പത്തനംതിട്ട: ജില്ലയില്‍ എല്‍.ഡി.എഫില്‍ വിമതശല്യം രൂക്ഷം. സിപിഎം ലോക്കല്‍ കമ്മറ്റി അംഗത്തെ പുറത്താക്കി. എന്‍.സി.പി (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറിയെയും ജില്ലാ ജനറല്‍ സെക്രട്ടറിയെയും നീക്കം ചെയ്തു. കുറ്റൂര്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരേ മത്സരിക്കുന്ന ലോക്കല്‍ കമ്മറ്റിയംഗത്തെ സി.പി.എം പുറത്താക്കി.

കുറ്റൂര്‍ കിഴക്ക് ലോക്കല്‍ കമ്മറ്റിയംഗം കെ.ഓ. സാബുവിനെയാണ് വൈകിട്ട് ചേര്‍ന്ന ലോക്കല്‍ കമ്മറ്റി പുറത്താക്കിയത്. കുറ്റൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ വിമതനായി സാബു പത്രിക നല്‍കിയിരുന്നു. പട്ടികജാതി സംവരണമായ ഇവിടെ സി.പി.ഐയിലെ രാജേഷ് ആണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. പത്രിക പിന്‍വലിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് സാബുവിനെതിരേ നടപടിയെടുത്തത്.

എന്‍.സി.പി (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി എം. അലാവുദ്ദീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി വിനോജ് തെന്നാടന്‍ എന്നിവരെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കം ചെയ്തതായി സംസ്ഥാന പ്രസിഡന്റ് തോമസ് കെ. തോമസ് അറിയിച്ചു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുന്നണി മര്യാദ ലംഘിച്ച് വിമതരായി മത്സരിക്കുകയാണ് ഇരുവരും. അടൂര്‍ നഗരസഭ 17-ാം വാര്‍ഡിലാണ് എം. അലാവുദ്ദീന്‍ മത്സരിക്കുന്നത്.

നിലവിലുള്ള കൗണ്‍സിലില്‍ എന്‍.സി.പിയുടെ കൗണ്‍സിലറാണ് അലാവുദ്ദീന്‍. ചെന്നീര്‍ക്കര പഞ്ചായത്ത് അഞ്ചാം വാര്‍ഡായ പ്രക്കാനത്താണ് വിനോജ് തെന്നാടന്‍ മത്സരിക്കുന്നത്. നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് മത്സര രംഗത്തു നിന്നു മാറാനുള്ള നേതൃത്വത്തിന്റെ നിര്‍ദേശം ഇരുവരും ചെവിക്കൊണ്ടിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇവരെ നീക്കം ചെയ്തത്.

പാര്‍ട്ടിയില്‍ നിന്ന് പുറത്തായത് പോലെ ജനങ്ങളും ഇവരെ പുറത്താക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി എം.മുഹമ്മദ് സാലി പറഞ്ഞു. ഇപ്പോള്‍ പാര്‍ട്ടിയെയും മുന്നണിയെയും തള്ളിപ്പറഞ്ഞവര്‍ ആനുകൂല്യങ്ങള്‍ അനുഭവിച്ചവരാണെന്ന കാര്യം മറക്കരുത്. അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി പാര്‍ട്ടിയെയും ഇടതുപക്ഷ മുന്നണിയെയും വഞ്ചിച്ചവരെ ജനങ്ങള്‍ തിരിച്ചറിയുമെന്നും, വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് തിളക്കമാര്‍ന്ന വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.