പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി തെറ്റായിരുന്നുവെന്ന് മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതീ പ്രവേശം അടഞ്ഞ അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെയും രാജ്യത്തെയും അയ്യപ്പഭക്തര്‍ വിധിക്ക് എതിരാണെന്ന് സുപ്രീംകോടതിയ്ക്ക് തന്നെ ബോധ്യമായി. സര്‍ക്കാര്‍ സുപ്രീം കോടതിയുടെ വിധി മാനിച്ചു. ജനകീയ വികാരം എന്തെന്ന് മനസ്സിലായപ്പോള്‍ അതില്‍ നിന്ന് പിന്‍മാറി. ഇതെക്കുറിച്ച് കൂടുതല്‍ സംസാരിക്കേണ്ടതില്ലെന്നും കടകംപള്ളി പറഞ്ഞു. പമ്പയില്‍ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു കടകംപള്ളിയുടെ പ്രതികരണം.

ആഗോള അയ്യപ്പ സംഗമവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ ശബരിമലയിലെ യുവതീപ്രവേശന വിധിയില്‍ പഴയനിലപാടില്‍നിന്ന് മറുകണ്ടംചാടുകയാണ് മുന്‍ ദേവസ്വംമന്ത്രി. യുവതീപ്രവേശന വിധി തെറ്റാണെന്ന് സുപ്രീം കോടതിക്ക് മനസിലായി. അതിനാലാണ് വര്‍ഷങ്ങളായി പുഃപരിശോധനാ ഹരജി പരിഗണിക്കാത്തത്. ജനവികാരം മാനിക്കുന്ന സര്‍ക്കാറാണിത്. ഈ വിഷയം ഇനിയും ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് തോന്നുന്നത്. സര്‍ക്കാര്‍ സുപ്രീംകോടതി വിധിയെ ഭരണഘടനാപരമായി മാനിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും പമ്പയില്‍ കടകംപള്ളി പറയുന്നു. മന്ത്രിയായിരുന്നപ്പോള്‍ കോടതി വിധി നടപ്പാക്കാനാണ് തീരുമാനമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

''അത് അടഞ്ഞ അധ്യായമാണ്, വീണ്ടും തുറക്കേണ്ട കാര്യമില്ല. ജനവികാരം മാനിക്കുന്ന സര്‍ക്കാറാണിത്. സുപ്രീംകോടതി വിധി തെറ്റാണെന്ന് ജനകീയ അഭിപ്രായം വന്നു. അത് പിന്നീട് കോടതിക്കും ബോധ്യമായി. വിശാലബെഞ്ചിന് വിട്ട വിഷയം വര്‍ഷങ്ങളായി പരിഗണിച്ചിട്ടില്ല. അവരുടെ നിലപാട് തെറ്റാണെന്ന് ബോധ്യമായതിന്റെ പശ്ചാത്തലത്തിലായിരിക്കും അങ്ങനെ ചെയ്തത്. ഈ വിഷയം ഇനിയും ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് തോന്നുന്നത്. അയ്യപ്പ ഭക്തര്‍ യുവതീപ്രവേശനത്തിന് എതിരാണെന്ന് അവര്‍ക്ക് മനസ്സിലായി. അത് കണക്കിലെടുക്കാതെ വിധി പുറപ്പെടുവിച്ചത് തെറ്റായെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടാകും. സര്‍ക്കാര്‍ സുപ്രീംകോടതി വിധിയെ ഭരണഘടനാപരമായി മാനിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ'' -കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല യുവതീപ്രവേശനം കഴിഞ്ഞ അധ്യായമാണെന്നും സി.പി.എം വിശ്വാസികള്‍ക്കൊപ്പമാണെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ പ്രീണനമാണ് ലക്ഷ്യമിടുന്നതെന്ന പ്രചരണം വര്‍ഗീയവാദികളുടേതാണ്. ഒരു വിശ്വാസത്തിനും എതിരായ നിലപാട് സ്വീകരിക്കുന്ന സമീപനം പാര്‍ട്ടിക്കില്ല. അയ്യപ്പ സംഗമവുമായി മുന്നോട്ടു പോകുമെന്നും വര്‍ഗീയവാദികളാണ് ഇതിന് വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

''ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരുടെ താല്‍പര്യം പരിഗണിച്ച് ദേവസ്വം ബോര്‍ഡാണ് അയ്യപ്പ സംഗമം നടത്താന്‍ തീരുമാനിച്ചത്. അതിന് രാജ്യവ്യാപകമായി അംഗീകാരം ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മതത്തേയും വിശ്വാസത്തേയും കൈകാര്യം ചെയ്യുന്നവര്‍ വര്‍ഗീയവാദികളാണ്. ആ വര്‍ഗീയവാദികളാണ് അയ്യപ്പ സംഗമത്തിന് വ്യത്യസ്ത നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുന്നത്. അവര്‍ വിശ്വാസത്തെ ഒരു ഉപകരണമാക്കുന്നു. ആ പ്രചരണത്തിനൊപ്പം നില്‍ക്കാന്‍ സി.പി.എമ്മില്ല. വിശ്വാസികള്‍ക്കൊപ്പമാണ് ഞങ്ങള്‍.

ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദം കോടതി വിധിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നതാണ്. ഇപ്പോള്‍ അതിലേക്ക് കടന്നുപോകേണ്ടതില്ല. അതെല്ലാം കഴിഞ്ഞുപോയ അധ്യായമാണ്. അതിനേക്കുറിച്ച് ഒന്നും പറയാനുദ്ദേശിക്കുന്നില്ല. അടുത്ത തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ പ്രീണനമാണ് ലക്ഷ്യമിടുന്നതെന്ന പ്രചരണം വര്‍ഗീയവാദികളുടേതാണ്. ഒരു വിശ്വാസത്തിനും എതിരായ നിലപാട് ഇന്നലെയും ഇന്നും നാളെയും സ്വീകരിക്കുന്ന സമീപനം പാര്‍ട്ടിക്കില്ല. ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും വിശ്വാസികളാണ്'' -എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ഭക്തര്‍ക്ക് എന്ത് ഗുണമെന്ന് പന്തളം കൊട്ടാരം

അതേസമയം, സെപ്റ്റംബര്‍ 20ന് പമ്പയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്നു നടത്തുന്ന ആഗോള അയ്യപ്പ സംഗമം കൊണ്ട് അയ്യപ്പ ഭക്തര്‍ക്ക് എന്ത് ഗുണമുണ്ടെന്ന് വ്യക്തമാക്കണമെന്ന് പന്തളം കൊട്ടാരം ആവശ്യപ്പെട്ടു. 2018 ലെ നാമജപ ഘോഷയാത്രകളില്‍ പങ്കെടുത്ത ഭക്തജനങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികളും പൊലീസ് കേസുകളും എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നാണ് പന്തളം കൊട്ടാരം ആവശ്യപ്പെടുന്നത്. ഇനി ഒരിക്കലും ഭക്തജനങ്ങള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കും മേല്‍ 2018 ല്‍ സ്വീകരിച്ചതുപോലെ ഉള്ള നടപടികള്‍ ഉണ്ടാക്കില്ല എന്ന ഉറപ്പും ഭക്തജനങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തയ്യാറാകണമെന്ന് കൊട്ടാരം നിര്‍വാഹകസംഘം ജനറല്‍ സെക്രട്ടറി എം.ആര്‍. സുരേഷ് വര്‍മ ആവശ്യപ്പെട്ടു.