- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളിപ്പറമ്പില്‍ പി കെ ശ്യാമള തന്നെ, സ്ഥാനാര്‍ഥിത്വത്തില്‍ പുനരാലോചന വേണ്ട; വിവാഹത്തിന് മുന്‍പ് തന്നെ ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവമാണ്; ഭാര്യാപദം ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെ? പി കെ ശ്യാമള മത്സരിക്കുന്നതിനോടുള്ള വിമര്‍ശനം അനാവശ്യമെന്ന് എം വി ഗോവിന്ദന്‍; ആന്തൂര്‍ സാജന്റെ ആത്മഹത്യ വീണ്ടും ചര്‍ച്ചയായലും സിപിഎം ഉറച്ചുതന്നെ
തളിപ്പറമ്പില്‍ പി കെ ശ്യാമള തന്നെ, സ്ഥാനാര്‍ഥിത്വത്തില്‍ പുനരാലോചന വേണ്ട

തിരുവനന്തപുരം: പി.കെ. ശ്യാമളയുടെ തളിപ്പറമ്പിലെ സ്ഥാനാര്‍ഥിത്വം വിവാദമാകുമ്പോഴും പിന്നോട്ടില്ലെന്ന നിലപാടില്‍ സിപിഎം സംസ്ഥാന കമ്മറ്റി. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വിവാദം അനാവശ്യമാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. സ്ഥാനാര്‍ഥിത്വം തീരുമാനിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിക്കെതിരായി പ്രചാരണം നടക്കുന്നുവെന്ന സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറി കൂടിയായ എം.വി. ഗോവിന്ദന്‍ ആരോപണങ്ങള്‍ അനാവശ്യമാണെന്ന് പറഞ്ഞത്.
വിവാഹത്തിന് മുന്‍പ് തന്നെ ശ്യാമള പാര്‍ട്ടി പദവികളില്‍ സജീവമാണെന്നും ഭാര്യാപദം ഇപ്പോള്‍ പൊട്ടിമുളച്ചത് എങ്ങനെയെന്നും സ്ഥാനാര്‍ത്ഥിത്വത്തില്‍ പുനരാലോചനയുടെ ആവശ്യമില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍ എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പി കെ ശ്യാമള മത്സരിക്കുന്നതിനെതിരായ സോഷ്യല്‍ മീഡിയ പ്രചരണം സംസ്ഥാന സമിതി അംഗങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് എം വി ഗോവിന്ദന്‍ മറുപടി നല്‍കിയത്. വിവാഹം കഴിക്കുമ്പോള്‍ പി കെ ശ്യാമള ഡിവൈഎഫ്ഐ ഭാരവാഹിയായിരുന്നുവെന്ന കാര്യവും എം വി ഗോവിന്ദന്‍ ഓര്‍മ്മിപ്പിച്ചു. കൂടുതല്‍ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ സിപിഐഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സിപിഐഎം മത്സരിക്കുന്ന 86 സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ സംസ്ഥാന കമ്മിറ്റിക്ക് ഇന്ന് തീരുമാനിക്കാനായിട്ടില്ല. ചില സീറ്റുകളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും.
തളിപറമ്പ് മണ്ഡലത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമള ടീച്ചറെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ സി.പി.എം അണികള്‍ക്കിടെയില്‍ എതിര്‍പ്പ് ശക്തമാണ്. ഇതു സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗ തീരുമാനം വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രതികൂല പ്രതികരണവുമായി പാര്‍ട്ടി അണികളും അനുഭാവികളും രംഗത്തു വന്നിരുന്നു. സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെന്ന പരിഗണന വെച്ചാണ് ശ്യാമള ടീച്ചറെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് വിമര്‍ശനം. പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ വ്യവസായ സംരംഭകന്‍ കൊറ്റാളിയിലെ പാറയില്‍ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്നത്തെ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സനായ പി.കെ ശ്യാമളയുടെ ഇടപെടലുകള്‍ മറക്കരുതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.
സി.പി.എം കോട്ടയായ തളിപ്പറമ്പ് മണ്ഡലം നഷ്ടപ്പെടാന്‍ പി.കെ ശ്യാമള ടീച്ചറുടെ സ്ഥാനാര്‍ത്ഥിത്വം വഴിവയ്ക്കുമെന്ന ആശങ്കയും ചിലര്‍ ഉന്നയിച്ചിരുന്നു. പി.കെ ശ്യാമളയുടെ വീട് സ്ഥിതി ചെയ്യുന്ന മോറാഴയിലും ആന്തൂരിലും തളിപ്പറമ്പിലും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുമായോ അനുഭാവികളുമായോ പി.കെ ശ്യാമളയ്ക്ക് സി.പി.എം നേതാവെന്ന നിലയില്‍ ജനകീയ ബന്ധങ്ങളൊന്നുമില്ലെന്ന വിമര്‍ശനവും ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.
നിലവില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ ഭാരവാഹിയുമാണ് പി.കെ. ശ്യാമള.ഏറെ നാളത്തെ പ്രവര്‍ത്തന പരിചയമുള്ള ഇവരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെന്ന നിലയിലല്ല സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ ഏരിയാ, ലോക്കല്‍ തലങ്ങളില്‍ സ്ഥാനാര്‍ത്ഥിയുടെ പേര് അവതരിപ്പിക്കുമ്പോള്‍ അതിശക്തമായ എതിര്‍പ്പ് ഉയര്‍ത്താന്‍ ഒരു വിഭാഗം തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണം ഉള്‍പ്പെടെ ബഹിഷ്‌കരിക്കാനാണ് ഇവരുടെ നീക്കം.
കഴിഞ്ഞ തവണ സംസ്ഥാനമാകെ ഇടതുതരംഗം അലയടിച്ചിട്ടും എം.വി ഗോവിന്ദന്‍ കഷ്ടിച്ച് ഇരുപതിനായിരം വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി അബ്ദുള്‍ റഷീദിനോട് വിജയിച്ചു കയറിയത്. ഇതു സി.പി.എമ്മിന് വലിയ ക്ഷീണം ചെയ്തിരുന്നു. ആന്തൂര്‍, പറശിനി പാടിക്കുന്ന്, മയ്യില്‍, മലപ്പട്ടം തുടങ്ങിയ പാര്‍ട്ടി ഗ്രാമങ്ങള്‍ സ്ഥിതി ചെയ്യുന്ന തളിപ്പറമ്പ് മണ്ഡലത്തിലാണ് തിരിച്ചടി നേരിട്ടത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികോട്ടയായ മയ്യില്‍ ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയിച്ചത് പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു.


