തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിനെ മതസന്ന്യാസിയാക്കാന്‍ ശ്രമിക്കുന്നതിനെ ജാഗ്രതയോടെ കാണണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം ചര്‍ച്ചയാകുന്നതിനിടെ വിഷയത്തില്‍ പ്രതികരിച്ച് മുന്‍ ഡിജിപിയും ബിജെപി നേതാവുമായി ടി പി സെന്‍കുമാര്‍. ശ്രീനാരായണഗുരു ഒരു ഹിന്ദു ഗുരുവായിരുന്നോ അതായത് സനാതനധര്‍മ്മത്തിന്റെ ഗുരുവായിരുന്നോ എന്ന് ചോദിക്കുന്നവരുണ്ട്. അദ്ദേഹം അങ്ങനെ ആയിരുന്നില്ല എന്ന് വ്യാഖ്യാനവുമായി ഇപ്പോള്‍ നടക്കുന്നവരും ഉണ്ട്. എന്നാല്‍ ഗുരു അരുവിപ്പുറം മുതല്‍ 42 ക്ഷേത്രപ്രതിഷ്ഠകള്‍ നടത്തി.അവയെല്ലാം ഹൈന്ദവ ദേവി ദേവന്മാരുടെതാണ്.ഗുരു മുപ്പതോളം സ്‌തോത്രകൃതികള്‍ രചിച്ചു. എല്ലാം അതേ ദേവി ദേവന്മാരെ കുറിച്ചാണ്.ഗുരു 15 ഓളം തത്വജ്ഞാന കൃതികള്‍രചിച്ചു. എല്ലാം പ്രതിപാദിക്കുന്നത് അദ്വൈതമാണ്.

ഗുരു ശിവഗിരിയില്‍ സ്ഥാപിച്ച മതപാഠശാലയുടെ പേര് ബ്രഹ്‌മ വിദ്യാലയം എന്നാണ്.ഗുരു നിരവധി ശിഷ്യന്മാര്‍ക്ക് സന്യാസദീക്ഷ നല്‍കി. ശിവഗിരി എന്ന നാമവും ശാരദാ മന്ദിരവും ഗുരു തീരുമാനിച്ചെടുത്തതാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ടി പി സെന്‍കുമാര്‍ പറയുന്നു. ശ്രീനാരായണ ഗുരുവിന്റെ പ്രധാന ശിഷ്യന്മാര്‍ ആയിരുന്ന സന്ന്യാസിമാരുടെ പേരുകളും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. ഇവരില്‍ ഭൂരിപക്ഷവും ഉന്നത ജാതിക്കാര്‍ ആണെന്നും ടി പി സെന്‍കുമാര്‍ പറയുന്നു.

മഹാദര്‍ശനങ്ങള്‍ മുന്നോട്ടുവെച്ച ഗുരുവിനെ ഹിന്ദുമതനവോത്ഥാനത്തിന്റെ നായകനായി അവതരിപ്പിക്കാന്‍ വര്‍ഗീയശക്തികള്‍ നടത്തുന്ന ശ്രമത്തിന്റെ ചരിത്രവിരുദ്ധതയെയും മനുഷ്യത്വരാഹിത്യത്തെയും തിരിച്ചറിയണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ ഗുരുജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്യവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അന്യമതവിദ്വേഷവും ആക്രമോത്സുകമായ മതവര്‍ഗീയതയും പ്രചരിപ്പിക്കുന്ന വര്‍ഗീയശക്തികള്‍ ഗുരുവിനെ തങ്ങളുടെ ചേരിയില്‍ പ്രതിഷ്ഠിക്കാന്‍നടത്തുന്ന ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കണം. ഗുരുവിന്റെ ആദര്‍ശം സംരക്ഷിക്കപ്പെടുന്നതിന് സമൂഹത്തിലുണ്ടാകേണ്ട ഇടപെടലിന് നേതൃത്വംനല്‍കാന്‍ ശിവഗിരി മഠത്തിന് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടി പി സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ശ്രീനാരായണഗുരുദേവന്‍ എന്ന സനാതന ധര്‍മ്മ ഗുരുദേവന്‍.

