ഷ മനസ്സായിരുന്നു. കൃഷിക്കാരുടേയും തൊഴിലാളികളുടേയും ഒപ്പമായിരുന്നു സരിന്‍. പണമുണ്ടാക്കാനുള്ള സാഹചര്യം ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് അപൂര്‍വമാണ്. അങ്ങിനെ പ്രവര്‍ത്തിച്ച് രാഷ്ട്രീയത്തില്‍ എത്തിയ അദ്ദേഹത്തിന് കോണ്‍ഗ്രസില്‍നിന്ന് സത്യസന്ധതയും നീതിയും ലഭിക്കുന്നില്ലെന്ന് ബോധ്യമായി. കോണ്‍ഗ്രസ് വര്‍ഗീയ ശക്തികളുമായി കൂട്ടുചേരുകയാണ്. വ്യക്തിതാത്പര്യങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തിക്കുന്നു.
ഇത്തരം പ്രവണതകളിലുണ്ടായ വിയോജിപ്പിനാലാണ് അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്കെത്തുന്നത്. ഈ നാടിന്റെ സമഗ്രമേഖലയിലും ഏറ്റവും മെച്ചപ്പെട്ട നിലയില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം. രാഷ്ട്രീയപ്രവര്‍ത്തനം നാടിന്റെ നന്മയ്ക്ക് വേണ്ടിയാണ് അല്ലാതെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല. ജനങ്ങളുടെ വേദനകള്‍ നേരിട്ട് കണ്ട് മനസ്സിലാക്കി ആശ്വാസമേകാന്‍ സരിനാകും. അദ്ദേഹം ജയിക്കേണ്ടത് പാലക്കാടിന്റെ ആവശ്യമാണ്. അദ്ദേഹം ജയിച്ചുവരണമെന്നാണ് ഇവിടുത്തെ യുവാക്കളും സ്ത്രീകളും ആ?ഗ്രഹിക്കുന്നത്
നല്ല സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് അദ്ദേഹം. ഒരിക്കലും വയ്യാവേലിയാകില്ല. അന്‍വറിനെ പോലെ ഒരാളായി സരിന്‍ മാറുമെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഓരോ വ്യക്തികള്‍ക്കും അവരുടേതായ വ്യക്തിത്വമുണ്ട് എന്നായിരുന്നു ഇ.പിയുടെ മറുപടി. ഏതെങ്കിലും ഒരാള്‍ക്ക് പകരമാകുമെന്ന് തോന്നുന്നില്ല. ഓരോ മനുഷ്യനും അവരുടേതായ പ്രത്യേകതകളുണ്ട്. ഇ.പി. ജയരാജന്‍ പറഞ്ഞു.
പി സരിന്‍ അവസര വാദിയാണെന്നും സ്വതന്ത്രര്‍ വയ്യാവേലി ആകുന്നത് ഓര്‍ക്കണമെന്നുമായിരുന്നു 'കത്തിപ്പടരാന്‍ കട്ടന്‍ ചായയും പരിപ്പ് വടയും' എന്ന ആത്മകഥയിലെ വിമര്‍ശനം. എന്നാല്‍ തന്റെ ആത്മകഥയുടെ ഭാഗങ്ങള്‍ എന്ന പേരില്‍ പുറത്ത് വന്ന പരാമര്‍ശങ്ങള്‍ നിഷേധിച്ച് ഇ പി രംഗത്ത് വന്നിരുന്നു.
സ്വതന്ത്രര്‍ വയ്യാവേലി ആകുന്നത് ഓര്‍ക്കണമെന്ന് ഇ എം എസ് തന്നെ ഇക്കാര്യം പറഞ്ഞിരുന്നുവെന്നായിരുന്നു പരാമര്‍ശം. പിവി അന്‍വറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഇപി സരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിച്ചത്.
ഡിസി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിലെ ഭാഗങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കര്‍ കൂട്ടിക്കാഴ്ച്ച വിവാദം ആക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ആത്മകഥയിലെ മറ്റൊരു വിമര്‍ശനം. വാര്‍ത്ത തെറ്റാണെന്ന് ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. താന്‍ ബുക്ക് എഴുതി തീര്‍ന്നിട്ടില്ലെന്നും ഡി സി ബുക്സിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് ഇപി ജയരാജന്‍ പ്രതികരിച്ചത്.