തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിക്കാനിരിക്കെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി യുഡിഎഫ് നേതാക്കള്‍ രംഗത്ത്. സ്ഥാനാര്‍ഥി പട്ടിക അന്തിമ ഘട്ടത്തിലാണ്. അമ്പലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉണ്ടാകും. ഉണ്ടാവുമോ എന്ന ചോദ്യത്തിന് എന്ത് പ്രസക്തിയാണുള്ളത്. ഇപ്പോള്‍ അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥി ഉണ്ട്. അത് ജി സുധാകരന്‍ ആണോ എന്ന് പറയാന്‍ ഞാന്‍ ജ്യോത്സ്യന്‍ അല്ല. തെരഞ്ഞെടുപ്പ് കാലത്തെ എല്ലാ കാര്യങ്ങളും നിങ്ങളോട് പറയാന്‍ ആവില്ല. ജി സുധാകരന്റെ അഭിപ്രായം അദ്ദേഹത്തോട് ചോദിക്കണം. ജി സുധാകരന്റെ ആഗ്രഹം യുഡിഎഫിന്റേതല്ല. പിണറായി വീണ്ടും വരണമെന്ന് കേരളം ആഗ്രഹിക്കുന്നില്ല. മൂന്നാമത് പിണറായി എന്നത് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് പോലും ചിന്തിക്കാന്‍ പറ്റുന്നില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

എംപിമാര്‍ മത്സരിക്കണമോ വേണ്ടയോ എന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. കെ സുധാകരന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിനോട് സതീശന്‍ പ്രതികരിച്ചില്ല. കെ സുധാകരന്റെ കാര്യത്തില്‍ പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞതാണെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനങ്ങളിലേക്ക് കടക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു. ലീഗുമായി പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും തെരഞ്ഞെടുപ്പിന് യുഡിഎഫ് സെറ്റാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ കാണേണ്ടി വരില്ലല്ലോ. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണെങ്കില്‍ നല്ല കാര്യമാണ്. സര്‍ക്കാരിന്റെ വെള്ളപൂശല്‍ ഇനി കാണേണ്ടി വരില്ലല്ലോ. കെ സുധാകരനുമായുള്ള പ്രശ്‌നങ്ങള്‍ നാളെ സംസാരിച്ചു പരിഹരിക്കും. ലീഗുമായുള്ള പ്രശ്‌നങ്ങളും ഉടനെ പരിഹരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തിന്റെയോ അമിത ആത്മവിശ്വാസത്തിന്റെയോ പ്രശ്നമില്ല. പിണറായി സര്‍ക്കാരിന്റെ അവസാനത്തെ കാബിനറ്റില്‍ എടുത്ത തിരുമാനങ്ങള്‍ നോക്കൂ. ഒന്നും നടപ്പാക്കാനല്ല. ആളുകളെ കബളിപ്പിക്കാനാണ്. കഴിഞ്ഞ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് എടുക്കാത്ത തിരുമാനങ്ങള്‍ അവസാനത്തെ രണ്ടു കാബിനറ്റില്‍ എടുത്തു. രണ്ട് ഇതൊന്നും നടപ്പാക്കാനല്ല. ഭരണം മാറാന്‍ പോവുകയാണ് ഇതൊന്നും നടപ്പാക്കേണ്ടി വരില്ല എന്ന് അവര്‍ക്ക് തന്നെ അറിയാം. തിരഞ്ഞെടുപ്പിനെ കണ്ടുകൊണ്ട് ആളുകളെ കബളിപ്പിക്കാന്‍ വേണ്ടി ഇഷ്ടംപോലെ തീരുമാനങ്ങള്‍ എടുക്കുകയാണ്. ആളുകള്‍ക്കൊക്കെ വെറുതെ ഭൂമി പതിച്ചു കൊടുക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പത്രങ്ങളിലൊക്കെ രണ്ടും മൂന്നും പേജ് പരസ്യമാണ്. ഇതിലൊന്നും ജനങ്ങള്‍ വീഴില്ല. ഭരണം മാറാന്‍ പോവുകയാണ്. ഭരണം മാറണം എന്ന് തന്നെയാണ് ജനങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമ്പോള്‍ നമുക്ക് എല്ലാ സാഹചര്യങ്ങളും കണക്കിലെടുക്കാന്‍ കഴിയും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത്. ആര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാനും ഉള്ള സ്വാതന്ത്ര്യം കോണ്‍ഗ്രസിനുണ്ട്. സ്ഥാനാര്‍ത്ഥികള്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ ധാരാളം ആളുകള്‍ കോണ്‍ഗ്രസില്‍ ഉണ്ടാകും, യുഡിഎഫില്‍ ഉണ്ടാകും. കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തിലെ ഏറ്റവും ശക്തമായ പാര്‍ട്ടിയാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ എല്ലാവരും ഒരു മനസോടെ ആ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വേണ്ടി ആത്മാര്‍ത്ഥമായി രംഗത്തിറങ്ങി പ്രവര്‍ത്തിക്കും.

ഏറ്റവും കൂടുതല്‍ പ്രതിസന്ധിയുണ്ടായിരിക്കുന്നത് ഇപ്പോള്‍ സിപിഎമ്മിലാണ്. ഒരുകാലത്തും ഉണ്ടാകാത്ത നിലയില്‍ . കേരളത്തിലെ സിപിഎം ഒരു വന്‍ തകര്‍ച്ചയെ നേരിടുകയാണ്. ഓരോ നേതാക്കന്മാര്‍ പാര്‍ട്ടി വിടുകയാണ്. പ്രധാനപ്പെട്ട ആളുകള്‍ പാര്‍ട്ടി വിടുകയും പാര്‍ട്ടിക്ക് എതിരായി നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണ്. കേരളത്തില്‍ ക്രമസമാധാന നില പൂര്‍ണ്ണമായും തകര്‍ന്നിരിക്കുകയാണ്. ചോദിക്കാനും പറയാനും ഇവിടെ ആരും ഇല്ലാത്ത അവസ്ഥയാണ്. ഗുണ്ടകള്‍ നാട് മുഴുവന്‍ വിലസുകയാണ്. പോലീസ് ഭരണത്തിന്റെ നിര്‍വീര്യതയാണ് ഇതെല്ലാം. കേരളത്തില്‍ ഒട്ടാകെ ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ ഭരണത്തിന്റെ കീഴില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ ദ്രോഹിക്കുന്നത് ഗുണ്ടകളും സാമൂഹ്യവിരുദ്ധന്മാരുമാണ്. ഇവരെ നിയന്ത്രിക്കാനോ അറസ്റ്റ് ചെയ്യാനോ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാനോ പോലീസില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.