ശ്രീനാരായണഗുരു ഒരു ഹിന്ദു ഗുരുവായിരുന്നോ അതായത് സനാതനധര്‍മ്മത്തിന്റെ ഗുരുവായിരുന്നോ എന്ന് ചോദിക്കുന്നവരുണ്ട്.അദ്ദേഹം അങ്ങനെ ആയിരുന്നില്ല എന്ന് വ്യാഖ്യാനവുമായി ഇപ്പോള്‍ നടക്കുന്നവരും ഉണ്ട്.അദ്വൈത ജാതിമതാദി മതില്‍ക്കെട്ടുകളില്‍ നിന്നെല്ലാം മുക്തനാകുന്നു എന്ന അര്‍ത്ഥത്തില്‍ ആണെങ്കില്‍ അത് ശരിയാണ്.

ഗുരു ഹിന്ദുവായിരുന്നില്ലെന്ന് വാദിക്കുന്നവരുടെ വിവക്ഷ അതല്ല. അവരുടെ വാദം സ്വീകാര്യമാകണമെങ്കില്‍ താഴെപ്പറയുന്ന വസ്തുതകളുടെ നേരെ കണ്ണടച്ച് ഇരുട്ടാക്കേണ്ടി വരും.ഗുരു മരുത്വാമലയിലും

അരുവിപ്പുറത്തും തപസ്സനുഷ്ഠിച്ചു യോഗിയായി. അതിനുശേഷം അരുവിപ്പുറത്തു ശിവലിംഗ പ്രതിഷ്ഠ നടത്തി.ഗുരു ആലുവയില്‍ സ്ഥാപിച്ച ആശ്രമത്തിന്റെ പേര് അദ്വൈത ആശ്രമം എന്നാണ്.അരുവിപ്പുറം മുതല്‍ 42 ക്ഷേത്രപ്രതിഷ്ഠകള്‍ നടത്തി.അവയെല്ലാം ഹൈന്ദവ ദേവി ദേവന്മാരുടെതാണ്.ഗുരു മുപ്പതോളം സ്‌തോത്രകൃതികള്‍ രചിച്ചു. എല്ലാം അതേ ദേവി ദേവന്മാരെ കുറിച്ചാണ്.ഗുരു 15 ഓളം തത്വജ്ഞാന കൃതികള്‍രചിച്ചു. എല്ലാം പ്രതിപാദിക്കുന്നത് അദ്വൈതമാണ്. ഗുരു ശിവഗിരിയില്‍ സ്ഥാപിച്ച മതപാഠശാലയുടെ പേര് ബ്രഹ്‌മ വിദ്യാലയം എന്നാണ്.ഗുരു നിരവധി ശിഷ്യന്മാര്‍ക്ക് സന്യാസദീക്ഷ നല്‍കി. ശിവഗിരി എന്ന നാമവും ശാരദാ മന്ദിരവും ഗുരു തീരുമാനിച്ചെടുത്തതാണ്.

അവസാനം ഗുരുവിന്റെ ആഗ്രഹപ്രകാരം ശ്രീ വിദ്യാനന്ദ സ്വാമി പാരായണം ചെയ്ത യോഗാവശിഷ്ടത്തിലെ ജീവന്‍ മുക്തി പ്രകരണം കേട്ടുകൊണ്ട് അദ്ദേഹം സമാധി ആവുകയും ചെയ്തു ചുരുങ്ങിയത് ഇത്രയെങ്കിലും വസ്തുതകളുടെ നേര്‍ക്ക് കണ്ണടയ്ക്കാന്‍ കഴിയുന്ന ആര്‍ക്കും ഗുരു അഹിന്ദു ആയിരുന്നു എന്ന് വിശ്വസിക്കാം.അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ.