- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എഡിഎമ്മിന്റെ മരണത്തില്‍ ഗൂഢാലോചന നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍; മൂന്ന് പതിറ്റാണ്ട് ജമാഅത്തെ ഇസ്ലാമിയെ സിപിഎം തോളിലേറ്റി; പിണറായി എംഎല്‍എയായത് ആര്‍എസ്എസ് പിന്തുണയോടെ'; മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി വി ഡി സതീശന്‍
പിണറായി വിജയന് സി.പി.എമ്മിനെ സംഘപരിവാര്‍ തൊഴുത്തില്‍ കെട്ടുന്നു
പാലക്കാട്: കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സംഘപരിവാറിനെ സുഖിപ്പിച്ച് കേസുകളില്‍നിന്ന് രക്ഷപ്പെടുന്നയാളാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. മൂന്നു പതിറ്റാണ്ട് ജമാഅത്തെ ഇസ്ലാമിയെ തോളിലേറ്റിയ പാര്‍ട്ടിയാണ് സിപിഎം, ഇപ്പോള്‍ പഴിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എഡിഎമ്മിനെതിരായ വ്യാജ കൈക്കൂലി പരാതി എകെജി സെന്ററിലാണ് തയ്യാറാക്കിയതെന്നും എഡിഎമ്മിന്റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗൂഢാലോചന നടന്നെന്നും അദ്ദേഹം ആരോപിച്ചു. ഉത്തരത്തിലുള്ളത് എടുക്കാന്‍ നോക്കിയ സിപിഎമ്മിന് കൈയ്യിലുള്ളത് പോയ സ്ഥിതിയാണ് പാലക്കാട് ഏരിയാ കമ്മിറ്റിയംഗം ഷുക്കൂര്‍ പാര്‍ട്ടി ഓഫീസ് വിട്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു.
കേരളത്തിലെ സി.പി.എമ്മിനെ സംഘപരിവാര്‍ തൊഴുത്തില്‍ കൊണ്ടുകെട്ടിയ ആളാണ് പിണറായി വിജയന്‍. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള കേസുകളില്‍നിന്ന് കേന്ദ്ര ഏജന്‍സിയുടെ ശ്രദ്ധതിരിക്കാന്‍ ചെയ്യുന്ന കാര്യങ്ങള്‍ സി.പി.എമ്മിനെ മോശം അവസ്ഥയിലാക്കിയെന്നും വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസും മുസ്ലീം ലീഗും വര്‍ഗീയതയുമായി സമരസ്സപ്പെട്ടുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
രണ്ടാംതവണ അധികാരത്തില്‍ എത്തിയതിന് പിന്നാലെ മുഖ്യമന്ത്രി മസ്‌കറ്റ് ഹോട്ടലിലെത്തി ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും മുഖ്യമന്ത്രിയുടെ ദൂതനായാണ് എ.ഡി.ജി.പി. ആര്‍.എസ്.എസ്. നേതാവിനെ കണ്ടതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. തൃശ്ശൂരില്‍ ബി.ജെ.പിയെ ജയിപ്പിക്കാന്‍ എ.ഡി.ജി.പി. അജിത് കുമാറിനെ ഉപയോഗിച്ച് മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കോണ്‍ഗ്രസ് വര്‍ഗീയതയുമായി സന്ധിചെയ്യുന്ന പ്രസ്താനമല്ലെന്നും സംസ്ഥാനത്തും കേന്ദ്രത്തിനും ഒരുപോലെ അവരോട് എതിര്‍ത്ത് നില്‍ക്കുന്നുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. മൂന്ന് പതിറ്റാണ്ടുകാലം ജമാത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ചിട്ടുള്ള പാര്‍ട്ടിയാണ് സി.പി.എം. 2019-ല്‍ മാത്രമാണ് ദേശീയതലത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്ന നിലപാട് അവര്‍ സ്വീകരിച്ചത്. ഞാന്‍ മത്സരിച്ച അഞ്ച് തിരഞ്ഞെടുപ്പുകളില്‍ ജമാഅത്തെ ഇസ്ലാമി എല്‍.ഡി.എഫിനാണ് പിന്തുണ നല്‍കിയിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഷാഫി പറമ്പിലിനെ തോല്‍പ്പിക്കാന്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദമുണ്ടാക്കി സംഘപരിവാറിനെപ്പോലെ ആളുകളെ ഭിന്നിപ്പിച്ചത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയാണ്.
