- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമത ബാനര്‍ജിയുടെ തൃണമൂലിനൊപ്പം യുഡിഎഫില്‍ കയറാമെന്ന അന്‍വറിന്റെ മോഹം നടക്കില്ല! ഒറ്റക്കു വന്നാല്‍ നോക്കാമെന്ന നിലപാടില്‍ കോണ്‍ഗ്രസ്; വി എസ് ജോയിയുടെ പേരു പറഞ്ഞുള്ള സമ്മര്‍ദ്ദ തന്ത്രവും എങ്ങനെയും മുന്നണിയില്‍ കയറാന്‍; വിശുദ്ധനായി മുന്നണിയില്‍ കയറാന്‍ അന്‍വര്‍ വീണ്ടും പാര്‍ട്ടി വിടുമോ? ബുധനാഴ്ച്ച് കോണ്‍ഗ്രസ് നേതൃത്വുമായി അന്‍വറിന്റെ കൂടിക്കാഴ്ച്ച
മമത ബാനര്‍ജിയുടെ തൃണമൂലിനൊപ്പം യുഡിഎഫില്‍ കയറാമെന്ന അന്‍വറിന്റെ മോഹം നടക്കില്ല!
തിരുവനന്തപുരം: ഇല്ലത്ത് നിന്നും ഇറങ്ങുകയും ചെയ്തു, എന്നാല്‍ അമ്മാത്ത് ഒട്ട എത്തിയതുമില്ല എന്നു പറയുന്നത് പോലെയാണ് പി വി അന്‍വറിന്റെ കാര്യം. മുഖ്യമന്ത്രി പിണറായി വിജയനെ തെറിവിളിച്ചു എല്‍ഡിഎഫില്‍ നിന്നും പടിയിറങ്ങിയ അന്‍വറിന് യുഡിഎഫ് പ്രവേശനം ഇനിയും സാധ്യമായിട്ടില്ല. എങ്ങനെയെങ്കിലും മുന്നണിയില്‍ കയറാന്‍ പഠിച്ചപണി പതിനെട്ടും കുറച്ചുകാലമായി അന്‍വര്‍ നോക്കുന്നുണ്ട്. ഇതിനായി തമിഴ്‌നാട്ടിലെ ഡിഎംകെ വഴി യുഡിഎഫിലേക്ക് കയറാന്‍ നോക്കി. അത് നടക്കാതെ വന്നതോടെ സ്വന്തം ഡിഎംകെ ഉണ്ടാക്കി കുറച്ചു കാലം പ്രവര്‍ത്തിച്ചു. ഒടുവില്‍ യുഡിഎഫ് മുന്നണി ലക്ഷ്യമിട്ടു കൊണ്ട് എംഎല്‍എ സ്ഥാനവും രാജിവെച്ച് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ കയറി പറ്റി അന്‍വര്‍. കേരളത്തില്‍ തൃണമൂല്‍ നേതാവായി വിലസി കണ്‍വെന്‍ഷന്‍ ഒക്കെ സംഘടിപ്പിച്ച് ഇന്ത്യാ മുന്നണിയുടെ ഭാഗമെന്ന നിലയില്‍ യുഡിഎഫിലേക്ക് പാലമിടാനാണ് അന്‍വര്‍ ലക്ഷ്യട്ടത്. എന്നാല്‍, നീക്കം ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ പാളിയ അവസ്ഥയിലാണ്.
