കോഴിക്കോട്: പാലാ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. വേണമെങ്കില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി തിരുവമ്പാടിയില്‍ മത്സരിക്കട്ടേയെന്നും മാണി സി കാപ്പന്‍ വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് എം മുന്നണി മാറുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പാലാ എംഎല്‍എയുടെ പ്രതികരണം.

തിരുവമ്പാടിയില്‍ മാണി സി കാപ്പനെ മത്സരിപ്പിക്കാനായിരുന്നു യുഡിഎഫിന്റെ തീരുമാനം. ഇതുപ്രകാരം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറത്തെ വീട്ടില്‍ വെച്ച് യോഗം ചേര്‍ന്നിരുന്നു. സഭാ പ്രതിനിധികളും കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നു. എന്നാല്‍ താന്‍ പാലാ വിട്ടുപോകില്ലെന്ന നിലപാടില്‍ മാണി സി കാപ്പന്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

അതിനിടെ ആശയപരമായി യോജിപ്പുള്ളവരുമായി യോജിക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് സംബന്ധിച്ച് യുഡിഎഫ് നയം വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രത്യേക അജണ്ട വച്ച് ഒരു പാര്‍ട്ടിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഔപചാരികമായ ചര്‍ച്ചകള്‍ ഒരു പാര്‍ട്ടിയുമായി നടത്തിയിട്ടില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

'ഇപ്പോള്‍ നടക്കുന്നത് അഭ്യൂഹം മാത്രമാണ്. ഔദ്യോഗികമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ല. യുഡിഎഫ് നയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ആശയപരമായി യോജിക്കാവുന്നവരുമായി യോജിക്കും. പ്രതിപക്ഷനേതാവ് പറഞ്ഞത് ഇനിയും ആളുകള്‍ വരുമെന്നാണ്. ഒരുപാര്‍ട്ടിയുമായി ഫോര്‍മല്‍ ആയി ഇതുവരെ ആരും ചര്‍ച്ച നടത്തിയിട്ടില്ല. നിലവില്‍ യുഡിഎഫിലേക്ക് കൂടുതല്‍ കക്ഷികള്‍ വരുന്ന ട്രെന്‍ഡ് ഉണ്ട്. അത് സ്വാഭാവികമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് യുഡിഎഫ്ആണ് നെക്സ്റ്റ് എന്ന ഒരു ചിന്തയുണ്ടല്ലോ?. പല രാഷ്ട്രീയ പാര്‍ട്ടികളും യുഡിഎഫിനോടുള്ള നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ട്'- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം ഇടതുമുന്നണി വിടുമെന്ന വാര്‍ത്തകള്‍ തള്ളി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി രംഗത്തെത്തി. ചര്‍ച്ച നടത്തുന്നത് ആരാണ്?. കേരള കോണ്‍ഗ്രസ് എമ്മിന് ഉറച്ച നിലപാടാണുള്ളത്. അതില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. എല്ലാ ദിവസവും നിലപാട് വിശദീകരിക്കേണ്ടതില്ല. ഞങ്ങളെയോര്‍ത്ത് കരയേണ്ടതില്ലെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.

കേരള കോണ്‍ഗ്രസിന് പലയിടങ്ങളില്‍ നിന്നും ക്ഷണം വരുന്നുണ്ട്. പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുണ്ട് എന്നതിന് തെളിവാണ് ആ ക്ഷണം വ്യക്തമാക്കുന്നത്. കേരള കോണ്‍ഗ്രസ് ( എം) എവിടെയുണ്ടോ അവിടെ ഭരണവുമുണ്ടാകുമെന്ന് വ്യക്തമായെന്ന് ജോസ് കെ മാണി പറഞ്ഞു. എല്‍ഡിഎഫ് യോഗത്തില്‍ നിന്നും വിട്ടു നിന്നു എന്ന വാര്‍ത്തകള്‍ ശരിയല്ല. പാര്‍ട്ടി നേതാവ് എല്‍ഡിഎഫ് യോഗത്തില്‍ സംബന്ധിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് താന്‍ വിദേശത്തായതുകൊണ്ടാണ്. തന്റെ പിതാവിന്റെ ഏറ്റവും അടുത്ത സുഹൃത്ത് അത്യാസന്ന നിലയില്‍ കഴിയുകയാണ്. അദ്ദേഹത്തെ കാണാന്‍ പോയതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. ഉത്തരവാദപ്പെട്ട നേതാക്കളെ ഇക്കാര്യം അറിയിച്ചിരുന്നതാണ്. കേരള കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരും ആ പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു.