പാലക്കാട്: 'നമ്മുടെ പാലക്കാട്, നമുക്ക് സരിന്‍': സോഷ്യല്‍ മീഡിയയില്‍ എല്‍ഡിഎഫ് അനുഭാവികള്‍ ഷെയര്‍ ചെയ്ത് തുടങ്ങി. സഖാവേ... എന്ന വിളി ഏറെ സന്തോഷത്തോടെ സ്വീകരിക്കും' എന്നു പറഞ്ഞ് കൂറ് അറിയിച്ച ഡോ.പി സരിന്‍ പാലക്കാട്ടെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ആയിരിക്കുകയാണ്.

ബിജെപി കൂടി ശക്തനോ ശക്തയോ ആയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതോടെ ശക്തമായ ത്രികേണ മത്സരത്തിനായിരിക്കും പാലക്കാട്ടുകാര്‍ സാക്ഷ്യം വഹിക്കുക. സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും ഒക്കെ കടന്നാക്രമിച്ച് കഴിഞ്ഞ ദിവസം വരെ പോസ്റ്റുകളിട്ട സരിന്‍ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്. ഇടത് സംസ്‌കാരമില്ലാത്ത സ്ഥാനാര്‍ഥിയാണെങ്കിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് വേറെ നിവൃത്തിയില്ല.

സരിന്‍ ഹാപ്പിയാണ്

സ്ഥാനാര്‍ഥിയാകാന്‍ അവസരം കിട്ടിയതില്‍ അഭിമാനവും സന്തോഷവുമെന്ന് പി സരിന്‍. ജനങ്ങളുടെ പ്രതിനിധിയാകാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുകയാണ്. രാഷ്ട്രീയം പറഞ്ഞു തന്നെ ജനങ്ങളിലേക്ക് ഇറങ്ങുമെന്ന് സരിന്‍ വ്യക്തമാക്കി.

മുന്നണിയിലെ പ്രവര്‍ത്തകര്‍ക്കൊപ്പം തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ സരിന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെയും പാലക്കാടേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. മറ്റൊരാളുടെ തോളില്‍ കയറി നിന്നു പ്രവര്‍ത്തിക്കുന്ന ആളാണ് യു ഡി എഫ് സ്ഥാനാര്‍ഥിയെന്നും സരിന്‍ വിമര്‍ശിച്ചു. ഭാര്യ വലിയ രീതിയില്‍ സൈബര്‍ അറ്റാക്ക് നേരിടുന്നു. ഇത് മലീമസമായ രാഷ്ട്രീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപിക്ക് എതിരായ രാഷ്ട്രീയ പോരാട്ടമാണ് പാലക്കാട് നടക്കുന്നതെന്നും ബിജെപിയാണ് മുഖ്യശത്രുവെന്നും സരിന്‍ പറഞ്ഞു.

മത്സര ചിത്രം

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് വിമതന്‍ പി സരിനും വന്നതോടെ മണ്ഡലത്തിലെ മത്സരചിത്രം പതിയെ തെളിയുകയാണ്. കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മെട്രോമാന്‍ ഇ.ശ്രീധരനെ ഇറക്കി ബിജെപി കളം നിറഞ്ഞപ്പോള്‍ ഷാഫി പറമ്പില്‍ ജയിച്ചത് 3859 വോട്ടിനാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് യുഡിഎഫിന് 52,779 വോട്ടാണ് ലഭിച്ചത്. രണ്ടാമതെത്തിയ ബിജെപിയേക്കാള്‍ 9707 വോട്ട് യുഡിഎഫിന് അധികം ലഭിച്ചു.

നഗരസഭ പരിധിയിലും മികച്ച മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ഇതേ മുന്നേറ്റം തുടര്‍ന്നാല്‍ ഉപതെരഞ്ഞെടുപ്പിലെ വിജയം ഉറപ്പെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. ഷാഫി പറമ്പില്‍ വടകരയില്‍ മത്സരിക്കാന്‍ വണ്ടി കയറിയപ്പോള്‍ തന്നെ പാലക്കാട് പകരക്കാരനാര് എന്ന ചര്‍ച്ചകള്‍ സജീവമായി ഉയര്‍ന്നിരുന്നു.