പി വി അന്‍വറിനെ മുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ യുഡിഎഫില്‍ ഇപ്പോഴും ഏകസ്വരം ഉണ്ടായിട്ടില്ല. നില്‍ക്കുന്നിടത്തെല്ലാം വിവാദമുണ്ടാക്കുന്ന അന്‍വറിനെ എന്തിന് മുന്നണിയില്‍ എടുക്കണം എന്ന ചോദ്യം ഉയരുന്നുണ്ട്. മുന്നണിയില്‍ എടുത്താല്‍ ഭാവിയില്‍ അത് വലിയ തലവേദനയാകും എന്ന് പറയുന്നവരും ഉണ്ട്. അതുകൊണ്ട് തന്നെ അന്‍വറിന്റെ യുഡിഎഫ് പ്രവേശന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. എന്നാല്‍ എങ്ങനെയും മുന്നണിയില്‍ കയറാനുള്ള ശ്രമങ്ങളാണ് അന്‍വര്‍ നടത്തുന്നതും.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസുമായി യുഡിഎഫില്‍ കയാമെന്ന അന്‍വറിന്റെ മോഹം നടക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. അതിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനുമതി നല്‍കില്ല. ഇന്ത്യാ മുന്നണിക്കുള്ളില്‍ തന്നെ കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്തുന്ന നിലപാടാണ് മമത ബാനര്‍ജി സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആ പാര്‍ട്ടിയെ മുന്നണിയില്‍ എടുക്കേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാന എന്നാണ് മലയാള മനോരമ റിപ്പോര്‍ട്ടു ചെയ്യുന്നത്. അതേസമയം പി.വി.അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നതിനോട് ദേശീയ നേതൃത്വത്തിന് എതിര്‍പ്പില്ല. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി യോജിച്ചുനില്‍ക്കാത്ത തൃണമൂലുമായി സംസ്ഥാനത്ത് കൈകോര്‍ക്കാനാവില്ലെന്ന ദേശീയ നേതൃത്വത്തിന്റെ നിലപാടു കണക്കിലെടുത്താണിത്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുന്നണി പ്രവേശനം കാത്തുനില്‍ക്കുന്ന അന്‍വറിനെ കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം അറിയിക്കും. ഈ മാസം 23നു അന്‍വറുമായി കോണ്‍ഗ്രസ് നേതാക്കള്‍ തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടക്കുമ്പോള്‍ ഇക്കാര്യം പറയും. ഇതോടെ അന്‍വറിന് മുന്നില്‍ വീണ്ടുമൊരു പാര്‍ട്ടി മാറ്റത്തിന്റെ സമയത്തിനാണ് കളമൊരുങ്ങുന്നത്. തൃണമൂലിന്റെ സംസ്ഥാന കണ്‍വീനറായ അന്‍വര്‍, പാര്‍ട്ടി ഉപേക്ഷിച്ച് യുഡിഎഫില്‍ ചേരാന്‍ തയാറാകുമോയെന്നാണ് അറിയേണ്ടത്. മുന്നണിയില്‍ കയറാതെ നിലനില്‍പ്പില്ലെന്ന സാഹചര്യത്തില്‍ അന്‍വര്‍ അതിനും തയ്യാറാണെന്നാണ് സൂചനകള്‍.
വി.എസ്.ജോയിയോടാണു താല്‍പര്യമെങ്കിലും യുഡിഎഫ് നിര്‍ത്തുന്ന ഏതു സ്ഥാനാര്‍ഥിയെയും പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അന്‍വര്‍ അറിയിച്ചിട്ടുണ്ട്. പകരം, ഉപതിരഞ്ഞെടുപ്പിനു മുന്‍പു മുന്നണിയിലെടുക്കണമെന്നാണ് ആവശ്യം. ദേശീയതലത്തില്‍ ഇന്ത്യാസഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസും തൃണമൂലും ഒന്നിച്ചു നിന്നെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് തെറ്റിപ്പിരിഞ്ഞു. കോണ്‍ഗ്രസിനൊപ്പം സഖ്യത്തിനില്ലെന്നു പ്രഖ്യാപിച്ച തൃണമൂല്‍ നേതാവ് മമത ബാനര്‍ജി, ലോക്‌സഭാ പോരില്‍ ബംഗാളില്‍ ഒറ്റയ്ക്കു മത്സരിച്ചു. മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ദയനീയമായി പരാജയപ്പെട്ട കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിച്ച് തൃണമൂല്‍ രംഗത്തുവന്നതും ഇരുകക്ഷികളും തമ്മിലുള്ള ബന്ധം വഷളാക്കി.
തരംകിട്ടുമ്പോഴെല്ലാം കടന്നാക്രമിക്കുന്ന തൃണമൂലുമായി കേരളത്തില്‍ ഒന്നിക്കേണ്ടതില്ലെന്നാണു ഹൈക്കമാന്‍ഡിന്റെ തീരുമാനം. ഒറ്റയ്ക്കു വന്നാല്‍ ഒപ്പംകൂട്ടാമെന്ന കോണ്‍ഗ്രസ് നിലപാടില്‍ മമതയുടെ കൂടി അഭിപ്രായം തേടിയ ശേഷമായിരിക്കും അന്‍വര്‍ തീരുമാനമെടുക്കുക. നിലമ്പൂര്‍ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അന്‍വര്‍ ഒരുതരത്തിലുള്ള സമ്മര്‍ദവും ചെലുത്തുന്നില്ലെന്നും വിജയസാധ്യതയുടെ അടിസ്ഥാനത്തില്‍ ആര്യാടന്‍ ഷൗക്കത്തിനെയോ വി.എസ്.ജോയിയെയോ തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് ആരെ തീരുമാനിച്ചാലും അംഗീകരിക്കുമെന്ന് മുസ്ലിം ലീഗ് അറിയിച്ചിട്ടുണ്ട്.
