പത്തനംതിട്ട: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കണ്ണില്‍ കരടായ ശശി തരൂരിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. ശശി തരൂര്‍ സാമാന്യ മര്യാദ കാണിക്കണമായിരുന്നുവെന്ന് പി.ജെ. കുര്യന്‍ പറഞ്ഞു. എത്ര വലിയ വിശ്വപൗരന്‍ ആണെങ്കിലും എം.പി ആക്കിയത് കോണ്‍ഗ്രസ് ആണെന്ന് മറക്കരുത്. അല്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കണമായിരുന്നു. മോദിയുടെ തെറ്റുകളും തുറന്നു പറയാന്‍ തരൂര്‍ തയാറാകണം. തരൂര്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല.

വിദേശയയാത്രക്കുള്ള പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടാന്‍ തരൂര്‍ പാര്‍ട്ടിയോട് അനുവാദം ചോദിക്കണമായിരുന്നു. പാര്‍ട്ടിയോട് ചോദിക്കാതെ കേന്ദ്ര സര്‍ക്കാര്‍ ക്ഷണം സ്വീകരിച്ചത് തെറ്റ്. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം വിവാദങ്ങള്‍ ഒഴിവാക്കണമായിരുന്നുവെന്നും പി.ജെ. കുര്യന്‍ വ്യക്തമാക്കി.

ഭീകരതക്കെതിരായ ഇന്ത്യന്‍ നിലപാട് വിശദീകരിക്കാനുള്ള സര്‍വകക്ഷി സംഘത്തിലേക്കുള്ള കേന്ദ്ര സര്‍ക്കാര്‍ ക്ഷണം പാര്‍ട്ടിയോട് ആലോചിക്കാതെ സ്വീകരിച്ച ശശി തരൂരിനെ വിമര്‍ശിച്ച് കെ.പി.സി.സി അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്നലെ രംഗത്തു വന്നിരുന്നു. ശശി തരൂര്‍ പാര്‍ട്ടിയെ ചവിട്ടിമെതിക്കരുതെന്നും പാര്‍ട്ടിക്ക് വിധേയനായിരിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

അന്തര്‍ദേശീയരംഗത്ത് ഏത് തലംവരെ വേണമെങ്കിലും അദ്ദേഹത്തിന് പോകാം. അതിന് പാര്‍ട്ടിയുടെ അംഗീകാരവും അനുമതിയും വാങ്ങണം. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അംഗമെന്ന നിലയില്‍ അദ്ദേഹം പ്രാഥമിക ഉത്തരവാദിത്തം നിറവേറ്റിയേ മതിയാകൂ. എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിക്കണം. പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് മുന്നോട്ടു പോവുന്നത് ശരിയല്ലെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അംഗമെന്ന നിലയില്‍ തരൂര്‍ എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിക്കണം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആക്രമിക്കപ്പെടുന്നു. കെ സി വേണുഗോപാല്‍ ചുമതലകളില്‍ നേട്ടം കൊയ്യുമ്പോള്‍ മൗനം പാലിക്കുന്നു. ചെറിയ പാളിച്ചകള്‍ വരുമ്പോള്‍ കെ സിയെ വിമര്‍ശിക്കുന്നു. കെ സി ദേശിയതലത്തിലെ കേരളത്തിന്റെ മുഖമാണ്. മലയാളികളുടെ അന്തസാണ് കെ സി വേണുഗോപാലെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്്ടി.

എഐസിസി ജനറല്‍ സെക്രട്ടറിയുടെ ചുമതലകള്‍ മാത്രമാണ് കെ സി നിര്‍വഹിക്കുന്നത്. അതിനപ്പുറത്തേക്ക് അമിത ഇടപെടല്‍ ഒന്നും നടത്തുന്നില്ല. കെ സി സംഘടന ജനറല്‍ സെക്രട്ടറി ആയതിനു ശേഷം കേരളത്തിലെ പാര്‍ട്ടിയില്‍ തര്‍ക്കങ്ങള്‍ കുറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസില്‍ യോജിപ്പുണ്ടായത് കെ സി ജനറല്‍ സെക്രട്ടറി ആയതിനു ശേഷമാണെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

സര്‍വകക്ഷി സംഘത്തെ നയിക്കാന്‍ സന്നദ്ധതയറിയിച്ച ശശി തരൂര്‍ എംപിയുടെ നിലപാടിനെ അഭിനന്ദിച്ച് കെപിസിസിയിലെ പ്രമുഖര്‍ രംഗത്തുവന്നിരുവിരുന്നു.എഐസിസി അംഗീകരിച്ച് കേന്ദ്രത്തിന് കൈമാറിയ പട്ടികയിലുള്ളവരെ വെട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ശശി തരൂരിനെ ബിജെപി സര്‍ക്കാര്‍ സര്‍വകക്ഷി സംഘത്തിന്റെ തലവനാക്കിയത്.

അതിനാല്‍ ജയറാം രമേശ് ഉള്‍പ്പെടെയുള്ള എഐസിസി വക്താക്കള്‍ തരൂരിന്റെ തീരുമാനത്തെ വിമര്‍ശിക്കുകയുണ്ടായി. ഇതിനിടെയാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി കെപിസിസി വക്താക്കള്‍ പ്രസ്താവന ഇറക്കിയത. സംഗതി പാളിയെന്ന് മനസ്സിലായതോടെ 'ഔദ്യോഗിക'മായി ഒന്നും പറഞ്ഞിട്ടില്ലെന്നും ദേശീയ പ്രശ്‌നമാണെന്നും പറഞ്ഞ് നേതാക്കള്‍ തടിതപ്പി. അഭിമാനത്തോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ക്ഷണത്തെ കാണുന്നതെന്ന് ശശി തരൂരും തിരുവനന്തപുരത്ത് പ്രതികരിച്ചു. ഇതിനിടെയാണ് കെപിസിസിയില്‍ നിന്നുംതരൂരിനെതിരെ വിമര്‍ശനവുമായി തിരുവഞ്ചൂരെത്തിയത്.