- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം.വി. ഗോവിന്ദന് പത്രസമ്മേളന വിലക്ക്? മാധ്യമങ്ങളെ നേരിടാന്‍ സ്വരാജ്; പിണറായിയുടെ നിര്‍ദ്ദേശപ്രകാരം സെക്രട്ടറിക്ക് അപ്രഖ്യാപിത 'മൗനം'; ചരിത്രത്തില്‍ ആദ്യം; തളിപ്പറമ്പില്‍ പത്നിയുടെ വിജയം ഉറപ്പിക്കാന്‍ ഗോവിന്ദന് കൂടുതല്‍ സമയം; ഗോവിന്ദന് പിന്‍ഗാമിയായി സിപിഎം സെക്രട്ടറിയാകുമോ സ്വരാജ്?

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പാര്‍ട്ടിയുടെ അപ്രഖ്യാപിത പത്രസമ്മേളന വിലക്ക്. തിരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി സെക്രട്ടറി മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കുന്നത് പാര്‍ട്ടി ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള നിര്‍ദ്ദേശപ്രകാരമാണ് ഈ തന്ത്രപരമായ മാറ്റമെന്നാണ് സൂചന. കണ്ണൂരിലെ പാര്‍ട്ടിയില്‍ പുകയുന്ന എതിര്‍സ്വരങ്ങളെ തണുപ്പിക്കാനും, ഭാര്യ പി.കെ. ശ്യാമള മത്സരിക്കുന്ന തളിപ്പറമ്പില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വിജയം ഉറപ്പാക്കാനും വേണ്ടിയാണ് സെക്രട്ടറിയെ പത്രസമ്മേളനങ്ങളില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.
ഗോവിന്ദന്റെ പതറുന്ന വാക്കുകള്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്ന് കണ്ടതോടെയാണ്, കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ മിടുക്കനായ എം. സ്വരാജിനെ മാധ്യമങ്ങളെ നേരിടാന്‍ പാര്‍ട്ടി ഔദ്യോഗികമായി ചുമതലപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് തിരക്കുകള്‍ കാരണമാണ് സെക്രട്ടറി മാധ്യമങ്ങളെ കാണാത്തതെന്ന സി.പി.എം. വിശദീകരണം രാഷ്ട്രീയ കേന്ദ്രങ്ങള്‍ തള്ളിക്കളയുകയാണ്. തളിപ്പറമ്പില്‍ പി.കെ. ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ടി.കെ. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി രംഗത്തുവന്നത് പാര്‍ട്ടിക്കോട്ടകളില്‍ 'രാഷ്ട്രീയ ഭൂകമ്പം' സൃഷ്ടിച്ചിട്ടുണ്ട്. കുടുംബവാഴ്ചാ ആരോപണങ്ങള്‍ക്കും ആന്തൂര്‍ വിവാദങ്ങള്‍ക്കും മറുപടി നല്‍കാന്‍ ഗോവിന്ദന്‍ പ്രയാസപ്പെടുമെന്ന് കണ്ടാണ് സംസ്ഥാന നേതൃത്വം ഈ മുന്‍കരുതല്‍ എടുത്തത്.
വാര്‍ത്താസമ്മേളനങ്ങളില്‍ എം.വി. ഗോവിന്ദന്‍ നടത്തുന്ന വിവാദ പ്രയോഗങ്ങള്‍ പലപ്പോഴും പാര്‍ട്ടിയെ തിരുത്തിക്കാനാണ് സഹായിച്ചിട്ടുള്ളത്. ഇത്തരം അബദ്ധങ്ങള്‍ തിരഞ്ഞെടുപ്പ് വേളയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എം. സ്വരാജിനെ മുന്നില്‍ നിര്‍ത്താനാണ് പാര്‍ട്ടി തീരുമാനം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സ്വരാജ് നടത്തിയ വാര്‍ത്താസമ്മേളനം ഇതിന്റെ തുടക്കമായിരുന്നു. 'നമുക്ക് ഇടയ്ക്കിടെ കാണാം' എന്ന സ്വരാജിന്റെ വാക്കുകള്‍ ഗോവിന്ദന്റെ മൗനം നീളുമെന്നതിന്റെ സൂചനയാണ്. പാര്‍ട്ടി സെക്രട്ടറിയ്ക്ക് വാര്‍ത്താ സമ്മേളനത്തിന് വിലക്ക് വരുന്നത് അസാധാരണമാണ്.
കണ്ണൂരില്‍ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തി പുകയുകയാണ്. ഒരു വശത്ത് പി.ജെ. ജയരാജന്‍ പക്ഷത്തിന്റെ നിശബ്ദതയും മറുവശത്ത് ഔദ്യോഗിക പക്ഷത്തെ ഭിന്നതയും തളിപ്പറമ്പില്‍ സി.പി.എമ്മിനെ വലയ്ക്കുന്നുണ്ട്. ഈ പ്രതിസന്ധികള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണുന്നത് ആത്മഹത്യാപരമാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. മുഖ്യമന്ത്രി എല്ലാ ദിവസവും മാധ്യമങ്ങളെ കാണുന്ന സാഹചര്യത്തില്‍ സെക്രട്ടറിയുടെ ആവശ്യമില്ലെന്ന വാദം വെറും പുകമറ മാത്രമാണെന്ന് രാഷ്ട്രീയ എതിരാളികള്‍ ആരോപിക്കുന്നു. കോടിയേരിയും പിണറായിയും എല്ലാം ഒരേ ദിവസം തന്നെ മാധ്യമങ്ങളെ കാണാറുണ്ടായിരുന്നു.
ഭരണതുടര്‍ച്ചയുടെ പത്താം വര്‍ഷത്തില്‍ കണ്ണൂരിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകാതെ വിയര്‍ക്കുകയാണ് സി.പി.എം. നയപരമായ കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ട സെക്രട്ടറി മൈക്കിന് മുന്നില്‍ രണ്ടോ മൂന്നോ വാചകങ്ങളില്‍ പ്രതികരണം ഒതുക്കുന്നത് കേഡര്‍മാര്‍ക്കിടയിലും ചര്‍ച്ചയായിട്ടുണ്ട്. വിവാദങ്ങളില്‍ നിന്ന് ഊരിപ്പോകാന്‍ സ്വരാജിനെപ്പോലെയുള്ളവരെ ഇറക്കുന്നത് പാര്‍ട്ടിയുടെ ആത്മവിശ്വാസക്കുറവായാണ് വിലയിരുത്തപ്പെടുന്നത്.
ഏതായാലും പരസ്യമായി ഗോവിന്ദന്റെ വിലക്ക് സി.പി.എം. സമ്മതിക്കില്ല. ഇത്തരം വാര്‍ത്തകളെ മറികടക്കാന്‍ ഗോവിന്ദന്‍ ഏത് സമയവും പത്രസമ്മേളനം നടത്താനും സാധ്യതയുണ്ട്. അടുത്ത സിപിഎം സെക്രട്ടറി സ്വരാജ് ആയിരിക്കുമെന്ന വിലയിരുത്തലുമുണ്ട്. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വരാജ് മത്സരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ സംഘടനയില്‍ സ്വരാജ് കൂടുതല്‍ ശ്രദ്ധ നല്‍കും. തളിപ്പറമ്പില്‍ തിരിച്ചടിയുണ്ടായാല്‍ സിപിഎം സെക്രട്ടറി സ്ഥാനം ഗോവിന്ദന് രാജിവയ്‌ക്കേണ്ടി വരുമെന്നും വിലയിരുത്തലുണ്ട്.


