- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂളിലെ ക്രൂരമായ പീഡനങ്ങള്‍ക്ക് പിന്നാലെ 15 വയസ്സുകാരന്റെ ആത്മഹത്യ; മിഹിറിന്റെ മരണത്തില്‍ സമഗ്രാന്വേഷണത്തിന് നിര്‍ദേശം നല്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി; പൊലീസ് അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി
മിഹിറിന്റെ മരണത്തില്‍ സമഗ്രാന്വേഷണത്തിന് നിര്‍ദേശം നല്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി
കൊച്ചി: തൃപ്പൂണിത്തുറയിലെ 15 വയസ്സുകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ പൊലീസ് അടിയന്തര നിയമനടപടികള്‍ കൈക്കൊള്ളുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി അറിയിച്ചു. സ്‌കൂളുകളില്‍ സമൂഹനന്മയ്ക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കാനും നിയമഭേദഗതി ആവശ്യമെങ്കില്‍ അക്കാര്യം പരിഗണിക്കുമെന്നും മന്ത്രി ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചു.
സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കുടുംബം പരാതി നല്‍കിയിരുന്നു. സ്‌കൂളില്‍ മകന്‍ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് ഇരയായെന്ന് കാട്ടിയാണ് അമ്മയാണ് പരാതി നല്‍കിയത്. ചില വിദ്യാര്‍ത്ഥികളില്‍ നിന്ന് ക്രൂരമായ റാഗിങ്ങിന് മകന്‍ വിധേയനായെന്നും കുടുംബം ആരോപിക്കുന്നു. ജനുവരി 15 നായിരുന്നു അപകടം. തൃപ്പൂണിത്തുറ ചോയിസ് ടവറില്‍ താമസിക്കുന്ന സരിന്‍ രചന ദമ്പതികളുടെ മകന്‍ മിഹിറാണ് ഫ്‌ലാറ്റിലെ ഇരുപത്തിയാറാം നിലയില്‍ നിന്ന് വീണ് തല്‍ക്ഷണം മരിച്ചത്. മുകളില്‍ നിന്ന് വീണ കുട്ടി മൂന്നാം നിലയിലെ ഷീറ്റിട്ട ടെറസില്‍ പതിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം മാറ്റിയത്. തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു മിഹിര്‍.
മകന്റെ മരണശേഷം സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച സോഷ്യല്‍ മീഡിയ ചാറ്റില്‍ നിന്നാണ് മകന്‍ നേരിട്ട ദുരനുഭവം കുടുംബം അറിയുന്നത്. മിഹിര്‍ പഠിച്ച ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനെതിരെയാണ് കുടുംബം പരാതി നല്‍കിയത്. ചെറിയ തെറ്റുകള്‍ക്ക് പോലും ഈ സ്‌കൂളുകളില്‍ മിഹിറിന് നേരിടേണ്ടി വന്നത് മനുഷ്യത്വവിരുദ്ധമായ ശിക്ഷയാണെന്നും കുടുംബം പറയുന്നു.
എറണാകുളം തിരുവാണിയൂരില്‍ സി.ബി.എസ്.ഇ. സ്‌കൂളില്‍ വച്ച് വിദ്യാര്‍ത്ഥി ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയമായതിനെ തുടര്‍ന്ന് ജീവനൊടുക്കിയെന്ന അമ്മയുടെ പരാതി ശ്രദ്ധയില്‍പ്പെട്ടു. സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണ്. പോലീസ് ഇക്കാര്യത്തില്‍ അടിയന്തര നിയമനടപടികള്‍ കൈക്കൊള്ളും. മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ഓരോ സ്‌കൂളും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. അവിടങ്ങളില്‍ പഠിക്കുന്ന എല്ലാ കുട്ടികളും കേരളത്തിന്റെ മക്കളാണ്. സംസ്ഥാനത്തെ ഏതെങ്കിലും സ്‌കൂളില്‍ (ഏത് സ്ട്രീമില്‍പ്പെട്ട സ്‌കൂള്‍ ആണെങ്കിലും) സമൂഹനന്മയ്ക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അത് കണ്ടെത്താനും തടയാനും സ്ഥാപനത്തിനെതിരെയടക്കം ശക്തമായ നടപടിയെടുക്കാനും നിയമഭേദഗതി ആവശ്യമെങ്കില്‍ അക്കാര്യം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കൊച്ചിയിലെ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ ക്രൂരമായ റാഗിങ്ങിന് ഇരയായതിന് പിന്നാലെയാണ് മിഹിര്‍ അഹമ്മദ് ആത്മഹത്യ ചെയ്തതെന്നാണ് അമ്മയുടെ പരാതി. മിഹിര്‍ തൃപ്പുണിത്തുറയിലെ ഫ്‌ലാറ്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. സ്‌കൂളില്‍ സഹപാഠികള്‍ നിറത്തിന്റെ പേരില്‍ പരിഹസിക്കുകയും ടോയ്‌ലറ്റ് നക്കിച്ചുവെന്നും ക്ലോസറ്റില്‍ മുഖം പൂഴത്തിവെച്ച് ഫ്‌ലഷ് അടിച്ചുവെന്നും മാതാവ് പറയുന്നു. സ്‌കൂളിലെ ഒരു സംഘം വിദ്യാര്‍ഥികള്‍ മിഹിറിനെ ക്രൂര റാഗിങ്ങിനിരയാക്കിയെന്നാണ് അമ്മയുടെ പരാതി. മിഹിറിന്റെ മരണം വരെ ക്രിമിനല്‍ മനസ്സുള്ള വിദ്യാര്‍ഥിക്കൂട്ടം ആഘോഷമാക്കിയെന്ന് പരാതിയിലുണ്ട്. കുട്ടി ജീവനൊടുക്കിയതിനെ കുറിച്ച് അധിക്ഷേപകരമായ ഭാഷയില്‍ സംസാരിക്കുന്ന ചാറ്റിന്റെ സക്രീന്‍ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്.
മിഹിറിന്റെ രക്ഷാകര്‍ത്താക്കളുടെ പരാതിയുടെ വിശദാംശങ്ങള്‍ പോലീസിന് നല്‍കിയിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ പ്രതികരണം