പത്തനംതിട്ട: കരുനാഗപ്പള്ളിക്ക് പിന്നാലെ തിരുവല്ല സിപിഎമ്മിലെ വിഭാഗീയതയിലും നടപടിയുമായി പാര്‍ട്ടി നേതൃത്വം. തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കെ. കെ. കൊച്ചുമോനെ മാറ്റി. ലോക്കല്‍ സമ്മേളനത്തില്‍ വിതരണം ചെയ്ത റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന വിഷയത്തിലാണ് ലോക്കല്‍ സെക്രട്ടറിയെ നീക്കിയത്. ഏരിയ കമ്മിറ്റി അംഗം ജെനു മാത്യുവിന് താല്‍ക്കാലിക ചുമതല നല്‍കി. അലങ്കോലമായ ലോക്കല്‍ സമ്മേളനം 9 ന് വീണ്ടും ചേര്‍ന്ന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കും.

നടപടി എടുത്ത് മാറ്റിയിട്ടും സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ മുന്‍ ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി. ആന്റണിക്ക് താക്കീതും നല്‍കി. തിരുവല്ലയിലെ സംഘടന കാര്യങ്ങള്‍ പരിശോധിച്ചുവെന്നും സമ്മേളനവുമായി മുന്നോട്ട് പോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. തിരുവല്ലയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും പരിഹരിച്ചുവെന്നും ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവും പ്രതികരിച്ചു.

ജില്ലാ സെക്രട്ടറി നേരിട്ട് പങ്കെടുത്ത തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനം കയ്യാങ്കളിയുടെ വക്കോളമെത്തിയപ്പോഴാണ് നേരത്തെ നിര്‍ത്തിവെച്ചത്. രൂക്ഷമായ വിഭാഗീയതയെ തുടര്‍ന്ന് നിര്‍ത്തിവെച്ച സിപിഎം തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. പീഡനക്കേസ് പ്രതി സി.സി. സജിമോനെതിരെ നടപടിയെടുത്തതിന്റെ പേരില്‍ ഡോ. തോമസ് ഐസക്കിനെ തോല്‍പ്പിക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ പ്രവര്‍ത്തിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

വിമര്‍ശനങ്ങള്‍ ചര്‍ച്ച ആകാതെയിരിക്കാന്‍ ജില്ലാ സെക്രട്ടറി ഇടപെട്ടാണ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചത്. സമ്മേളനത്തില്‍ അവതരിപ്പിക്കുകയും പിന്നീട് ജില്ലാ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം പ്രതിനിധികളില്‍ നിന്ന് റിപ്പോര്‍ട്ട് തിരികെ വാങ്ങുകയുമായിരുന്നു.

പീഡനക്കേസ് പ്രതിയായ സി.സി. സജിമോനെതിരെ നടപടിയെടുത്തതിന്റെ പേരില്‍ മുന്‍ ഏരിയ സെക്രട്ടറിയും ഒരുവിഭാഗം നേതാക്കളും സംസ്ഥാന നേതൃത്വത്തിന് എതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. നടപടിയെടുക്കാന്‍ തീരുമാനമെടുത്ത കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്കിന്, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യരുതെന്ന നിര്‍ദേശം നല്‍കി. ഐസക്കിനെ തോല്‍പ്പിക്കാന്‍ വ്യാപമായി പ്രവര്‍ത്തിച്ചു തുടങ്ങിയ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

പാര്‍ട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തുപോയതിനാണ് നിലവിലെ സെക്രട്ടറി കൊച്ചുമോനെ മാറ്റിയത്. പീഡനക്കേസ് പ്രതിയായ നേതാവ് സജിമോനെതിരെ ശക്തമായ നിലപാട് എടുത്ത ആളുകൂടിയാണ് കൊച്ചുമോന്‍. വിഭാഗീയത അവസാനിപ്പിക്കാന്‍ സംസ്ഥാന സെക്രട്ടറിയെടുത്ത നടപടി തിരുവല്ലയില്‍ പുതിയ ചേരിതിരിവിന് കാരണമാകാനാണ് സാധ്യതയുണ്ട്.

അതേസമയം വീണ്ടും നടത്താനിരിക്കുന്ന ലോക്കല്‍ സമ്മേളനം ശരിയായ രീതിയില്‍ നടക്കുമോ എന്നതില്‍ സംശയമുണ്ട്. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഇനിയുമുണ്ടാവുമെന്ന സംശയം പാര്‍ട്ടിക്കുണ്ട്. ഇക്കാരണത്താല്‍ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കല്‍ മാത്രമാക്കി സമ്മേളനം ചുരുക്കിയേക്കാം.

ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയിട്ടും സംഘടനാ വിരുദ്ധ നടപടികള്‍ തുടരുന്നു എന്ന കാരണത്തില്‍ തിരുവല്ലയിലെ മുതിര്‍ന്ന നേതാവ് ഫ്രാന്‍സിസ് വി. ആന്റണിയെ താക്കീത് ചെയ്തിട്ടുണ്ട്. തിരുവല്ലയിലെ ഇരുവിഭാഗങ്ങളെയെയും നടപടിക്ക് വിധേയമാക്കിയതിലൂടെ സമ്മേളന കാലത്ത് തല്‍ക്കാലം പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്.