- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സിപിഎം സമ്മേളനത്തിന് റോഡില്‍ എങ്ങനെ സ്റ്റേജ് നിര്‍മിച്ചു; സ്റ്റേജ് കെട്ടിയത് റോഡ് കുത്തിപ്പൊളിച്ചാണോ? ഫുട്പാത്തില്‍ നടക്കുന്നവര്‍ക്ക് പോലും രക്ഷയില്ല'; നിയമം ലംഘിച്ചവര്‍ പ്രത്യാഘാതം നേരിടുമെന്ന് ഹൈക്കോടതി
റോഡ് കുത്തിപ്പൊളിച്ചെങ്കില്‍ അതിന് കേസ് വേറെയെന്ന് ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരത്ത് റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടി സിപിഎം സമ്മേളനം നടത്തിയതില്‍ നിയമം ലംഘിച്ചവര്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി. സിപിഎമ്മിന്റെ സമ്മേളന സ്റ്റേജ് എങ്ങനെയാണ് കെട്ടിയതെന്ന് കോടതി ചോദിച്ചു. റോഡ് കുത്തിപ്പൊളിച്ചാണോ സ്റ്റേജിനുള്ള കാല്‍ നാട്ടിയത്. റോഡ് കുത്തിപ്പൊളിച്ചെങ്കില്‍ അതിന് കേസ് വേറെയെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാനത്ത് അലക്ഷ്യമായ വാഹനമോടിക്കല്‍ വര്‍ധിച്ചുവരികയാണെന്നും ഇത് ഉത്കണ്ഠയുണ്ടാക്കുന്ന കാര്യമാണെന്നും കോടതി പറഞ്ഞു. സെക്രട്ടേറിയറ്റിനു മുന്നില്‍ നടപ്പാത തടഞ്ഞ് സമരം ചെയ്തതിലും വഞ്ചിയൂരില്‍ റോഡ് അടച്ചുകെട്ടി രാഷ്ട്രീയ പാര്‍ട്ടി സമ്മേളനം നടത്തിയതിലും കോടതിയലക്ഷ്യ കേസ് എടുക്കുന്നത് പരിഗണിക്കുകയാണെന്നും ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കോടതിയലക്ഷ്യ ഹര്‍ജി ബുധനാഴ്ച ഡിവിഷന്‍ ബെഞ്ച് വീണ്ടും പരിഗണിക്കും.
റോഡ് കയ്യേറിയും, വഴി തടഞ്ഞുമുള്ള പാര്‍ട്ടി പരിപാടികള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. നിയമം ലംഘിച്ചവര്‍ പ്രത്യാഘാതം നേരിടണമെന്നും ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങള്‍ക്കറിയാമെന്നും ഹൈക്കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചു.
മരട് സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വഞ്ചിയൂരില്‍ സിപിഎം റോഡില്‍ സ്റ്റേജിന്റെ കാലുകള്‍ നാട്ടിയത് എങ്ങനെയെന്നും റോഡ് കുത്തിപ്പൊളിച്ചോ എന്നും കോടതി ചോദിച്ചു. റോഡ് കുത്തിപ്പൊളിച്ചുവെങ്കില്‍ കേസ് വേറെയാണ് എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സെക്രട്ടറിയേറ്റിന് മുന്നില്‍ വഴി തടഞ്ഞാണ് സിപിഐ ജോയിന്റ് കൗണ്‍സിലിന്റെ സമരമെന്നും കോടതി കണ്ടെത്തി.
വഴിതടഞ്ഞുള്ള വഞ്ചിയൂര്‍ സമരത്തിനെതിരെ കേസെടുത്തതായി ഹൈക്കോടതിയില്‍ ഡിജിപി വിശദീകരണം നല്‍കി.
പരിപാടികള്‍ക്ക് അനുമതി നല്‍കരുതെന്ന് നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നുവെന്നും സംഭവം അറിഞ്ഞപ്പോള്‍ ഉടന്‍തന്നെ ഇടപെട്ട് പരിപാടിയുടെ സംഘാടകര്‍ക്കെതിരെ കേസെടുത്തുവെന്നും ഡിജിപി പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിലെ ജോയിന്റ് കൗണ്‍സില്‍ പരിപാടിക്കെതിരെയും കേസെടുത്തതായി ഡിജിപി അറിയിച്ചു.
കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കം 16 പ്രതികള്‍ ഉണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു. സിപിഎം ജില്ലാ സെക്രട്ടറി വി ജോയ്, മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എണ്‍ വിജയകുമാര്‍, വി കെ പ്രശാന്ത് എംഎല്‍എ തുടങ്ങിയവര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നു. പന്തലിട്ട മൂന്നുപേരെ അറസ്റ്റ് ചെയ്തതായും പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം പ്രവര്‍ത്തികള്‍ക്ക് ക്രിമിനല്‍ നിയമപ്രകാരം നടപടിയെടുക്കണമെന്നും നിയമം ലംഘിച്ചവര്‍ പ്രത്യാഘാതം നേരിടണമെന്നും ഹൈക്കോടതി പറഞ്ഞു. സംഘാടകരാണ് ഇതിന് പ്രധാന ഉത്തരവാദി എന്നും ഇതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് അറിയാമെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
കൊച്ചി നഗരസഭ ഓഫീസിന് മുന്നിലെ ഫുട്പാത്തുകളും സമരങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നും ഹൈക്കോടതിയുടെ നിരീക്ഷിച്ചു. കൂടുതല്‍ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താനായി ഭേദഗതി ചെയ്ത കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ ഹര്‍ജിക്കാരന് ഹൈക്കോടതി അനുമതി നല്‍കി. ഹര്‍ജി ഹൈക്കോടതി മറ്റന്നാള്‍ രണ്ട് മണിക്ക് വീണ്ടും പരിഗണിക്കും.
റോഡ് അടച്ചുകെട്ടുന്നതും നടപ്പാത തടസപ്പെടുത്തുന്നതുമൊക്കെ സംബന്ധിച്ച് 2021ലെ ഉത്തരവുണ്ട്. ഇത് ലംഘിച്ചിരിക്കുകയാണ്. ഇതിന് പരിപാടിയുടെ സംഘാടകരും അതില്‍ പങ്കെടുത്തവരും പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
സിപിഐയുടെ ജോയിന്റ് കൗണ്‍സില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടപ്പാത അടച്ചുകെട്ടി സമരം നടത്തിയതും കോടതി പരിഗണിച്ചു. ഇത് നിയമലംഘനമാണെന്ന് വ്യക്തമാക്കിയ കോടതി, സംസ്ഥാനത്ത് ഫുട്പാത്തില്‍ നടക്കുന്നവര്‍ക്ക് പോലും രക്ഷയില്ലെന്നും പറഞ്ഞു. പാലക്കാട് പനയമ്പാടത്ത് നാല് വിദ്യാര്‍ഥിനികള്‍ ലോറി മറിഞ്ഞ് മരിച്ച കാര്യവും കോടതി ചൂണ്ടിക്കാട്ടി. ബസ് കാത്തും മറ്റും ആളുകള്‍ റോഡരുകില്‍ നില്‍ക്കാറുണ്ട്. ആളുകള്‍ക്ക് നടക്കാനുള്ള ഫുട്പാത്തുകള്‍ അടച്ചുകെട്ടുന്നത് ഒട്ടേറെ നിയമങ്ങള്‍ ലംഘിക്കലാണെന്നും കോടതി പറഞ്ഞു.
റോഡ് ഗതാഗതം തടഞ്ഞുള്ള സമരം പലപ്പോഴായി കോടതി വിലക്കിയിട്ടുണ്ട്. എന്നിട്ടും ഇത്തരം സമരങ്ങള്‍ എങ്ങനെ നടക്കുന്നുവെന്ന് കോടതി ചോദിച്ചു. കൊച്ചി നഗരസഭയ്ക്ക് മുന്നിലും ഫുട്പാത്തില്‍ അടക്കം സമരം നടക്കുന്നത് കാണാം. കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്നും കോടതി അഭിപ്രായപ്പെട്ടു.