- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി; പുറത്തായത് നിയമസഭ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തിറക്കിയതോടെ; അയോഗ്യതയ്ക്ക് പിന്നാലെ വക്കീല്‍ കുപ്പായവും തെറിക്കുമോ?ബാര്‍ കൗണ്‍സിലില്‍ പരാതി
ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി
തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അഡ്വ. ആന്റണി രാജുവിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി. മൂന്ന് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചുകൊണ്ടുള്ള നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഇതുസംബന്ധിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ തടവ് ശിക്ഷ ലഭിക്കുന്ന ഒരു ജനപ്രതിനിധിയെ അയോഗ്യനാക്കണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമായത്. തടവ് ശിക്ഷയ്ക്ക് പുറമെ, ഇനി വരുന്ന ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ വിലക്കിയിട്ടുണ്ട്. വിധി വന്ന് ഒമ്പത് വര്‍ഷത്തേക്ക് മൊത്തത്തില്‍ തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് വിട്ടുനില്‍ക്കേണ്ടി വരും.
1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ 60 ഗ്രാം ഹാഷിഷുമായി പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്തുന്നതിനായി തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നതാണ് കേസ്. അന്ന് വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്.
കേസില്‍ ഐപിസി 409, 120 ബി, 420, 201, 193, 34, 217, 465 എന്നീ വകുപ്പുകളാണ് ആന്റണി രാജുവിനെതിരെ തെളിഞ്ഞത്. 34 വര്‍ഷം പഴക്കമുള്ള ഈ കേസില്‍ 13 വര്‍ഷം വൈകിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നതിനെ തുടര്‍ന്നാണ് നെടുമങ്ങാട് കോടതിയിലെ അന്തിമവാദം വേഗത്തില്‍ പൂര്‍ത്തിയായത്. കേസില്‍ ആകെ 29 സാക്ഷികളുണ്ടായിരുന്നെങ്കിലും 19 പേരെ മാത്രമാണ് വിസ്തരിച്ചത്.
ഏഴ് വര്‍ഷത്തില്‍ താഴെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത് എന്നതിനാല്‍ ആന്റണി രാജുവിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. അപ്പീല്‍ നല്‍കി വിധിയില്‍ സ്റ്റേ വാങ്ങുന്നതുവരെ ജാമ്യം തുടരും. സ്റ്റേ ലഭിക്കാത്ത പക്ഷം അദ്ദേഹത്തിന് ജയിലിലേക്ക് പോകേണ്ടി വരും.
അഭിഭാഷക അംഗത്വം റദ്ദാക്കണമെന്ന് പരാതി
തൊണ്ടിമുതല്‍ തിരിമറി കേസില്‍ ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ അഭിഭാഷക അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന് പരാതി. അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ അഡ്വ. കുളത്തൂര്‍ ജയ്‌സിംഗാണ് ഈ ആവശ്യം ഉന്നയിച്ച് പരാതി നല്‍കിയത്. ബാര്‍ കൗണ്‍സില്‍ സെക്രട്ടറിക്കും പരാതിയുടെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്.
നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടെ വിധിയിലൂടെ ആന്റണി രാജുവിന്റെ ഭാഗത്ത് നിന്നുണ്ടായത് അഭിഭാഷക വൃത്തിക്ക് യോജിക്കാത്ത പ്രവര്‍ത്തിയാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ അദ്ദേഹത്തെ അഭിഭാഷക അംഗത്വത്തില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് ജയ്‌സിംഗിന്റെ പരാതിയിലെ പ്രധാന ആവശ്യം.