അതേസമയം നിലമ്പൂരിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഇനിയും തീരുമാനങ്ങളായിട്ടില്ല. ജോയിക്ക് വേണ്ടിയാണ് അന്‍വര്‍ വാദിക്കുന്നത്. എന്നാല്‍, മലബാറില്‍ മുസ്ലിം എംഎല്‍എയായി ടി സിദ്ദിഖ് മാത്രം അവശേഷിക്കുന്ന പശ്ചാത്തലത്തില്‍ മുസ്ലീം സ്ഥാനാര്‍ഥി വേണമെന്നാണ് കോണ്‍ഗ്രസിലും മുന്നണിയിലും പൊതുവേ ഉയരുന്ന വികാരം. പെന്തക്കോസ്ത് വിഭാഗക്കാരനായ ജോയിക്ക് വേണ്ടി കത്തോലിക്കാ സഭ വാശിപിടിക്കില്ലെന്നും കോണ്‍ഗ്രസ് കണക്കു കൂട്ടുന്നുണ്ട്. ചുരുക്കത്തില്‍ യുഡിഎഫില്‍ കയറുന്നതിന് മുമ്പ് തന്നെ അന്‍വര്‍ കോണ്‍ഗ്രസിന് വലിയ തലവേദനയായിരിക്കയാണ്. ഇങ്ങനെയുള്ള ആള്‍ മുന്നണിയില്‍ കയറിയാല്‍ എന്താകും അവസ്ഥ എന്ന ചോദ്യവും ഇതിനോടകം പാര്‍ട്ടിക്കുള്ളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു.
എല്‍ഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ചത് മുതല്‍ പി.വി.അന്‍വര്‍ യുഡിഎഫ് പ്രവേശനത്തിനായി പതിനെട്ടടവും പയറ്റിവരികയാണ്. അതിന്റെ ഭാഗമയാണ് ഇപ്പോഴത്തെ സമ്മര്‍ദ്ദ നീക്കങ്ങള്‍. സ്വന്തം പാര്‍ട്ടി രൂപീകരണ ശ്രമം മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് വരെ എത്തിനില്‍ക്കുന്ന അന്‍വറിന് മുന്നിലുള്ള അവസാന അവസരമാണ് നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫില്‍ പ്രവേശനം നേടനായില്ലെങ്കില്‍ അത് തന്റെ രാഷ്ട്രീയ ഭാവിയെതന്നെ ബാധിക്കുമെന്ന തിരിച്ചറിവില്‍ വ്യക്തമായ കണക്ക് കൂട്ടലിലാണ് അന്‍വറുള്ളത്.
മുന്നണി പ്രവേശനത്തിന് സമ്മര്‍ദ്ദമുയര്‍ത്തുന്നതിന്റെ ഭാഗമായാണ് അന്‍വര്‍ ഡിസിസി അധ്യക്ഷന്‍ വി.എസ്.ജോയ്ക്കായി വാദിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. ഒന്നുകില്‍ താന്‍ നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയെ നിര്‍ത്തുക, അല്ലെങ്കില്‍ മുന്നണിയില്‍ പ്രവേശനം, ഇതാണ് അന്‍വര്‍ മുന്നോട്ട് വെക്കുന്നത്. അന്‍വറിന് വഴങ്ങി ജോയിയെ സ്ഥാനാര്‍ഥി ആക്കിയാല്‍ ആര്യാടന്‍ ഷൗക്കത്തിനെ എങ്ങനെ നേരിടുമെന്നാകും കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലുള്ള വെല്ലുവിളി. എന്നാല്‍ മുന്നണിയില്‍ പ്രവേശനം നല്‍കുന്നതിന് പല സഖ്യകക്ഷികള്‍ക്കും നേതാക്കള്‍ക്കും എതിര്‍പ്പുണ്ട്.
