- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നു; ലോക്സഭയില്‍ ബില്‍ പാസാക്കിയത് കര്‍ഷക-കര്‍ഷകത്തൊഴിലാളി സമൂഹത്തോടുള്ള വെല്ലുവിളി; കേന്ദ്ര നീക്കം ജനവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGS) ഘടനയിലും പേര് മാറ്റത്തിലും വരുത്തിയ പുതിയ ഭേദഗതി ബില്ലിനെതിരെ കടുത്ത വിമര്‍ശനവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ലോകസഭയില്‍ ബില്‍ പാസാക്കിയത് കര്‍ഷക-കര്‍ഷകത്തൊഴിലാളി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
പദ്ധതിയുടെ പേരും ഘടനയും മാറ്റുന്നത് മഹാത്മാഗാന്ധിയുടെ ഓര്‍മ്മകളെപ്പോലും ഭയപ്പെടുന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി ആരോപിക്കുന്നു. സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്ന് യൂണിയന്‍ ഗവണ്‍മെന്റ് ഒളിച്ചോടുകയും സംസ്ഥാനങ്ങള്‍ക്കുമേല്‍ വലിയ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നതാണ് പുതിയ ബില്‍.
തിരക്കേറിയ കാര്‍ഷിക സീസണില്‍ 60 ദിവസം വരെ പദ്ധതി മരവിപ്പിക്കാന്‍ പുതിയ ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇത് തൊഴിലാളികളുടെ വരുമാനത്തെ സാരമായി ബാധിക്കും. എന്‍ഡിഎ ഘടകകക്ഷികള്‍ തന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടും ബില്‍ ജെപിസിക്കോ (JPC) സെലക്ട് കമ്മിറ്റിക്കോ വിടാന്‍ സര്‍ക്കാര്‍ തയ്യാറായില്ല എന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അധികാരത്തിലെത്തിയ കാലം മുതല്‍ തൊഴിലുറപ്പ് പദ്ധതിക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ച് പദ്ധതിയെ നിര്‍വീര്യമാക്കാനാണ് കേന്ദ്രം ശ്രമിച്ചിട്ടുള്ളത്. തൊഴില്‍ നല്‍കുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്രം പിന്മാറുകയാണ്.
ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദം മൂലമാണ് ഈ പദ്ധതി നടപ്പിലായതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അന്ന് കോണ്‍ഗ്രസ് പദ്ധതി കൊണ്ടുവരുന്നതില്‍ കാണിച്ച 'മനസ്സില്ലാമനസ്സ്' ഇപ്പോള്‍ വെടിയണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നീക്കത്തിനെതിരെ ശക്തമായ ജനാഭിപ്രായം ഉയരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.




