ആലപ്പുഴ: മുതിര്‍ന്ന സി.പി.എം നേതാവ് ജി.സുധാകരനെ സി.പി.എം അമ്പലപ്പുഴ ഏരിയാസമ്മേളനത്തില്‍ പങ്കെടുപ്പിക്കാത്തത് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതിയാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍. അദ്ദേഹത്തോട് ഒരു വിരോധവുമില്ല. ഒഴിവാക്കി നിര്‍ത്തയതുമല്ല. അതിന്റെ ആവശ്യമില്ലെന്നും ആര്‍.നാസര്‍ പറഞ്ഞു.

ഉദ്ഘാടനച്ചടങ്ങിലേക്കും പൊതുസമ്മേളനത്തിലേക്കും അദ്ദേഹത്തെ ക്ഷണിക്കാത്തത് വലിയ ചര്‍ച്ചയായിരുന്നു. ജി.സുധാകരന്റെ പറവൂരിലെ വീടിന് തൊട്ടടുത്താണ് സി.പി.എം ഏരിയാ സമ്മേളനം നടക്കുന്നത്. സിപിഎമ്മില്‍ ജി സുധാകരന്റെ അവസ്ഥ ദയനീയമാണെന്ന പാര്‍ട്ടി വിട്ട ജില്ലാ പഞ്ചായത്തംഗം ബിബിന്‍ സി ബാബുവിന്റെ തുറന്നുപറച്ചിലിന് മറുപടിയായാണ് ആര്‍ നാസറിന്റെ പ്രതികരണം.

നേരത്തേ സി.പി.എമ്മിന്റെ ആലപ്പുഴയിലെ യുവനേതാവായിരുന്ന ടി.ജെ. ആഞ്ചലോസിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത് കള്ള റിപ്പോര്‍ട്ട് ഉണ്ടാക്കിയാണെന്ന ജി. സുധാകരന്റെ പ്രസ്താവന വലിയ ചര്‍ച്ചയായിരുന്നു. സി.പി.ഐയുടെ വേദിയില്‍വെച്ച് ആഞ്ചലോസിന്റെയും സി.പി.ഐ. നേതാവ് മുല്ലക്കര രത്നാകരന്റെയും സാന്നിധ്യത്തിലായിരുന്നു സുധാകരന്റെ തുറന്നുപറച്ചില്‍.

ബിബിന്‍ സി ബാബു ബിജെപിയില്‍ ചേര്‍ന്നത് ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത മൂലമല്ലെന്നും ആര്‍ നാസര്‍ പറഞ്ഞു. പാര്‍ട്ടി നടപടി നേരിട്ടത് കൊണ്ടാണ് ബിബിന്‍ ബിജെപിയിലേക്ക് പോയത്. ബിബിന്‍ കൈക്കൊണ്ടത് തെറ്റായ തീരുമാനമാണ്. സിപിഎമ്മില്‍ മതനിരപേക്ഷത തകര്‍ന്നുവെന്ന് പറഞ്ഞ ബിബിന്‍ തെരഞ്ഞെടുത്തത് ആര്‍എസ്എസിന്റെ രാഷ്ട്രീയമല്ലേയെന്നും നാസര്‍ ചോദിച്ചു.

മാതൃകാപരമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് ബിബിന്‍. എന്നാല്‍ വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി. ഭാര്യയുടെ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തി. പരാതി സത്യമെന്ന് തെളിഞ്ഞതോടെ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തി. പാര്‍ട്ടിയിലേക്ക് തിരിച്ചു എടുക്കുന്ന കാര്യങ്ങള്‍ പാര്‍ട്ടി പരിഗണിച്ചിരുന്നു. അതിന് മുന്‍പ് ബിബിന്‍ ബിജെപിയില്‍ ചേര്‍ന്നുവെന്നും നാസര്‍ പറഞ്ഞു.

സിപിഎമ്മിന് മത നിരപേക്ഷ സ്വഭാവം നഷ്ടപ്പെട്ടുവെന്നായിരുന്നു ബിബിന്‍ സി ബാബുവിന്റെ വിമര്‍ശനം. സിപിഎം പാര്‍ട്ടി വര്‍ഗീയ ശക്തികളുടെ കയ്യിലാണ്. ആലപ്പുഴയില്‍ വര്‍ഗീയ നിലപാടുള്ളവര്‍ സിപിഎമ്മിനെ ഹൈജാക്ക് ചെയ്തു. വര്‍ഗീയവാദികളാണ് പാര്‍ട്ടിയെ നയിക്കുന്നത്. പരാതി കൊടുത്തിട്ടും നേതൃത്വം പരിഗണിച്ചില്ല. മോദിയുടെ വികസന നയം മാതൃകാപരമാണ്. താന്‍ ഉടന്‍ ജില്ല പഞ്ചായത്ത് അംഗത്വം രാജി വെക്കുമെന്നും ബിബിന്‍ സി ബാബു പറഞ്ഞു.