തൃശ്ശൂര്‍: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെയും വടകര എം പി ഷാഫി പറമ്പിലിനെയും നിശിതമായി വിമര്‍ശിച്ച് ബി.ജെ.പി. നേതാവ് പത്മജാ വേണുഗോപാല്‍. ഉമ്മന്‍ചാണ്ടിയെ ഒറ്റിക്കൊടുക്കുന്ന ആളായിരുന്നു ഷാഫി പറമ്പിലെന്ന് പത്മജാ വേണുഗോപാല്‍ പറഞ്ഞു. വര്‍ഗീയത കളിക്കുന്നയാളാണ് ഷാഫി. ഷാഫി ഒരേസമയം ഉമ്മന്‍ചാണ്ടിയുടെയും എതിര്‍പക്ഷത്തിന്റെയും ആളായിരുന്നുവെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

വടകരയില്‍ മത്സരിക്കാന്‍ ഷാഫിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. യു.ഡി.എഫ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മന്ത്രിയാകാനായി ഇരുന്നയാളാണ് ഷാഫി. വടകരയില്‍ മത്സരിക്കണമെന്ന് ഡല്‍ഹിയില്‍നിന്ന് നിര്‍ദേശം വന്നപ്പോള്‍ ഷാഫി ഒറ്റക്കാര്യമാണ് പറഞ്ഞത്- എന്റെ ആളെ ഇവിടെ ഉപതിരഞ്ഞെടുപ്പില്‍ നിര്‍ത്തണം എന്ന്. അത് സമ്മതിച്ചാണ് വടകര മത്സരിക്കാന്‍ ഷാഫി തയ്യാറായത്, പത്മജ പറഞ്ഞു.

വടകരയില്‍ ജയിക്കുമെന്ന് ഷാഫിക്ക് അറിയാമായിരുന്നെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. വര്‍ഗീയത ഭയങ്കരമായി കളിക്കുന്നൊരാളാണ് അദ്ദേഹം. ഒന്നരക്കൊല്ലം കഴിഞ്ഞ് യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ രാഹുലിനോട് മാറിനില്‍ക്കാന്‍ പറഞ്ഞ് ഷാഫിക്ക് വീണ്ടും അവിടെ മത്സരിക്കാനാണ്. പക്ഷേ, കോണ്‍ഗ്രസ് പാരമ്പര്യം അറിയില്ലല്ലോ. എത്ര സഹായിച്ചാല്‍ പോലും ആ സമയത്ത് കാലുവാരുന്ന ആള്‍. രാഹുല്‍ ജയിച്ചാല്‍ മാറിക്കൊടുക്കുമെന്നാണോ ഷാഫിയുടെ വിചാരം, ഇവരൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ ചാണ്ടിക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ ഇപ്പോഴത്തെ പവര്‍ ഗ്രൂപ്പുമായി ഷാഫിക്ക് ബന്ധമുണ്ടായിരുന്നെന്നും പത്മജ ആരോപിച്ചു. ഷാഫി അവരുമായി സംസാരിക്കാറുണ്ടായിരുന്നു. അവിടുത്തെ ന്യൂസ് ചോര്‍ത്തിക്കൊടുക്കലാണ് അന്നേ പണി. അത് ഉമ്മന്‍ചാണ്ടി അറിയുന്നുമുണ്ടായിരുന്നു. എന്തുകൊണ്ടാണ് ചാണ്ടി ഉമ്മന്‍ പാലക്കാട്ട് പ്രചാരണത്തിന് വരാത്തത്. കെ. മുരളീധരന്‍ പാലക്കാട് നിന്ന് വിജയിച്ചിരുന്നെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാകുമായിരുന്നു. അത് ഇല്ലാതാക്കാനാണ് അദ്ദേഹത്തെ വെട്ടിയതെന്നും പത്മജ പറഞ്ഞു.