അന്‍വറിനെ പിണക്കുന്നതും നിലവിലെ സാഹചര്യത്തില്‍ ഗുണം ചെയ്യില്ലെന്നാണ് പാര്‍ട്ടിയില്‍ പൊതുവെയുള്ള വിലയിരുത്തല്‍. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെ ഇടത് മുന്നണിയുടെ സിറ്റിങ് സീറ്റില്‍ മത്സരിച്ച് വിജയിച്ചാല്‍ വലിയ ആത്മവിശ്വാസമാകും പാര്‍ട്ടിക്കും മുന്നണിക്കും ഉണ്ടാകുക. അന്‍വര്‍ മറ്റൊരു സ്ഥാനാര്‍ഥിയെ നിറുത്തിയാല്‍ യുഡിഎഫിന്റെ വിജയസാധ്യകള്‍ക്ക് മങ്ങലേല്‍ക്കും. അതുകൊണ്ട് തന്നെ കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്.
തന്നെ മുന്നണിയിലെടുക്കുകയാണെങ്കില്‍ കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് അന്‍വര്‍ പറയുന്നത്. അക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ താന്‍ അറിയിച്ചിട്ടുണ്ടെന്നും ഇനി അവര്‍ തീരുമാനിക്കട്ടെയെന്നുമാണ് അന്‍വര്‍ വ്യക്തമാക്കിയിരിക്കുന്നത്. സ്വന്തം തട്ടകത്തില്‍ സീറ്റ് വേണമെന്ന ശക്തമായ ആവശ്യവുമായി ആര്യാടന്‍ ഷൗക്കത്തും കളത്തിലുണ്ട്. നിലമ്പൂരില്‍ തന്നെ മത്സരിക്കാന്‍ അവസരം ഒരുക്കുക എന്നതാണ് അന്‍വറിന്റെ ലക്ഷ്യം. അതേസമയം ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചാല്‍ നിലമ്പൂര്‍ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് അന്‍വര്‍ കണക്കുകൂട്ടുന്നു. ബദ്ധവൈരികളായതിനാല്‍ വിജയശേഷം ഷൗക്കത്ത് തന്നെ അംഗീകരിക്കില്ല. നിലമ്പൂരിലെ തന്റെ പ്രാധാന്യത്തിന് കോട്ടം തട്ടുമോയെന്നും അന്‍വര്‍ ഭയക്കുന്നുണ്ട്. ഇക്കാരണങ്ങളാലാണ് അന്‍വര്‍, ജോയിക്കായി സമ്മര്‍ദം ശക്തമാക്കുന്നതെന്നാണ് വിലയിരുത്തുന്നത്. ആര്യാടന്‍ ഷൗക്കത്ത് അന്‍വറിന്റെ വീട്ടിലെത്തി അനുനയ ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് വിവരം.
അതേസമയം, കോണ്‍ഗ്രസ്സിലെ പാളയത്തില്‍ പടയില്‍ നോട്ടമിട്ട എല്‍ ഡി എഫ് ഇതുവരെ സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല. നിലമ്പൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി പരീക്ഷണമായിരിക്കുമെന്നത് സി പി എം നേരത്തേ തന്നെ സൂചന നല്‍കിയിരുന്നു. അത് കോണ്‍ഗ്രസ്സില്‍ നിന്ന് തന്നെയാകുമോയെന്നാണ് അറിയേണ്ടത്. ജോയിയോ ഷൗക്കത്തോ യു ഡി എഫ് സ്ഥാനാര്‍ഥി എന്നറിഞ്ഞാലേ ഇടത് സ്ഥാനാര്‍ഥി പ്രഖ്യാപനം വരൂവെന്നാണ് വിലയിരുത്തല്‍.
2021ല്‍ നിലമ്പൂര്‍ സീറ്റ് വി വി പ്രകാശിനായി വിട്ടുകൊടുത്തപ്പോള്‍ അടുത്ത തവണ സ്ഥാനാര്‍ഥിയാക്കുമെന്ന് പാര്‍ട്ടി ഉറപ്പേകിയിരുന്നെന്നാണ് ആര്യാടന്‍ ഷൗക്കത്തിന്റെ അവകാശവാദം. ഇത് മുന്നില്‍ കണ്ട് താഴെത്തട്ടിലടക്കം സംഘടനാപ്രവര്‍ത്തനം ഷൗക്കത്ത് ശക്തമാക്കി വരികയാണ്. ഇങ്ങനെ പ്രവര്‍ത്തിച്ച് മണ്ഡലത്തില്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ സീറ്റ് ലഭിക്കാതെ പോയാല്‍ ഷൗക്കത്ത് മറ്റൊരു തീരുമാനത്തിലേക്കെത്തും. ഇത് കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഷൗക്കത്തിന്റെ ഈ രാഷ്ട്രീയനീക്കത്തിനാണ് സി പി എമ്മും കാത്തിരിക്കുന്നത്.