- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദുരന്തമുണ്ടായില്ലേ? രാജ്യമൊന്നാകെയും മറ്റ് രാജ്യങ്ങളും സഹായം നല്‍കിയതും അദ്ദേഹം അത് ഇരുകൈയും നീട്ടി സ്വീകരിച്ചതും ഓര്‍മ്മയില്ലേ? കേരളത്തോട് വല്ലാത്തൊരു പകയെന്ന് മുഖ്യമന്ത്രി
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദുരന്തമുണ്ടായില്ലേ?

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളില്‍ കേരളത്തിന് അര്‍ഹമായ കേന്ദ്ര സഹായം നിഷേധിക്കുന്നതിലും സംസ്ഥാനത്തോട് 'വല്ലാത്തൊരു പക'യോടെ പെരുമാറുന്നതിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നെടുമങ്ങാട് നടന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ 10 വര്‍ഷത്തെ ഭരണ നേട്ടങ്ങളും വെല്ലുവിളികളും ചൂണ്ടിക്കാട്ടിയുള്ള പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു പിണറായിയുടെ വിമര്‍ശനം. കേരളം നേരിട്ട മഹാപ്രളയ സമയത്ത് പല രാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടും കേന്ദ്ര സര്‍ക്കാര്‍ അത് സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അന്ന് രാജ്യം ഒറ്റക്കെട്ടായി സഹായിച്ചില്ലേ എന്നും അദ്ദേഹം ചോദിച്ചു.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദുരന്തമുണ്ടായപ്പോള്‍ രാജ്യമൊന്നാകെയും മറ്റ് രാജ്യങ്ങളും സഹായം നല്‍കിയതും അദ്ദേഹം അത് ഇരുകൈയും നീട്ടി സ്വീകരിച്ചതും പിണറായി ഓര്‍മ്മിപ്പിച്ചു. എന്നാല്‍, കേരളം ദുരന്തത്തിലകപ്പെട്ടപ്പോള്‍ സഹായങ്ങള്‍ തടഞ്ഞ മോദിയുടെ നിലപാട് ചോദ്യം ചെയ്ത മുഖ്യമന്ത്രി, കേരളം തകരട്ടെ എന്ന ചിന്തയാണ് കേന്ദ്ര സര്‍ക്കാരിനെന്നും കേരളത്തോട് 'വല്ലാത്തൊരു പക'യാണ് അവര്‍ക്കുള്ളതെന്നും ആരോപിച്ചു.
കേരളം ബിജെപിയെയും ആര്‍എസ്എസിനെയും സ്വീകരിക്കാത്തതാണ് കേന്ദ്രത്തിന്റെ അവഗണനയ്ക്കും സാമ്പത്തിക ഞെരുക്കങ്ങള്‍ക്കും കാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഉരുള്‍പൊട്ടല്‍ മേഖല സന്ദര്‍ശിച്ചിട്ടും കേരളത്തിന് പ്രതീക്ഷിച്ച സഹായം ലഭിച്ചില്ല. മറ്റ് പല സംസ്ഥാനങ്ങള്‍ക്കും സഹായം നല്‍കിയപ്പോള്‍ കേരളത്തെ അവഗണിച്ചു. അര്‍ഹമായ പങ്ക് നിഷേധിച്ചുകൊണ്ട് കേരളത്തെ ശ്വാസംമുട്ടിക്കാന്‍ സാമ്പത്തിക ഞെരുക്കങ്ങള്‍ ഉണ്ടാക്കുന്നതായും, സംസ്ഥാനത്തോട് 'ചിറ്റമ്മ നയം' ആണ് കേന്ദ്രം പുലര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രത്തിന്റെ ഈ നിലപാട് സംസ്ഥാന-കേന്ദ്ര ബന്ധങ്ങളില്‍ കൂടുതല്‍ വിള്ളല്‍ വീഴ്ത്തുന്നതായാണ് വിലയിരുത്തപ്പെടുന്നത്.


