പാലാ: ഇക്കുറി കേരളത്തില്‍ ഏറ്റവും സജീവമായി ചര്‍ച്ച ചെയ്യുന്ന മണ്ഡലം പാല നിയോജക മണ്ഡലമാണ്. കെ എം മാണി എന്ന അതികായന്‍ കൈവശം വെച്ച പാല ഇന്ന് അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നും അന്യം നില്‍ക്കുന്ന അവസ്ഥയിലാണ്. ജോസ് കെ മാണിയിലൂടെ ഇക്കുറി പാല തിരിച്ചു പിടിക്കാന്‍ കേരളാ കോണ്‍ഗ്രസ് ശ്രമം നടത്തുമോ എന്നതിനും വ്യക്തത വന്നിട്ടില്ല. ആര് സ്ഥാനാര്‍ഥിയായാലും തന്‍ തന്നെ വിജയിക്കുമെന്ന വാദത്തിലാണ് മാണി സി കാപ്പന്‍.

ജോസ് കെ മാണി മത്സരിക്കുമോ എന്നകാര്യത്തില്‍ അനിശ്ചിതത്വം ഉയരുമ്പോള്‍ തന്നയാണ് ജോസിന്റെ ഭാര്യ നിഷയുടെ പേരും പാല മണ്ഡലത്തെ ചുറ്റിപ്പറ്റി ഉയരുന്നത്. മുമ്പ് പലതവണ നിഷയുടെ രാഷ്ട്രീയ പ്രവേശനവാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും അവര്‍ അത് നിഷേധിച്ചിരുന്നുന്നു. ഇതിനിടെയാണ് ജോസ് കെ മാണി കൃ്ത്യമായ നിലപാട് എടുക്കാതിരിക്കുമ്പോള്‍ നിഷയുടെ പേരും മാധ്യമങ്ങള്‍ ഉയര്‍ത്തുന്നത്.

അടുത്തിടെയായി പാലാ മണ്ഡലത്തിലെ മത-സാമുദായിക പരിപാടികളിലും പൊതുചടങ്ങുകളിലും നിഷയുടെ സജീവ സാന്നിധ്യമുണ്ട്. ഇതോടെയാണ് നിഷ സ്ഥാനാര്‍ഥിയാകുമോ എന്ന ആകാംക്ഷ പലരും പങ്കുവെക്കുന്നത്. ജോസ് ആകട്ടെ ഇതുവരെയും പാലായില്‍ മത്സരിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചിട്ടുമില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മാതൃഭൂമിയില്‍ നിഷയുടെ സ്ഥാനാര്‍ഥിത്വം സംഭന്ധിച്ചവാര്‍ത്ത എത്തിയതും.

നിഷ സ്ഥാനാര്‍ഥിയായി വരാനുള്ള സാധ്യത തിരിച്ചറിഞ്ഞാണ് റോഷി അഗസ്റ്റിന്‍ പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ തന്നെ മത്സരിക്കുമെന്ന് ഏകപക്ഷീയമായി പ്രഖ്യാപിച്ചതെന്ന അടക്കംപറച്ചിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജോസ് കെ. മാണി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് മൈക്ക് പിടിച്ചുവാങ്ങി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പാലായില്‍ ജോസ് കെ. മാണി തന്നെ മത്സരിക്കുമെന്ന് റോഷി പറഞ്ഞത്. തൊട്ടടുത്ത ദിവസവും റോഷി ഇതാവര്‍ത്തിച്ചു. എന്നാല്‍, ആര് മത്സരിക്കുമെന്ന് ഇതുവരെയും തീരുമാനിച്ചിട്ടില്ലെന്ന് ജോസ് ആവര്‍ത്തിച്ചതോടെ പാര്‍ട്ടിയില്‍ ജോസും റോഷിയും രണ്ട് വഴിക്കാണോ എന്ന സംശയവും ഉടലെടുത്തു.

രാജ്യസഭയില്‍ ജോസിന് അടുത്ത വര്‍ഷം ഡിസംബര്‍ വരെ കാലാവധി ബാക്കിയുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ തോല്‍വി നേരിട്ടത് ഇത്തവണയും ആവര്‍ത്തിച്ചാല്‍ രാജ്യസഭാ സ്ഥാനം കൂടി ചോദ്യം ചെയ്യപ്പെട്ടേക്കാവുന്ന സാഹചര്യത്തിലാണ് ജോസ് കെ. മാണി ഭാര്യ നിഷയെ പാലായില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ഒരുങ്ങുന്നതെന്നാണ് റോഷിയുടെ അനുയായികള്‍ കുറ്റപ്പെടുത്തുന്നത്. പാലായില്‍ നിഷ സ്ഥാനാര്‍ഥിയാവുന്നതിനെ റോഷി അനുകൂലിക്കുന്നില്ലെന്നുമാണ് വാര്‍ത്ത.

