- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമാഅത്തെ ഇസ്ലാമിയുടേത് ശുദ്ധമായ മതതീവ്രവാദ നിലപാട്; ചര്‍ച്ച നടത്തി ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന് മുഖ്യമന്ത്രി; പതിറ്റാണ്ടുകളുടെ ബന്ധമെന്നും മുഖ്യമന്ത്രി കള്ളം പറയുന്നുവെന്നും സതീശന്‍; സിപിഎമ്മിനെ തിരിഞ്ഞു കൊത്തുന്നുവെന്ന് ചെന്നിത്തല, അടിസ്ഥാനമില്ലെന്ന് കുഞ്ഞാലിക്കുട്ടി; ഒന്നാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ യുഡിഎഫ് - എല്‍ഡിഎഫ് വാക്പോര്
കോഴിക്കോട്: തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് രണ്ട് നാള്‍ മാത്രം ശേഷിക്കെ ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തെ ചൊല്ലി വീണ്ടും എല്‍ഡിഎഫ് യുഡിഎഫ് വാക്ക് പോര്. സിപിഎമ്മും എല്‍ഡിഎഫും ഒരു ഘട്ടത്തിലും ജമാഅത്തെ ഇസ്ലാമിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും, അവര്‍ കറകളഞ്ഞ വര്‍ഗീയവാദികളാണ് എന്ന നിലപാടാണ് നേരത്തേയും ഇപ്പോഴും ഉള്ളതെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണമാണ് വാക്‌പോരിന് വഴിവച്ചത്. ജമാഅത്തെ നേതാക്കളുമായി താന്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പക്ഷേ ഒരു ഘട്ടത്തിലും ഇവരുമായി തെരഞ്ഞെടുപ്പ് കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രി കള്ളം പറയുകയാണെന്നും ജമാ അത്തെ ഇസ്ലാമിയും സിപിഎമ്മും തമ്മില്‍ പതിറ്റാണ്ടുകളായുള്ള ബന്ധമാണെന്നും വി ഡി സതീശന്‍ തിരിച്ചടിച്ചു.
ജമാഅത്തെ ഇസ്ലാമിയെ ആരും ശുദ്ധീകരിക്കാന്‍ നോക്കണ്ടെന്നും അവര്‍ അങ്ങനെ ശുദ്ധീകരിക്കപ്പെടുന്ന ഒന്നല്ലെന്നമാണ് കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. ജമാഅത്തെ ഇസ്ലാമി ഒരു സര്‍വ്വദേശീയ സംഘടനയാണെന്നും ഓരോ സ്ഥലത്തും ഓരോ നിലപാടാണ് സ്വീകരിക്കുന്നതെങ്കിലും അവര്‍ക്കുള്ളത് ശുദ്ധമായ മതതീവ്രവാദ നിലപാടാണ് എന്നും മുഖ്യമന്ത്രി ആരോപിച്ചു. എല്ലാ മതവിശ്വാസികളും അവരെ എതിര്‍ക്കാന്‍ തയ്യാറാകുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലീഗ് ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വം സ്വീകരിച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയാണെന്നും ലീഗ് അത് കാണാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു. ലീഗിന്റെ പരമോന്നത നേതാക്കള്‍ അടക്കം ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പോകുന്നത് യുഡിഎഫ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ യുഡിഎഫിനെ സംരക്ഷിച്ചു നിര്‍ത്തുന്നത് ലീഗാണെന്നും എങ്ങനെയെങ്കിലും കുറച്ച് വോട്ട് കിട്ടാന്‍ വേണ്ടിയുള്ള നടപടികളാണ് ഇതിലൂടെ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ കാര്യം അദ്ദേഹം സ്ഥിരീകരിച്ചു. അവര്‍ക്ക് സംസാരിക്കാന്‍ ഒരു അവസരം തരണമെന്ന് ഇങ്ങോട്ട് ആവശ്യപ്പെട്ടപ്പോള്‍ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ച് കണ്ടിട്ടുണ്ട്. എങ്കിലും, ആ കൂടിക്കാഴ്ചയില്‍ ഒരു തരത്തിലുള്ള ഗുഡ് സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ തയ്യാറായിട്ടില്ല. ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റിയുടെ നേതാക്കള്‍ കൂടെയുണ്ടായിരുന്നപ്പോള്‍, അവരല്ലേ ഏറ്റവും വലിയ സാമൂഹ്യവിരുദ്ധര്‍ എന്ന് താന്‍ മുഖത്തുനോക്കി ചോദിച്ചതായും മുഖ്യമന്ത്രി വെളിപ്പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി എറണാകുളത്തും തൃശ്ശൂരിലും നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജമാഅത്തെ ബന്ധം ആരോപിച്ച് യുഡിഎഫിനെതിരെ മുഖ്യമന്ത്രി കടുത്ത ആക്രമണം നടത്തിയതിനു പിന്നാലെയാണ് ജമാഅത്തെ നേതാക്കളുമായി പിണറായി നടത്തിയ ചര്‍ച്ചയുടെ ചിത്രങ്ങളും ദേശാഭിമാനി എഡിറ്റോറിയലും എടുത്തു കാട്ടിയാണ് പ്രതിപക്ഷത്തിന്റെ പ്രത്യാക്രമണം. ഇതോടെയാണ്, ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി താന്‍ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് മുഖ്യമന്ത്രി തുറന്ന് പറഞ്ഞത്. എകെജി സെന്ററില്‍ വച്ച് ജമാഅത്തെ നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച മുഖ്യമന്ത്രി വര്‍ഗീയവാദികള്‍ എന്ന് അറിഞ്ഞു തന്നെയായിരുന്നു ചര്‍ച്ച എന്നും ജമാഅത്തെ നേതാക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്നും വെളിപ്പെടുത്തി.
1992 ല്‍ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ 2014 ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയും ആയിരിക്കെ ജമാഅത്തെ ഇസ്ലാമിയെ വര്‍ഗീയ സംഘടനയെന്ന് വ്യക്തമാക്കി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച കാര്യവും പിണറായി ചൂണ്ടിക്കാട്ടി. അങ്ങനെയൊരു സംഘടനയ്ക്ക് എങ്ങനെയാണ് യുഡിഎഫ് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത് എന്നും പിണറായി ചോദിച്ചു: എന്നാല്‍, വെല്‍ഫെയര്‍ പാര്‍ട്ടിയാണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് സിപിഎം ജമാഅത്ത് ഇസ്ലാമിയുമായി നേരിട്ടാണ് ചര്‍ച്ചകള്‍ നടത്തിയത് എന്നും വിഡി സതീശന്‍ തിരിച്ചടിച്ചു. സിപിഎമ്മിന്റെ ചെയ്തികള്‍ സിപിഎമ്മിനെ തന്നെ തിരിഞ്ഞു കൊത്തുകയാണ് എന്നും ചെന്നിത്തല വയനാട്ടില്‍ പറഞ്ഞു.
ഒന്നാം ഘട്ടത്തിലെ പ്രതീക്ഷ ജമാഅത്തെ ഇസ്ലാമിയെ കൊണ്ടുനടന്നത് സിപിഎം ആണെന്നും യുഡിഎഫിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. 2008ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിലും 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും പിണറായി വിജയനുമായി ചര്‍ച്ച നടത്തി എന്നായിരുന്നു ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ നേരത്തെ വെളിപ്പെടുത്തിയത്.