ബി.ജെ.പി. സഖ്യമായ എന്‍.സി.പിയില്‍ ചേരുന്നതിനായി എല്‍.ഡി.എഫിലെ ഒരു എം.എല്‍.എ. മറ്റ് രണ്ട് എം.എല്‍.എമാര്‍ക്ക് 50 കോടിരൂപ വീതം പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. ഇത് പിണറായിക്ക് അറിയാമായിരുന്നുവെന്നാണ് പറയുന്നത്. ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി എടുത്തോയെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പിയുടെ സഖ്യകക്ഷിയായി പാര്‍ട്ടിയുടെ ഒരു മന്ത്രി വരെ പിണറായി മന്ത്രി സഭയിലുണ്ടെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ പിആര്‍ ഏജന്‍സി ദേശീയ മാധ്യമത്തിന് കേരളത്തിന് അപമാനകരമായ വാര്‍ത്ത കൊടുത്തത് എന്തിനാണെന്നും സതീശന്‍ ചോദിച്ചു. അത് സംഘപരിവാര്‍ നരേറ്റീവാണ്. അവരെ സുഖിപ്പിച്ച് കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി പിണറായി വിജയന്‍ നടത്തുന്ന ശ്രമമാണ് സിപിഎമ്മിനെ ഇപ്പോള്‍ തകര്‍ക്കുന്നത്. ഈ കുറ്റബോധത്തിലാണ് കോണ്‍ഗ്രസിനുനേരെ വര്‍ഗീയതയുടെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ബിജെപിയുമായി ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഏറ്റുമുട്ടുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.
ആര്‍എസ്എസ് പിന്തുണയോടുകൂടി എംഎല്‍എ ആയ വ്യക്തിയാണ് പിണറായി വിജയനെന്നും കുറ്റപ്പെടുത്തി. കോഴ ആരോപണത്തെ കുറിച്ചും സതീശന്‍ പരാമര്‍ശിച്ചു. രണ്ടു എംഎല്‍എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം ചെയ്തു എന്നറിഞ്ഞിട്ട് മുഖ്യമന്ത്രി എന്തുനടപടിയാണ് എടുത്തതെന്നും അദ്ദേഹം ചോദിച്ചു.
പി.പി.ദിവ്യയുമായി ബന്ധപ്പെട്ട കേസിലും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ രൂക്ഷമായി വിമര്‍ശിച്ചു. നവീന്റെ കുടുംബത്തിനൊപ്പം നില്‍ക്കുന്നുവെന്ന് പറയുമ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപചാപക സംഘമാണ് ദിവ്യയെ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നവീന്‍ ബാബുവിനെതിരെ പരാതി നല്‍കിയിരിക്കുന്ന കത്ത് അന്വേഷിച്ച് പോയാല്‍ എ.കെ.ജി. സെന്ററിലും മുഖ്യമന്ത്രിയുടെ ഓഫീസിലുമായിരിക്കും എത്തുകയെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
എഡിഎമ്മിന്റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ദിവ്യയെ രക്ഷിക്കാനുള്ള ശ്രമം നടന്നുവെന്ന് അദ്ദേഹം ആരോപിച്ചു. എഡിഎമ്മിന്റെ മരണത്തില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചോ? ആ കുടുംബത്തെ ഒന്ന് ഫോണില്‍ വിളിച്ച് സംസാരിക്കാനെങ്കിലും ഈ മുഖ്യമന്ത്രി തയ്യാറായോ? മനുഷ്യത്വമുണ്ടോ ഈ മുഖ്യമന്ത്രിക്ക്? ഒന്നാം പിണറായി സര്‍ക്കാരില്‍ മുഖ്യമന്ത്രിയെ നിയന്ത്രിച്ചത് എം ശിവശങ്കറായിരുന്നെങ്കില്‍ ഇപ്പോള്‍ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപക സംഘമാണ് നയിക്കുന്നത്.
കോണ്‍ഗ്രസിലും യു.ഡി.എഫിലും അനൈക്യമാണെന്ന് വരുത്തി തീര്‍ക്കാന്‍ നോക്കിയിട്ട് ഇപ്പോള്‍ നഷ്ടം സി.പി.എമ്മിനാണ്. ഇനിയും സി.പി.എമ്മില്‍ നിന്ന് ചോര്‍ച്ചയുണ്ടാകും ഞങ്ങളുടെ കൂടെ നിന്നും ഒരാള്‍ പോലും പോയിട്ടില്ല. ഒറ്റക്കെട്ടായാണ് ഞങ്ങള്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എല്ലാ ദിവസവും കൂടിയാലോചനകള്‍ നടത്തി രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും രമ്യ ഹരിദാസിന്റെയും വിജയത്തിനായി കൂട്ടായ പ്രവര്‍ത്തനമാണ് എല്ലാ കോണ്‍ഗ്രസ് നേതാക്കളും നടത്തുന്നതെന്നും വി.ഡി.സതീശന്‍ പറഞ്ഞു.