അതേസമയം, നിഷ പാലാ മണ്ഡലത്തിലെ പൊതുപരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നത് തുടരുന്നുണ്ട്. പുലിയന്നൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തില്‍ നിഷ പങ്കെടുത്തതും ഗാനമേളയില്‍ പെണ്‍കുട്ടികളോടൊപ്പം നൃത്തം ചെയ്തതിന്റെ വീഡിയോ വൈറലായിരുന്നു. തുടര്‍ന്ന് മണ്ഡലത്തിലെ ചെറുതും വലുതുമായ എല്ലാ പരിപാടികളിലും നിഷ പങ്കെടുക്കുന്നതും ഇതിന്റെയെല്ലാം വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതും പതിവായിട്ടുണ്ട്. ഇതെല്ലാം നിയമസഭയിലേക്കു മത്സരിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമാണെന്നാണ് എതിര്‍വിഭാഗം വിലയിരുത്തുന്നത്.

നിഷ വിജയിക്കുകയും ഇടതുമുന്നണി ഭരണത്തില്‍ എത്തുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ ഇടുക്കിയില്‍ വിജയിച്ചാല്‍പോലും റോഷിക്ക് മന്ത്രിസ്ഥാനം കിട്ടണമെന്നില്ല. അതേസമയം, നിലവില്‍ പാലാ മുനിസിപ്പാലിറ്റിയിലെ ചെയര്‍പേഴ്സണും വൈസ് ചെയര്‍പേഴ്സണും വനിതകള്‍ ആയതിനാല്‍ നിയമസഭാ മണ്ഡലത്തിലും വനിതാ സ്ഥാനാര്‍ത്ഥി വേണമെന്ന് വാദവും ഉയരുന്നുണ്ട്. സിറ്റിങ് എംഎല്‍എ മാണി സി. കാപ്പന് പുറമെ ഷോണ്‍ ജോര്‍ജ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി വരുന്നതോടെ നിഷ മത്സരിക്കുകയാണെങ്കില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നും റോഷി വിഭാഗം ചൂണ്ടിക്കാട്ടുന്നു. നിഷ വരുന്നതിനോട് സിപിഎമ്മിന്റെ നിലപാട് എന്തായിരിക്കുമെന്ന് ഇനിയും വ്യക്തമല്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

കെ.എം. മാണിയുടെ കാലത്ത് പാര്‍ട്ടി ചെയര്‍മാന്‍ പറയുന്നതായിരുന്നു അവസാന വാക്ക്. എന്നാല്‍ ഇന്ന് റോഷി അഗസ്റ്റിന്‍ സിപിഎം നേതൃത്വത്തോടും മുഖ്യമന്ത്രി പിണറായി വിജയനോടും പുലര്‍ത്തുന്ന അടുത്ത ബന്ധം അദ്ദേഹത്തിന് പാര്‍ട്ടിയില്‍ രണ്ടാമത്തെ അധികാര കേന്ദ്രം എന്ന പരിവേഷം നല്‍കിയിട്ടുണ്ട്. ഇടതുമുന്നണിയില്‍ തുടരണമെന്ന റോഷിയുടെ കര്‍ക്കശ നിലപാടാണ് ഇന്ന് പാര്‍ട്ടിയെ മുന്നണിയില്‍ സുരക്ഷിതമാക്കിയത്. ഇത് ജോസ് കെ. മാണിയുടെ ആധിപത്യത്തിന് മേല്‍ റോഷിയുടെ സ്വാധീനം വര്‍ദ്ധിപ്പിച്ചു.

മാണി സി. കാപ്പന്‍ എന്ന കരുത്തനായ എതിരാളിയെ നേരിടാന്‍ പാലാക്കാരന്‍ എന്ന വികാരത്തിനൊപ്പം മാണി സാറിന്റെ മരുമകള്‍ എന്ന പ്രതിച്ഛായ കൂടി നിഷയ്ക്ക് ഗുണകരമാകുമെന്ന് ഒരു വിഭാഗം കരുതുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ഈ കല്ലുകടി വോട്ടര്‍മാര്‍ക്കിടയില്‍ എന്ത് ചലനമുണ്ടാക്കും എന്നത് നിര്‍ണ്ണായകമാണ്. റോഷിയുടെ ഇടപെടലിനെ 'സ്‌നേഹക്കൂടുതല്‍' എന്ന് പറഞ്ഞ് ജോസ് ലഘൂകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, പാലാ സീറ്റിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കേരള കോണ്‍ഗ്രസിന്റെ ഭാവിയെ സംബന്ധിച്ച് നിര്‍ണായക തീരുമാനം ആയിരിക്കുമെന്നുറപ്പാണെന്ന വിധത്തിലാണ് പത്രവാര്‍ത്ത.

എന്നാല്‍, നിഷയുടെ പേര് പാല മണ്ഡലത്തില്‍ ഉയരുന്നത് സംബന്ധിച്ചുള്ള മാധ്യമ വാര്‍ത്തകളോട് പ്രതികരിക്കാന്‍ ആരും തയ്യാറായിട്ടില്ല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ നിഷയോ ജോസോ തയ്യാറാകുമോ എന്നാണ് അറിയേണ്ടത്.