കോഴിക്കോട്: കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫിലേക്ക് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം അറിയിച്ചു. മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് മുസ്ലിം ലീഗ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. യോജിക്കാന്‍ കഴിയുന്ന എല്ലാവരുമായും സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫിലേക്ക് ആര് വന്നാലും അത് മുന്നണിക്ക് ഗുണകരമാണെന്നും യു.ഡി.എഫിന്റെ അടിത്തറ വിപുലീകരിക്കപ്പെടുമെന്നും പി.എം.എ. സലാം പറഞ്ഞു. യു.ഡി.എഫിന്റെ ആശയങ്ങളുമായി യോജിക്കുന്ന ജനാധിപത്യ, മതേതര വിശ്വാസികളായ എല്ലാ വിഭാഗങ്ങളെയും മുന്നണി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയും മുന്നണിയും സജ്ജമാണെന്നും മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളെ ഫെബ്രുവരിയില്‍ പ്രഖ്യാപിക്കുമെന്നും സലാം അറിയിച്ചു. ജനുവരിയില്‍ യു.ഡി.എഫിന്റെ സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഒരു സെമി ഫൈനലായിരുന്നുവെന്നും അതില്‍ അഭൂതപൂര്‍വമായ വിജയമാണ് ലഭിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുസ്ലിം ലീഗിന് കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് യു.ഡി.എഫില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ നടക്കും. വിജയസാധ്യത മാത്രം പരിഗണിച്ച് സീറ്റുകള്‍ വെച്ചുമാറാന്‍ സാധ്യതയുണ്ടെന്നും ലീഗിന് കൂടുതല്‍ സീറ്റിന് അര്‍ഹതയുണ്ടെങ്കിലും മുന്നണിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ തയാറല്ലെന്നും പി.എം.എ. സലാം വ്യക്തമാക്കി. മൂന്ന് ടേമില്‍ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന നിബന്ധന ഇതുവരെ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബാധകമാക്കിയിട്ടില്ല. കൂടാതെ, തിരഞ്ഞെടുപ്പുകളില്‍ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മുന്നണിയിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ നിര്‍ണായകമാകുമെന്ന സൂചനയാണ് ലീഗ് നേതൃത്വത്തിന്റെ ഈ പ്രസ്താവന നല്‍കുന്നത്.