കണക്കുകൂട്ടലുകള്‍

ഇത്തവണ പാലക്കാട് നിയോജക മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം കണക്കുകൂട്ടലിലാണ് മുന്നണികളെല്ലാവരും. മുന്‍ തിരഞ്ഞെടുപ്പുകളിലെ കണക്കുകള്‍ വച്ചാണ് എല്ലാവരുടെയും കണക്കുകൂട്ടല്‍. കഴിഞ്ഞ മൂന്ന് നിയമസഭ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ ഷാഫി പറമ്പിലാണ് മണ്ഡലത്തില്‍ വിജയിച്ചു കയറിയത്. 2011ല്‍ മണ്ഡലത്തില്‍ ആദ്യമായി ഷാഫി വിജയിച്ചു കയറിയപ്പോള്‍ 7403 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. സിറ്റിംഗ് എംഎല്‍എയായിരുന്ന, സിപിഎമ്മിന്റെ കെ കെ ദിവാകരനെയാണ് ഷാഫി പരാജയപ്പെടുത്തിയത്.

2016ല്‍ ഷാഫി തന്നെ വിജയിച്ചപ്പോള്‍ രണ്ടാം സ്ഥാനത്ത് മാറ്റം വന്നു. ബിജെപിയുടെ ശോഭാ സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്തേക്കെത്തിയത്. പരാജയപ്പെട്ടെങ്കിലും 2011ല്‍ ബിജെപി നേടിയ 22317 വോട്ടില്‍ നിന്ന് 16,000ഓളം വോട്ടുകള്‍ അധികം നേടാന്‍ ശോഭക്കായി. ശോഭ വോട്ട് വര്‍ധിപ്പിച്ചെങ്കിലും ഷാഫിയുടെ വോട്ടിനെ അത് ബാധിച്ചില്ല. 2011ലെ ഭൂരിപക്ഷത്തില്‍ 10000ഓളം വോട്ടുകള്‍ വര്‍ധിപ്പിച്ച് 17483 വോട്ടുകള്‍ക്കായിരുന്നു ഷാഫിയുടെ വിജയം. സിപിഎം സ്ഥാനാര്‍ത്ഥി എന്‍എന്‍ കൃഷ്ണദാസായിരുന്നു.

2021ല്‍ 2016ല്‍ ശോഭ നടത്തിയ മുന്നേറ്റത്തെ വിജയമായി പരിവര്‍ത്തിപ്പിക്കാന്‍ ലക്ഷ്യമിട്ട് സാക്ഷാല്‍ മെട്രോമാന്‍ ഇ ശ്രീധരനെ തന്നെ ബിജെപി രംഗത്തിറക്കി. ഷാഫി തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ അഡ്വ സിപി പ്രമോദാണ് സിപിഐഎമ്മിന് വേണ്ടി മത്സരിച്ചത്. ഇഞ്ചോടിഞ്ച് മത്സരമാണ് മണ്ഡലത്തില്‍ നടന്നത്. പാലക്കാട് നഗരസഭയിലെ യുഡിഎഫ് സ്വാധീനമേഖലകളില്‍ നിന്നടക്കം വോട്ട് ചോര്‍ന്നു. കോണ്‍ഗ്രസിന്റെ പഞ്ചായത്തുകളായ പിരായിരിയും മാത്തൂരും വിചാരിച്ച ലീഡ് ഷാഫിക്ക് നല്‍കിയില്ല. ഷാഫിയെ പരാജയപ്പെടാതെ രക്ഷിച്ചെടുത്തത് സിപിഐഎമ്മിന് സ്വാധീനമുള്ള കണ്ണാടി പഞ്ചായത്തിലെ വോട്ടായിരുന്നു. 3859 വോട്ടുകള്‍ക്കാണ് അവസാന ലാപ്പില്‍ ഷാഫി വിജയിച്ചുകയറിയത്.

ഷാഫി വടകരയില്‍ നിന്ന് എംപിയായതിനെ തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ തങ്ങള്‍ 10000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു കയറുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. കഴിഞ്ഞ തവണ ബിജെപിക്കാരന്‍ എന്നതിന് അപ്പുറത്തേക്ക് പൊതുസമ്മതനായ വ്യക്തിയായ ഇ ശ്രീധരന്‍ ആയതിനാലാണ് ഭൂരിപക്ഷം 3000 വോട്ടിലേക്ക് എത്തിയതെന്ന് അവര്‍ പറയുന്നു. ഇക്കുറി സ്ഥാനാര്‍ത്ഥിയാവുക പൂര്‍ണ്ണമായും ബിജെപിക്കാരന്‍ മാത്രമായ നേതാവായിരിക്കുമെന്നതിനാലാല്‍ തങ്ങളുടെ വോട്ടുകള്‍ ചോരില്ലെന്നും അവര്‍ പറയുന്നു.

ഷാഫിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കാനെത്തി പരിചയമുള്ളതിനാല്‍ പാലക്കാട് മുനിസിപ്പാലിറ്റി, പിരായിരി, മാത്തൂര്‍, കണ്ണാടി പഞ്ചായത്തുകളടങ്ങുന്ന മണ്ഡലമാകെ ആഴത്തിലുള്ള ബന്ധം രാഹുലിനുണ്ട്. കെ.എസ്.യു സെക്രട്ടറിയായിരിക്കെ രാഹുലിന് സംഘടനാപരമായ ചുമതലയുണ്ടായിരുന്ന സ്ഥലമാണ് പാലക്കാട്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഷാഫി പറമ്പില്‍ മത്സരിക്കുമ്പോള്‍ സംഘടനാപരമായ ഉത്തരവാദിത്തം ഉണ്ടായിരുന്നതിനാല്‍ പാലക്കാട്ടെ പാര്‍ട്ടിയുടെയും മുന്നണിയുടെയും പ്രവര്‍ത്തകരെ പരിചയപ്പെടാനും ഇടപഴകാനും സാധിച്ചത് രാഹുലിന് ഗുണംചെയ്യും. രാഷ്ട്രീയ കാലാവസ്ഥയും യു.ഡി.എഫിന് അനുകൂലമായതിനാല്‍ പാലക്കാട്ടെ യു.ഡി.എഫ് ആധിപത്യം നിലനിര്‍ത്താന്‍ രാഹുലിനാകുമെന്നാണ് രാഷ്ടീയ നിരീക്ഷകരുടെ വിലയിരുത്തല്‍.


കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും പാലക്കാട് നിയമസഭാ മണ്ഡലം യുഡിഎഫിനെയാണ് പിന്തുണച്ചത്. 2011 മുതല്‍ തുടര്‍ച്ചയായി മൂന്നുതവണ ഷാഫി പറമ്പില്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചു. ഇത്തവണ രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തുമ്പോള്‍ പ്രചരണത്തിന് ഷാഫി പറമ്പിലും ഉണ്ടാവും. മണ്ഡലത്തില്‍ ഷാഫിക്കുള്ള പിന്തുണ രാഹുലിന് ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ വ്യത്യസ്ത അഭിപ്രായം ഉന്നയിച്ച വി കെ ശ്രീകണ്ഠന്‍ ഉള്‍പ്പെടെ രാഹുലിന് പിന്തുണ വ്യക്തമാക്കുന്നുണ്ട്.


എന്നാല്‍ കഴിഞ്ഞ തവണ അവസാന റൗണ്ടില്‍ ഉണ്ടായ പരാജയത്തെ മറികടന്ന് ഇക്കുറി വിജയിക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. നഗരസഭയിലും മറ്റ് പഞ്ചായത്തുകളിലും തങ്ങള്‍ വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. യുഡിഎഫുമായി ഉണ്ടായിരുന്ന വ്യത്യാസം മറികടന്ന് ലീഡ് നേടുമെന്നും ബിജെപി പറയുന്നു. 2016 മുതല്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പുകളില്‍ വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചത് ബിജെപിയുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്.

സിപിഎം വീണ്ടും മൂന്നാം സ്ഥാനത്താകുമോ?

കഴിഞ്ഞ രണ്ട് തവണയും മൂന്നാം സ്ഥാനത്തേക്ക് പോയെങ്കിലും ഇക്കുറി വ്യത്യസ്തമായ സാഹചര്യമാണെന്നാണ് സിപിഎം ക്യാമ്പിന്റെ നിലപാട്. പി സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ പാര്‍ട്ടി വോട്ടുകളും പുറത്തു നിന്നുള്ള വോട്ടുകളും നേടിയെടുത്ത് ഇക്കുറി വിജയിച്ചു കയറുമെന്നാണ് സിപിഎം പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസുമായി ഇടഞ്ഞ മുന്‍ ഡി സി സി പ്രസിഡന്റ് എ വി ഗോപിനാഥിനായി കാത്തിരുന്ന ശേഷം സിപിഎം സി പി പ്രമോദിനെയാണ് മത്സിപ്പിച്ചത്. കഴിഞ്ഞ തവണ അവസാന

ലാപ്പിലാണ് മെട്രോമാനെ ഷാഫി മറികടന്നത്. ഇക്കുറി ബിജെപി കരുത്തുറ്റ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ മത്സരം കടുക്കുമെന്ന് ഉറപ്പ്.