പാലക്കാട്ട് ഒരു കത്ത് പുറത്തെത്തിയെന്ന് പറയുന്നില്ലേ. ആ കത്ത് എത്രയോ മുന്‍പ് തനിക്ക് കിട്ടിയിരുന്നു, പത്മജ പറഞ്ഞു. കത്ത് എഴുതിയ അന്ന് തന്നെ കിട്ടിയെന്ന് തോന്നുന്നു. ഇതെല്ലാം പുറത്തുവിടുന്നത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. കോണ്‍ഗ്രസിനെ നശിപ്പിക്കുന്നത് വേറെ ആരുമല്ല കോണ്‍ഗ്രസുകാര്‍ തന്നെയാണ്. തൃശ്ശൂരില്‍ മത്സരിക്കാന്‍ വരരുതെന്നും കുറച്ചു പേര്‍ ചതിക്കുമെന്നും മുരളീധരനോട് പറഞ്ഞിരുന്നു. ഒരു കാരണവശാലും തൃശ്ശൂരിലേക്ക് വരില്ലെന്ന് പറഞ്ഞ മുരളീധരന്‍, അവിടേക്ക് വന്നിറങ്ങുന്നതാണ് കണ്ടതെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

തന്നെ ഒതുക്കാന്‍ ബിജെപിയില്‍ ആരും ശ്രമിക്കുന്നില്ല. കൊടകര കുഴല്‍പ്പണക്കേസില്‍ കാര്യമില്ല. കോണ്‍ഗ്രസുകാരും പണ്ട് പണം കൊണ്ടുവന്നിട്ടുണ്ട്. പാലക്കാട് മണ്ഡലത്തില്‍ കൊടകര കുഴല്‍പ്പണക്കേസ് ബാധിക്കില്ലെന്നും പത്മജാ വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. കെ മുരളീധരന്‍ കോണ്‍ഗ്രസില്‍ നിരാശനാണെന്നും അവര്‍ പറഞ്ഞു.

'വടകരയില്‍ നിര്‍ത്തിയിരുന്നെങ്കില്‍ അദ്ദേഹം ജയിക്കുമായിരുന്നു. അന്ന് ഞാന്‍ അദ്ദേഹത്തിനെ വിളിച്ചു പറഞ്ഞതാണ് ചേട്ടന്‍ തൃശ്ശൂരിലേക്ക് വരരുതെന്ന്. ഇപ്പോ യുഡിഎഫ് വരും ഇപ്പോ മന്ത്രിയാകും എന്നുകരുതി ഇരിക്കുന്ന ആളാണ് ഷാഫി. വര്‍ഗീയത നന്നായി കളിക്കുന്ന ആളായതുകൊണ്ടുതന്നെ ഷാഫി വടകരയില്‍ ജയിക്കുമെന്ന് ഉറപ്പായിരുന്നു', അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോ തനിക്ക് ടെന്‍ഷനില്ല. താനിപ്പോള്‍ ചിരിച്ച മനസോടെയാണ് കോണ്‍ഗ്രസിലെ അടി കാണുന്നത്. എത്ര ഗ്രൂപ്പാണ് കോണ്‍ഗ്രസിലുള്ളത്. ഉറങ്ങിയെഴുന്നേല്‍ക്കുമ്പോഴാണ് ഗ്രൂപ്പ് മാറുന്നത്. കെ മുരളീധരന്‍ പാലക്കാട് നിന്ന് മത്സരിച്ചിരുന്നെങ്കില്‍ അദ്ദേഹമിപ്പോള്‍ മുഖ്യമന്ത്രി കാന്‍ഡിഡേറ്റാണ്. അതുണ്ടാവാതിരിക്കാനാണ് അദ്ദേഹത്തെ വെട്ടിയത്. അപ്പോള്‍ ഒരാള്‍ കുറഞ്ഞുകിട്ടി. സുധാകരന് പ്രായമാണ് ബോധമില്ല എന്നു പറഞ്ഞ് അദ്ദേഹത്തെയും മാറ്റിയില്ലേയെന്നും പത്മജ ചോദിച്ചു.